അത്തരം മെറ്റീരിയൽ കാണുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല, ഗീതുവിനെതിരെ പ്രതികരിച്ചോ?; ഡബ്ല്യുസിസി അംഗം പറയുന്നു
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമയുടെ ടീസർ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലുണ്ടായ ചർച്ചകൾ ചെറുതല്ല. യാഷിനെ നായകനാക്കി ഗീതു ചെയ്യുന്ന സിനിമയാണ് ടോക്സിക്ക്. ടീസറിൽ സ്ത്രീ വിരുദ്ധ സീനുകൾ ഉണ്ടെന്ന വാദം വന്നു. ബാർ ഡാൻസും ഒരു സ്ത്രീയുടെ തലയിൽക്കൂടെ മദ്യമാെഴിക്കുന്ന സീനും ടോക്സിക്കിലുണ്ട്. ഗീതുവിനെതിരെ ആദ്യം വിമർശനം ഉന്നയിച്ചത് കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കറാണ്.
കസബയിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് പറയാൻ പാർവതി തിരുവോത്തിനെ പ്രോത്സാഹിപ്പിച്ച ഗീതു സംസ്ഥാനം കടന്നപ്പോൾ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി എന്നായിരുന്നു പേരെടുത്ത് പറയാതെ നിതിൻ രഞ്ജി പണിക്കർ വിമർശിച്ചത്. സിനിമകളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഡബ്ല്യുസിസിയിലെ അംഗമാണ് ഗീതു മോഹൻദാസ്. തുടക്കം മുതൽ സംഘടനയ്ക്കൊപ്പം നിന്നയാൾ. കസബയെ ശക്തമായി വിമർശിച്ച നടിമാർ ഡബ്ല്യുസിസിയിലുണ്ട്.

എന്നാൽ ഇവരാരും ടോക്സിക്കിനെ വിമർശിക്കുന്നില്ലെന്ന വാദം സോഷ്യൽ മീഡിയയിൽ വരുന്നു. ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് ഡബ്ല്യുസിസി. സംഘടനയിലെ അംഗമായ ഫിലിം മേക്കർ മിറിയം ജോസഫ് ആണ് വിഷയത്തിൽ പ്രതികരിച്ചത്. ഞങ്ങൾ പ്രതികരിച്ചോ ഇല്ലയോ എന്ന് നിങ്ങൾക്കറിയില്ല. ഞങ്ങൾ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഡയറിയെടുത്ത് പോയി അത് മുഴുവനും പത്രക്കാർക്ക് കൊടുക്കാറില്ല. ഞങ്ങൾ ഗ്രൂപ്പിനകത്ത് പല ചർച്ചകളും നടത്തുന്നുണ്ട്.
ഗീതു മോഹൻദാസ് ഇപ്പോഴും ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട അംഗം തന്നെയാണ്. ടോക്സിക് സിനിമയുണ്ടാക്കുന്നതിന്റെ തിരക്കിലാണ്. ഞങ്ങൾ പൊലീസുകാരല്ല. എല്ലാവരെയും പൊലീസ് ചെയ്യാൻ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി. അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിറ്റ് മെറ്റീരിയൽ കാണുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല. അത് ഞങ്ങൾക്ക് ഗീതുവിനോട് പറയണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിനകത്ത് പറയും. അതുകൊണ്ടാണ് ഞങ്ങളൊരു ഗ്രൂപ്പായത്.

നിങ്ങൾ എഎംഎംഎ സംഘടനയോട് പോയി നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങളോട് പറയാത്തതെന്താണ്, നിങ്ങളെന്താണ് അവിടെ ചെയ്യുന്നതെന്ന് ചോദിക്കാറുണ്ടോ. ഈയൊരു ചോദ്യം എന്തുകൊണ്ട് ഡബ്ല്യുസിസിയോട് മാത്രം ചോദിക്കുന്നു. ഗീതു മോഹൻദാസ് മാത്രമല്ലല്ലോ സെക്സിറ്റ് ട്രെയിലർ ഉണ്ടാക്കിയത്. പുരുഷൻമാരും ഉണ്ടാക്കുന്നില്ലേ. അവരോട് ചോദിക്കാറില്ലല്ലോയെന്നും മിറിയംജോസഫ് തുറന്നടിച്ചു. ഞങ്ങളാരും പുണ്യാളൻമാരോ പുണ്യാളത്തിമാരോ അല്ല. എല്ലാവരെയും പോലെ സാധാരണ ഫിലിം വർക്കേർസ് ആണ്.
പക്ഷെ ചില നിലപാടുകളിൽ മാറ്റം വരുത്തണം. നിങ്ങളെന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾ ഇവിടെത്തന്നെ കാണുമെന്നും മിറിയം ജോസഫ് വ്യക്തമാക്കി. ഏപ്രിൽ മാസത്തിലാണ് ടോക്സിക് റിലീസ് ചെയ്യുന്നത്. യാഷിനൊപ്പം നയൻതാരയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഗീതു ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂത്തോന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന സിനിമയാണ് ടോക്സിക്ക്. സൂപ്പർതാരം യാഷ് നായകനായെത്തുന്ന സിനിമയിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്.


Click it and Unblock the Notifications











