'മീനൂട്ടിയൊക്കെ ഇത് കണ്ട് ചിരിയോട് ചിരിയാണ്..., അവളത്ര മണ്ടിയൊന്നുമല്ല'; മൂത്ത മകൾ മീനാക്ഷിയെ കുറിച്ച് ദിലീപ്!
സിനിമയുടെ പ്രമോഷന്റെ ഭാഗമായും അല്ലാതെയും ടെലിവിഷൻ പരിപാടികളിൽ അതിഥിയായി എത്താറുള്ള നടനാണ് ദിലീപ്. വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷന്റെ ഭാഗമായി നിരവധി ടെലിവിഷൻ പരിപാടികളിൽ ദിലീപ് അതിഥിയായി എത്തിയിരുന്നു.
ദിലീപിനെ ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിലും അതിഥിയായി ക്ഷണിക്കുന്നതിനോട് ഒരു വിഭാഗത്തിന് എതിർപ്പുമുണ്ട്. കേസും വിവാദങ്ങളും താരത്തെ ചുറ്റിപറ്റിയുള്ളതിനാലാണ് ഒരു വിഭാഗം സോഷ്യൽമീഡിയ വഴി എതിർപ്പ് പ്രകടപ്പിക്കുന്നത്. ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഷോയായ സ്റ്റാർ മാജിക്കിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ദിലീപ് ആയിരുന്നു അതിഥി.
എപ്പിസോഡിന്റെ പ്രമോ പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വിഭാഗം വിമർശിച്ചിരുന്നു. എന്നാൽ ഒരു കലാകാരൻ എന്ന രീതിയിൽ ദിലീപിന്റെ പരിപാടികൾ തങ്ങൾ കാണും സപ്പോർട്ട് ചെയ്യും എന്ന നിലപാടായിരുന്നു അനുകൂലിക്കുന്നവർക്ക്. ടെലിവിഷനും ഇത്തരം പരിപാടികളും സജീവമാകും മുമ്പ് മലയാളികൾ ഓണക്കാലത്ത് ഏറെ ആഘോഷിച്ച് കേട്ടിട്ടുള്ള ഒന്നാണ് ദേ മാവേലി കൊമ്പത്ത് എന്ന പരിപാടി.

ഓണത്തിന് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വാങ്ങുന്ന കൂട്ടത്തില്‍ ദേ മാവേലി കൊമ്പത്തിന്റെ കാസറ്റും മലയാളികൾ മറക്കാതെ വാങ്ങുമായിരുന്നു. അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ ഒരാൾ ദിലീപായിരുന്നു. ഓണത്തോട് അനുബന്ധിച്ച് സ്റ്റാർ മാജിക്കിൽ പങ്കെടുത്ത് സംസാരിക്കവെ ദേ മാവേലി കൊമ്പത്ത് പരിപാടിയെ കുറിച്ചും തന്റെ മക്കളെ കുറിച്ചും ദിലീപ് ഷോയിലെ താരങ്ങളോട് മനസ് തുറന്നു.
ദേ മാവേലി കൊമ്പത്ത് കാസറ്റിനെക്കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയാണ്... 'അതിന് എന്നെ മാത്രം വഴക്ക് പറയരുത്. നാദിര്‍ഷയേയും പറയണം. പാതാളമെന്ന സ്ഥലത്താണ് നാദിര്‍ഷയുടെ വീട്. മാവേലില്‍ എന്നാണ് വീട്ടുപേര്. അതിലെ പാട്ടുകളൊക്കെ ചെയ്തിരുന്നത് നാദിര്‍ഷയായിരുന്നു.'
'സ്‌ക്രിപ്റ്റ് ചെയ്യലായിരുന്നു എന്റെ ജോലി. ആദ്യം ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, അതുകഴിഞ്ഞ് ദേ മാവേലി കൊമ്പത്ത് എന്നാക്കി. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പുട്ടുകച്ചവടം നന്നായി പോവുന്നുണ്ട്. ദിലീപ് ഹോസ്പിറ്റാലിറ്റി ആന്റ് എന്റര്‍ടെന്‍മെന്റ് എന്നാണ് ദേ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്', ദിലീപ് വിശദമാക്കി.
കൗണ്ടർ കിങാണ് ദിലീപ് എന്നതുകൊണ്ട് തന്നെ തങ്കച്ചനും അനുമോളുമെല്ലാം ദിലീപിനൊപ്പം പിടിച്ച് നിന്ന് കൗണ്ടറുകൾ പറഞ്ഞ് സ്കോർ ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ശബ്ദം അനുകരിച്ച അനുവിനോട് ഈ ശ്രമത്തിന് കൈയ്യടിയെന്നായിരുന്നു ദിലീപ് പറഞ്ഞത്.

തന്റെ വീട്ടിൽ എല്ലാവരും സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകരാണെന്നും ദിലീപ് പറഞ്ഞു. വീട്ടിലെല്ലാവരും സ്റ്റാര്‍ മാജിക്ക് കാണാറുണ്ട്. മീനൂട്ടിയൊക്കെ തങ്കച്ചനെ കണ്ടാല്‍ ചിരിയോട് ചിരിയാണ്. അവളെപ്പോഴും കയ്യടിക്കും എന്ന് ദിലീപ് പറഞ്ഞപ്പോൾ മീനാക്ഷിക്ക് എന്റെ വക ഹാപ്പി ഓണമെന്നായിരുന്നു തങ്കച്ചന്റെ മറുപടി.
ഉടൻ തന്നെ ബിനു അടിമാലിയുടെ കൗണ്ടറെത്തി. ഇത് കാര്‍ട്ടൂണ്‍ ചാനലാണെന്നായിരിക്കും മീനൂട്ടി കരുതിയതെന്ന് ബിനു അടിമാലി പറഞ്ഞത്. അതിനും ദിലീപിന് മറുപടി ഉണ്ടായിരുന്നു... അവളിപ്പോള്‍ വലിയ കുട്ടിയാണ്. അത്ര മണ്ടിയൊന്നുമല്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. കാവ്യയുടെ സ്വന്തം നാടായ കാസർഗോഡ് സ്വദേശിനിയായ ശ്രീവിദ്യ അതേ ശൈലിയിലായിരുന്നു ദിലീപിനോട് സംസാരിച്ചത്.
'കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തായിരുന്നു ഇവിടേക്ക് വന്നത്. നിങ്ങളുടെ പാട്ടൊക്കെ കേട്ടപ്പോള്‍ അതൊക്കെ കൈയ്യില്‍ നിന്നും പോയി. ഒരുപാട് ചിരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നെ ഈ ഷോയിലേക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഞാന്‍ ഇങ്ങോട്ടേക്ക് വന്നത്. എന്റെയൊരു ദിവസം നിങ്ങളെല്ലാം ചേര്‍ന്ന് മനോഹരമാക്കിത്തന്നാല്‍ എനിക്ക് സന്തോഷമല്ലേയെന്നാണ്', ദിലീപ് ഷോയിലെ താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ച് പറഞ്ഞത്.


Click it and Unblock the Notifications











