മുപ്പത്തിയെട്ട് മണിക്കൂർ ഇടവേളയില്ലാതെ ഷൂട്ട് ചെയ്തു: ദീപിക വിവാദത്തിനിടെ വെളിപ്പെടുത്തലുമായി വാമിഖ
പ്രശസ്ത ബോളിവുഡ് താരം ദീപിക പദുകോൺ ഷൂട്ട് ചെയ്യാൻ എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് വലിയ വിവാദമാണ് ബോളിവുഡിൽ ഉണ്ടായത്. സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക ഇതിനോട് അനുകൂലിക്കാതെ വന്നപ്പോൾ, പ്രഭാസ് നായകവുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്നും ദീപിക പിൻവാങ്ങി. പിന്നാലെ, നടിയുടെ ആവശ്യം അൺപ്രൊഫെഷൽ ആണെന്ന് കാണിച്ച് സംവിധായകനും രംഗത്തെത്തി. തുടർന്ന്, ബോളിവുഡ് രണ്ടു ചേരിയായി തിരിയുകയും ചെയ്തു.
എന്നാൽ, ഇതിനിടെ താൻ മോഡേൺ ലവ് മുംബൈ. ജൂബിലി എന്നീ പ്രോജെക്റ്റുകളിൽ ജോലി ചെയ്തപ്പോൾ, മുപ്പത്തിയെട്ട് മണിക്കൂർ ഇടവേളയില്ലാതെ ഷൂട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി വാമിഖ ഗബ്ബി. നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിന്റെ അനാരോഗ്യകരമായ രീതികളിലേക്ക് വിരൽ ചൂണ്ടുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
കാരണം വെളിപ്പെടുത്തി വാമിഖ; പ്രതികരിച്ച് സോഷ്യൽ മീഡിയ
പുതുമുഖമായാലും, സീനിയർ താരമായാലും, തുടർച്ചയായി 38 മണിക്കൂർ ജോലി ചെയ്യുന്നത് ശാരീരികമായും മാനസികമായും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാം എന്നാണ് വലിയൊരു വിഭാഗം സോഷ്യൽ മീഡിയ പ്രേക്ഷകരുടെയും അഭിപ്രായം. ദീപിക പദുക്കോണിന്റെ 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യത്തെ തുടർന്ന് സന്ധീപ് റെഡ്ഡി വങ്കയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പശ്ചാത്തലത്തിൽ, വാമിഖയുടെ വെളിപ്പെടുത്തൽ പലർക്കും വലിയ അത്ഭുതമാണ് സമ്മാനിച്ചിരിക്കുന്നത്.

അടുത്തിടെ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ, ഇത്രയും നീണ്ട ഷിഫ്റ്റ് ഉണ്ടായിട്ടും താൻ എന്തുകൊണ്ട് ആശങ്കകൾ പ്രകടിപ്പിച്ചില്ലെന്ന് വമിഖ ഗബ്ബി വിശദീകരിച്ചു. "ഭൂരിഭാഗം സംവിധായകരും വ്യക്തിപരമായ പ്രശ്നങ്ങൾ മനസ്സിലാക്കുകയും, സെറ്റിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ, ഒരു ആർട്ടിസ്റ്റിന്റെ വ്യക്തിപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഷൂട്ടുകൾ വൈകിക്കുകയോ, റദ്ദാക്കുകയോ ചെയ്യാറുണ്ട്," നടി പറഞ്ഞു. "അത്തരം പ്രശ്നങ്ങൾ ഉള്ളവരെ പിന്തുണയ്ക്കുന്ന സംവിധായകരെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ ചില സെറ്റുകൾ മനുഷ്യരുടെ കഥകളാണ് പറയുന്നത്," വാമിഖ ഗബ്ബി കൂട്ടിച്ചേർത്തു.
മൗനം പാലിച്ചതിന് കാരണമുണ്ട്, വാമിഖ പറയുന്നു
ദീപിക പദുക്കോണിനെ പോലെയുള്ള പ്രമുഖ നടിമാർ ജോലി സമയം കൃത്യമായ ഷിഫ്റ്റുകളാക്കി കിട്ടാനായി പോരാടുമ്പോൾ, ഇത്രയും നീണ്ട സമയം ജോലി ചെയ്യേണ്ടി വന്നിട്ടും താൻ എന്തിന് മൗനം പാലിച്ചുവെന്ന് വാമിക ഗബ്ബി വെളിപ്പെടുത്തി. വിശാൽ ഭരദ്വാജിന്റെ മോഡേൺ ലവ് മുംബൈ, വിക്രമാദിത്യ മോട്‌വാനെയുടെ 'ജൂബിലി' എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവം നടന്നത്. ദീപികയുടേത് പോലെ വ്യക്തി ജീവിതത്തിൽ ശ്രദ്ധ ചെലുത്തേണ്ട ആവശ്യം തനിക്കിപ്പോൾ ഇല്ലെന്നും, തന്റെ പൂർണ്ണ ശ്രദ്ധ അഭിനയത്തിൽ മാത്രമാണെന്നുമാണ് ഗോദ നായിക പറയുന്നത്.

ഇതിനുമുൻപും അഭിനയിച്ചിട്ടുണ്ടെങ്കിലും, ഈ പ്രോജക്റ്റുകൾ വാമികയുടെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി മാറുകയും അവരെ വളർന്നുവരുന്ന താരമായി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞാൽ ജോലിഭാരം കുറയ്ക്കാൻ കഴിയുമായിരുന്നു എന്ന് അറിഞ്ഞിട്ടും, ഇത്രയും പ്രാധാന്യമുള്ള പ്രോജക്റ്റുകളിൽ തന്റെ കഴിവ് തെളിയിക്കാനുള്ള ആവേശത്തിൽ വാമിക മൗനം പാലിക്കാൻ തീരുമാനിക്കുകയായിരുന്നു.
"അത് മോഡേൺ ലവ് മുംബൈയുടെയും ജൂബിലിയുടെയും സമയത്തായിരുന്നു. ഞാൻ വിശാൽ സാറിനും വിക്രമാദിത്യ മോട്‌വാനെയ്ക്കും ഒപ്പം ഒരേ സമയം ഷൂട്ട് ചെയ്യുകയായിരുന്നു. വിശാൽ സാറിന്റെയും വിക്രം സാറിന്റെയും സെറ്റുകളിലേക്ക് മാറിമാറി ഓടിനടന്ന് അഭിനയിക്കുന്നതിൽ എനിക്ക് ആവേശം ഉണ്ടാകില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അവരോട് പറയാതിരുന്നതിന് കാരണം, എന്റെ ബുദ്ധിമുട്ട് അറിഞ്ഞാൽ അവർ എനിക്ക് വിശ്രമിക്കാൻ വേണ്ടി ഷൂട്ടിംഗ് ഷെഡ്യൂൾ ക്രമീകരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു," വാമിഖ പറയുന്നു.


Click it and Unblock the Notifications











