നെഞ്ചിടിപ്പ് കൂട്ടിയ നിമിഷങ്ങളായിരുന്നു! ഞങ്ങള്‍ ആഗ്രഹിച്ച വിധി! ദിലീപിനെക്കുറിച്ച് ആരാധകര്‍
എട്ടര വര്‍ഷമായി ദിലീപ് കാത്തിരുന്ന ആ വിധി പുറത്തുവന്നിരിക്കുകയാണ്. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ ദിലീപിനെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് ശിക്ഷിച്ചിട്ടുള്ളത്. ദിലീപിന്റെ വിധി എന്താണെന്നറിയാനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കോടതിക്ക് പുറത്ത് ഫാന്‍സ് പ്രവര്‍ത്തകരും അക്ഷമരായി കാത്തിരിക്കുന്നുണ്ടായിരുന്നു. ആര്‍പ്പുവിളികളോടെയായിരുന്നു അവര്‍ വിധി പ്രസ്താവന കേട്ടത്. സിനിമാലോകത്തുള്ളവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്.
ദിലീപിന് നീതി കിട്ടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.സർവ്വശക്തനായ ദൈവത്തിന് നന്ദി. ദൈവത്തിന്റെ കോടതിയിലും, മനുഷ്യരുടെ കോടതിയിലും ഇരയാകപ്പെട്ടവന് നീതി കിട്ടി.ആൾക്കൂട്ട വിചാരണകളിലും, മാധ്യമ വിചാരണകളിലും ഒരുപാട് ക്രൂശിക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. തന്റെ മേൽ ചുമത്തപ്പെട്ട ആരോപണത്തിൽ, താൻ കുറ്റക്കാരനല്ലാത്തതിനാൽ കേസിൽ കഴിഞ്ഞ എട്ടര വർഷം പോരാടി നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടാതെയും തന്റെ നിരപരാധിത്വം തെളിയിച്ച ദിലീപേട്ടന് അഭിനന്ദനങ്ങൾ.

ചില മാന്യന്മാർ കുറ്റം ചെയ്തിട്ട് മുൻകൂർ ജാമ്യം എടുത്ത് മുങ്ങും പോലെ അദ്ദേഹം ചെയ്തിട്ടില്ല. ഈ നിമിഷം വരെ പോരാടി. ഇത്രയും വർഷം കേസിന്റെ പിറകെ നടന്നവർക്ക് അയാൾക്കെതിരെ എന്ത് തെളിവാണ് കിട്ടിയത്? അയാളെ കുടുക്കിയവർക്ക് ഒക്കെ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ കിട്ടട്ടെ. ദൈവം അദ്ദേഹത്തോടൊപ്പമാണ്. അതുകൊണ്ട്, ആയിരിക്കുമല്ലോ കൊത്തിയ വിഷപാമ്പുകളെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചത്. കുറ്റം പറഞ്ഞ നാവുകൊണ്ട് തന്നെ ചാനൽ മഹാന്മാർക്ക് " ദിലീപ് നിരപരാധി " എന്ന് പറയേണ്ടി വന്നത്.
എല്ലാം തുടങ്ങിട്ടെ ഉള്ളൂ. ശരിക്കും ഇനിയാണ് അയാളുടെ യഥാർത്ഥ കഥ ആരംഭിക്കുന്നത്. പഴയ ഭരണങ്ങൾ പിടിച്ചുകൊണ്ട് അദ്ദേഹം മുന്നേറും. "ജനപ്രിയ നായകൻ" സിനിമയിൽ ഇനിയും "തുടരും" തുടർന്നുകൊണ്ടേ ഇരിക്കും. അദ്ദേഹത്തിന്റെ സന്തോഷത്തിലും, സങ്കടത്തിലും കൂടെ നിന്നതുപോലെ ഇനിയും ഒപ്പം ഉണ്ടാകും എന്നായിരുന്നു ദിലീപ് ഫാൻസ് ഗ്രൂപ്പിൽ വന്ന കുറിപ്പ്. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ഇന്നത്തെ ദിവസത്തിനായി. ഇങ്ങനെയൊരു കാര്യമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ദിലീപിനോടുള്ള സ്‌നേഹം അറിയിച്ചുള്ള പോസ്റ്റുകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications