'ചേരേണ്ടവരേ ചേരാവൂ', വീഴ്ചയ്ക്ക് മട്ടാഞ്ചേരി ഗ്യാങ്ങിനെ കുറ്റപ്പെടുത്തണോ, ശരിക്കും നിവിൻ വീണതിന് പിന്നിൽ
സർവം മായ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് നിവിൻ പോളി നടത്തിയിരിക്കുന്നത്. ആരാധകർ കാണാനാഗ്രഹിച്ച നിവിനെ വർഷങ്ങൾക്ക് ശേഷം സിനിമയിൽ കണ്ടു. കരിയറിൽ വലിയ വീഴ്ചയാണ് നിവിൻ പോളിക്ക് നേരിടേണ്ടി വന്നത്. താരപദവിയിൽ നിന്നും ഒന്നിന് പിറകെ ഒന്നായി ബോക്സ് ഓഫീസ് പരാജയങ്ങളുമായി വീഴ്ച. എന്നാൽ ഇതേസമയം തന്നെ നിരൂപക പ്രശംസ നേടിയ സിനിമകൾ വന്നിരുന്നു. എന്നാൽ നിവിനിൽ നിന്നും ഇത്തരത്തിലുള്ള സിനിമകളല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.
ടൊവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയ നടൻമാരെല്ലാം കരിയറിൽ പല തവണ പരീക്ഷണങ്ങൾ നടത്തിയവരാണ്. ഇവരെ പ്രേക്ഷകർ സ്വീകരിച്ചു. എന്നാൽ നിവിനെ കൂടുതലും ജനപ്രിയ സിനിമകളിൽ കാണാനാണ് പ്രേക്ഷകർ ആഗ്രഹിച്ചത്. എന്ന് ആ ട്രാക്കിൽ നിന്നും മാറിയോ അന്ന് നിവിൻ പോളിയുടെ വീഴ്ചയും തുടങ്ങിയെന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും പറയുന്നത്.

ഇവർ ഇതിനുദാഹരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് മൂത്തോൻ, പടവെട്ട്, തുറമുഖം തുടങ്ങിയ സിനിമകളാണ്. നടനെന്ന നിലയിൽ തിളങ്ങാൻ കഴിയുന്ന റോളുകളായിരുന്നു ഈ സിനിമകളിലെങ്കിലും ബോക്സ്ഓഫീസിൽ പച്ച തൊട്ടില്ല. ഇതിനിടെ നിവിൻ വണ്ണം വെച്ചതും ചർച്ചയായി. നിവിന്റെ കരിയർ തകർത്തത് മട്ടാഞ്ചേരി ഗ്യാങ് ആണെന്നും ചേരേണ്ടവർ തമ്മിൽ ചേർന്നില്ലെങ്കിൽ ഇങ്ങനെയിരിക്കും എന്നൊക്കെയായിരുന്നു സംസാരങ്ങൾ.
എന്നാൽ നിവിന്റെ കരിയർ ഗ്രാഫെടുത്താൽ ഇത് മാത്രമല്ല വീഴ്ചയ്ക്ക് കാരണമായത്. മെയിൻ സ്ട്രീം സിനിമകൾ തെരഞ്ഞെടുത്തപ്പോഴും നിവിന് വീഴ്ച പറ്റിയിട്ടുണ്ട്. നിവിന്റെ ഏറ്റവും വലിയ ഫ്ലോപ്പുകളിലൊന്നാണ് മിഖായേൽ. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇദ്ദേഹം പിന്നീട് സംവിധാനം ചെയ്ത മാർക്കോ സൂപ്പർഹിറ്റാണ്.
കനകം മൂലം കാമിനി മൂലം ആണ് നിവിൻ നായകനായ മറ്റൊരു സിനിമ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ ഹിറ്റ് ചിത്രങ്ങളാെരുക്കിയ ഹരീഷ് ബാലകൃഷ്ണ പൊതുവാളായിരുന്നു സംവിധായകൻ. കനകം മൂലം കാമിനി മൂലം നിവിന്റെ കോമഡി ട്രാക്കിലുള്ള സിനിമയായിരുന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
എബ്രിഡ് ഷെെൻ സംവിധാനം ചെയ്ത് നിവിൻ നായകനായെത്തിയ അടുത്ത ചിത്രമാണ് മഹാവീര്യർ. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് സിനിമകൾ നിവിന് നൽകിയ സംവിധായകനാണ് എബ്രിഡ് ഷെെൻ. പക്ഷെ മഹാവീര്യർ പരാജയപ്പെട്ടു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സിനിമയാണ് സാറ്റർഡേ നെെറ്റ്. പഴയ നിവിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമം ഈ ചിത്രത്തിൽ കാണാം. പക്ഷെ സാറ്റർഡേ നെെറ്റ് പരാജയപ്പെട്ടു. രാമചന്ദ്ര ബോസ് & കോ ആണ് ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിച്ച അടുത്ത ചിത്രം. ഈ സിനിമയും പരാജയപ്പെട്ടു.


Click it and Unblock the Notifications











