'കഴിയാവുന്ന പരമാവധി സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്'; ആടുജീവിതം ടീമിനെ തേടിയെത്തിയ ആ ആശ്വാസ വാക്ക്!
പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ കാണാൻ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. വർഷങ്ങളോളമായി മറ്റൊരു സിനിമയും ചെയ്യാതെ ആടുജീവിതത്തിന് പിന്നാലെയാണ് ബ്ലെസി. പൃഥ്വിരാജും ഈ സിനിമയ്ക്ക് വേണ്ടി നിരവധി മേക്കോവറുകൾ ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന് ഒരു ദേശീയ പുരസ്കാരം പോലും ആടുജീവിതത്തിലൂടെ മലയാളികൾ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം 2024 ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും.
2008ൽ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസാണ് ഛായാഗ്രഹണം. ലോക്ക്ഡൗണ്‍ കാലത്ത് മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നും ആടുജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.
വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിങിനായി ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള സംഘം ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. അതോടെ ആടുജീവിതം സംഘത്തിന് മരുഭൂമിയിലെ ലൊക്കെഷനിൽ തന്നെ ദിവസങ്ങൾ കഴിഞ്ഞുകൂടേണ്ടി വന്നു. ആകെ 160 ദിവസമാണ് ചിത്രീകരണത്തിനായി എടുത്തത്.
ഏതാണ്ട് നാലര വർഷത്തോളമെടുത്ത് വിവിധ ഷെഡ്യൂളുകളായി ബ്രേക്ക് ചെയ്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ജോർദ്ദാനിൽ കുടുങ്ങിയ സമയം ആടുജീവിതം ക്രൂ മുഴുവന്‍ എങ്ങനെയാണ് കടന്നുപോയതെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കിട്ടിരുന്നു സിനിമയുടെ അണിയറപ്രവർത്തകർ. ആ സമയത്ത് സംഘത്തിലെ ചിലർ ഡിപ്രഷനിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായതായി അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

ജോർദ്ദാനിൽ ഒറ്റപ്പെട്ടുപോയ തന്റെ സഹപ്രവർത്തകർക്ക് ആദ്യം ആശ്വാസവാക്കുമായി എത്തിയത് മോഹൻലാൽ ആയിരുന്നു. കഴിയാവുന്ന പരമാവധി സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഒന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് ആടുജീവിതം ടീമിന് അയച്ച ശബ്ദ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞത്. പൃഥ്വിരാജും ബ്ലെസിയും മുഴുവൻ ആടുജീവിതം ടീമും മോഹൻലാലിന്റെ ശബ്ദസന്ദേശം കേൾക്കുന്ന വീഡിയോ വൈറലാണിപ്പോൾ.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ് ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം തുറന്നുകാട്ടുന്നതാണ് ആടുജീവിതത്തിന്റെ കഥാപരിസരം.


Click it and Unblock the Notifications