ബാലേട്ടനില്‍ ആദ്യം നായകനായി പരിഗണിച്ചത് മോഹന്‍ലാലിനെ അല്ല! തുറന്നുപറഞ്ഞ് വിഎം വിനു
മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയമായ സിനിമകളിലൊന്നാണ് ബാലേട്ടന്‍. 2003ല്‍ വിഎം വിനുവിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.
ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു മോഹന്‍ലാലിന്റെ ബാലേട്ടന്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബാലേട്ടനില്‍ നായകനായി മോഹന്‍ലാലിനെയല്ല ആദ്യം പരിഗണിച്ചതെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

ടിഎ ഷാഹിദിന്റെ തിരക്കഥയിലാണ് സംവിധായകന്‍ വിഎം വിനു ഈ ചിത്രം ഒരുക്കിയത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ രസകരമായ നര്‍മ്മ മൂഹുര്‍ത്തങ്ങളും നിരവധി ഉണ്ടായിരുന്നു. നെടുമുടി വേണു മോഹന്‍ലാലിന്റെ അച്ഛനായി എത്തിയ ചിത്രത്തില്‍ ദേവയാനി ആയിരുന്നു നായിക. ജഗതി ശ്രീകുമാര്‍, ഹരീശ്രി അശോകന്‍, സുധീഷ് ഇന്നസെന്റ്, റിയാസ് ഖാന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ചവയായിരുന്നു. അരോമ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം മണി ആയിരുന്നു ബാലേട്ടന്‍ നിര്‍മ്മിച്ചത്. കുടുംബ പ്രേക്ഷകരായിരുന്നു ചിത്രത്തെ കൂടുതല്‍ ഏറ്റെടുത്തത്.

ചിത്രത്തില്‍ മോഹന്‍ലാലിനെയല്ല,മറ്റൊരു താരത്തെ ആയിരുന്നു നായകനായി ആലോച്ചിരുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഒരു അച്ഛനും മകനും തമ്മിലുളള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്പര്‍ശിയായ ഒരുപാട് മൂഹുര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുളള ശ്രമമായിരുന്നു.

തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു. തിരക്കഥയില്‍ ആരെയാണ് നടനായി മനസില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ജയറാമായാല്‍ കലക്കില്ലേ എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ എന്റെ മനസിലേക്ക് കടന്നുവന്ന നടന്റെ മുഖം മോഹന്‍ലാലിന്റെതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമ്മുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.വിഎം വിനു വെളിപ്പെടുത്തി.


Click it and Unblock the Notifications