'കഥ കേൾക്കാൻ പോയ ഞാൻ ശത്രുഘ്നനായി, വീട്ടിൽ പോകാൻ അനുവാദം ചോദിക്കാൻ വന്നതാണ് മച്ചാൻ വർഗീസ്'; ദിലീപ്!
കോമഡി ജോണറില്‍ ദിലീപിനെപ്പോലെ ഇത്രയധികം ഹിറ്റ് സിനിമകള്‍ നല്‍കിയ മറ്റൊരു നടന്‍ മലയാള സിനിമയില്‍ വേറെയുണ്ടോയെന്ന് സംശയമാണ്. ദിലീപും റാഫിയും ഒന്നിച്ചപ്പോഴൊക്കെ പ്രേക്ഷകർക്ക് ചിരി മാത്രമെ തന്നിട്ടുള്ളൂ. തെങ്കാശിപ്പട്ടണം പോലുള്ള സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്.
ഒരിടവേളയ്ക്ക് ശേഷം ഒരു ദീലിപ് സിനിമ തിയേറ്റർ റിലീസിന് എത്താൻ പോവുകയാണ്. വോയ്സ് ഓഫ് സത്യനാഥൻ... 2019ൽ മൈ സാന്റയാണ് ഏറ്റവും അവസാനം തിയേറ്ററിൽ റിലീസ് ചെയ്ത ദിലീപ് സിനിമ. പിന്നീട് കേശു ഈ വീടിന്റെ നാഥൻ എന്നൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയെങ്കിലും അത് ഒടിടി റിലീസായിരുന്നു.
പൊതുവെ ദിലീപ് സിനിമ തിയേറ്ററിൽ വരുമ്പോൾ അത് ആസ്വദിക്കാൻ പോകുന്നത് തന്നെ കുടുംബപ്രേക്ഷകർക്ക് ആവേശമാണ്. വോയ്സ് ഓഫ് സത്യനാഥൻ റിലീസ് ചെയ്യുമ്പോൾ ജനപ്രിയനെ കാണാൻ മഴക്കാലം അവഗണിച്ചും സിനിമാപ്രേമികൾ എത്തുമെന്ന പ്രതീക്ഷ നടനുണ്ട്. വോയ്സ് ഓഫ് സത്യനാഥൻ ജൂലായ് 14ന് തിയേറ്ററുകളിലെത്തും.

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ഇന്ത്യയുടെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിച്ച സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. സാധരണക്കാരിൽ സാധരണക്കാരനായ ഒരു കഥാപാത്രമാണ് ദിലീപിന്റേത്.
സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ പ്രമോഷൻ തിരക്കിലാണ് താരം. കണ്ടന്റ് കൊണ്ട് നർമ്മം നിറഞ്ഞ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥനെന്നാണ് ദിലീപ് പറയുന്നത്. ഇപ്പോഴിതാ മാറ്റിനി ലൈവിന് നൽകിയ അഭിമുഖത്തിൽ റാഫിക്കൊപ്പം സിനിമകൾ ചെയ്തപ്പോഴുള്ള അനുഭവങ്ങൾ ദിലീപ് പങ്കുവെച്ചിരിക്കുകയാണ്.
തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രം താൻ ചോദിച്ച് വാങ്ങിയതാണെന്നും ദിലീപ് പറയുന്നു. ഇന്നും ദിലീപിന്റെ പത്ത് മികച്ച സിനിമകൾ എടുത്താൽ അതിൽ ഒന്നാമതായി തെങ്കാശിപ്പട്ടണമുണ്ടാകും. സുരേഷ് ഗോപി, ലാൽ, ദിലീപ് എന്നിങ്ങനെ മൂന്ന് ഹീറോകൾ ഒന്നിച്ച സിനിമ എന്നാണ് ഇന്നും മലയാളികൾ തെങ്കാശിപ്പട്ടണത്തെ വിശേഷിപ്പിക്കുന്നത്.
നായകനായി ശോഭിച്ച് തുടങ്ങിയ കാലത്താണ് എല്ലാവർക്കും ഇടയിൽ കിടന്ന് ജീവിക്കാൻ പാടുപെടുന്ന മാനേജർ വേഷം തെങ്കാശിപ്പട്ടണത്തില് ദിലീപ് ചെയ്തത്.

'റാഫിക്ക എന്റെ സഹോദരതുല്യനാണ്. എല്ലാ കാര്യങ്ങളിലും നർമ്മം കണ്ടെത്തുന്നയാളാണ്. റാഫിക്ക ഒരിക്കൽ എന്നെ കഥ കേൾക്കാൻ വിളിച്ചു. അദ്ദേഹം കഥ പറയുന്നത് കേട്ടിരിക്കാൻ രസമാണ്. ഡയലോഗ് അടക്കം പറഞ്ഞാണ് അദ്ദേഹം കഥ പറയുക. രണ്ട് ഹീറോസിന്റെ കഥയെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ലാലും സുരേഷ് ഗോപിയുമാണ് ഹീറോസ് എന്നും പറഞ്ഞിരുന്നു.'
'കഥ കേട്ടശേഷം ശത്രുഘ്നന്റെ വേഷം ആരാണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. ഒന്നും തീരുമാനിച്ചില്ലെന്നായിരുന്നു മറുപടി. ഉടൻ തന്നെ ഞാൻ ആ കഥാപാത്രം ചോദിച്ച് വാങ്ങി. അമ്പത് ദിവസത്തെ ഷൂട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.'
'ആ കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അയാളില്ലാതെ കഥ പോകില്ലെന്ന് എനിക്ക് മനസിലായിരുന്നു. അങ്ങനെയാണ് ഞാൻ ശത്രുഘ്നനായത്. ഒരോ സീൻ എടുക്കുമ്പോഴും ഇംപ്രവൈസേഷൻ നടക്കും. കാടിവെള്ളം കാവ്യയുടെ കയ്യിൽ നിന്നും വാങ്ങി തലയിൽ ഒഴിക്കുന്ന സീനിന്റെ ഷൂട്ട് നടക്കുമ്പോൾ വീട്ടിൽ പോകാൻ അനുവാദം ചോദിച്ച് വന്നതാണ് മച്ചാൻ വർഗീസ്.'
'ഉടനെ അദ്ദേഹത്തെ കൂടി സീനിൽ പിടിച്ചിട്ട് ഇംപ്രവൈസേഷൻ നടത്തി. ആ സീനിനൊക്കെ തിയേറ്ററിൽ ചിരിപ്പൂരമായിരുന്നുവെന്നും', പഴയ ഷൂട്ടിങ് ഓർമകൾ പൊടി തട്ടിയെടുത്ത് ദിലീപ് പറഞ്ഞു.


Click it and Unblock the Notifications











