നാഗ ചൈതന്യക്ക് മറ്റൊരു സഹോദരനും, കോടികൾ ആസ്തിയുള്ള രണ്ടാനച്ഛൻ; താര കുടുംബത്തെക്കുറിച്ച് റിപ്പോർട്ട്
കഴിഞ്ഞ ദിവസമാണ് നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചൈതന്യ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്. അക്കിനേനി, ദഗുബതി കുടുംബത്തിലെ അംഗങ്ങളെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തു. നാഗ ചൈതന്യയുടെ അച്ഛന്റെ കുടുംബമാണ് അക്കിനേനി. ദഗുബതി കുടുംബം അമ്മയുടേതും.
രണ്ട് കുടുംബങ്ങളും സിനിമാ ലോകത്തെ പ്രബലരാണ്. നാഗ ചൈതന്യയുടെ അച്ഛൻ നാഗാർജുനയും അമ്മ ലക്ഷ്മി ദഗുബതിയും വർഷങ്ങൾക്ക് മുമ്പേ വേർപിരിഞ്ഞതാണ്. അന്ന് നാഗ ചൈതന്യ ചെറിയ കുട്ടിയാണ്. അമ്മയോടൊപ്പം ചെന്നെെയിലാണ് തന്റെ പഠന കാലത്ത് ചൈതന്യയുണ്ടായിരുന്നത്. അച്ഛനെ കാണാൻ ഇടയ്ക്കിടെ വരുമായിരുന്നു. പിരിഞ്ഞെങ്കിലും മകന്റെ കാര്യത്തിൽ ഇവർ ശ്രദ്ധ നൽകി.

അതേസമയം രണ്ട് പേരും രണ്ട് ജീവിതത്തിലേക്ക് കടന്നു. നടി അമല അക്കിനേനിയെയാണ് നാഗാർജുന വിവാഹം ചെയ്തത്. ഇരുവർക്കും അഖിൽ അക്കിനേനി എന്ന മകനും പിറന്നു. മറുവശത്ത് ലക്ഷ്മി ദഗുബതി നാഗ ചൈതന്യ കുറച്ച് വളർന്ന ശേഷം ബിസിനസുകാരൻ ശരത് വിജയരാഘവനെ ലക്ഷ്മി വിവാഹം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ഇവർക്കൊരു മകനുമുണ്ട്.
അർദ്ധ സഹോദരൻമാർ രണ്ട് പേരുമായും നല്ല ബന്ധം നാഗ ചൈതന്യക്കുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സുന്ദരം മോട്ടോർസിന്റെ ബിസിനസ് എക്സിക്യൂട്ടീവ് ആയ ശരത് വിജയരാഘവന് 244 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം. ശരത് വിജയരാഘവുമായുള്ള വിവാഹ ശേഷം ലക്ഷ്മി ഇദ്ദേഹത്തോടൊപ്പം യുഎസിലേക്ക് പോയി. ഇന്റീരിയർ ഡിസൈനറായ ലക്ഷ്മിക്ക് ലക്ഷ്മി ഇന്റീരിയർസ് എന്ന കമ്പനിയുമുണ്ട്.

നേരത്തെ നാഗ ചൈതന്യയും അമ്മ ലക്ഷ്മിയും തമ്മിൽ അകൽച്ചയുണ്ടെന്നും ലക്ഷ്മിയുടെ രണ്ടാം വിവാഹമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നാഗ ചൈതന്യ ഈ അഭ്യൂഹങ്ങൾ തള്ളി. സിനിമാ തിരക്കുകൾ കാരണമാണ് താൻ ഹൈദരാബാദിൽ നിൽക്കുന്നത്. വെക്കേഷനും മറ്റും യുഎസിൽ അമ്മയ്ക്കരികിലേക്ക് പോകാറുണ്ടെന്നും നാഗ ചൈതന്യ അന്ന് വ്യക്തമാക്കി.
നാഗ ചൈതന്യയുടെ വിവാഹത്തിന് സജീവമായി ലക്ഷ്മിയും ശരത് വിജയരാഘവനും മകനുമുണ്ടായിരുന്നു. നടൻ വെങ്കിടേശിന്റെ സഹോദരിയാണ് ലക്ഷ്മി ദഗുബതി. വേർപിരിഞ്ഞെങ്കിലും ലക്ഷ്മിയും നാഗാർജുനയും തമ്മിൽ അസ്വാരസ്യങ്ങളില്ലെന്നാണ് ഫോട്ടോകൾ നൽകുന്ന സൂചന. മകന്റെ വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമെല്ലാം രണ്ട് പേരും ഒരുമിച്ച് എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു.
1990 ലാണ് ലക്ഷ്മി ദഗുബതിയും നാഗാർജുനയും പിരിഞ്ഞത്. 1992 ൽ നാഗാർജുന അമലയെ വിവാഹം ചെയ്തു. നാഗാർജുന സിനിമാ കരിയറിലേക്ക് ശ്രദ്ധ കൊടുത്തതാണ് ലക്ഷ്മിയുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചതെന്നാണ് അന്ന് വന്ന വാദങ്ങൾ. താരം ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. നാഗ ചൈതന്യക്ക് പിന്നാലെ അക്കിനേനി കുടുംബത്തിലെ അടുത്ത വിവാഹം അഖിൽ അക്കിനേനിയുടേതാണ്. അടുത്ത വർഷമായിരിക്കും അഖിലിന്റെ വിവാഹം. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയം നടന്നത്.


Click it and Unblock the Notifications