»   » വേണം നമുക്ക് സ്‌നേഹമുള്ള കുടുംബസിനിമകള്‍

വേണം നമുക്ക് സ്‌നേഹമുള്ള കുടുംബസിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Movie
യുവസൗഹൃദങ്ങളുടെ ബഹുസ്വരതയില്‍ ഉടലെടുക്കുന്ന സിനിമകള്‍ക്കൊപ്പം കുടുംബബന്ധത്തിന്റെ സ്‌നേഹവും സൗന്ദര്യവും പ്രധാനം ചെയ്യുന്ന സിനിമകള്‍ അനിവാര്യമായിരിക്കുന്നു മലയാളത്തില്‍.

എം. ടി, ലോഹിതദാസ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ സിനിമയില്‍ വളര്‍ത്തിയെടുത്ത ഗ്രാമ സൗന്ദര്യവും കുടുംബങ്ങളിലെ സ്‌നേഹസാന്ദ്രമായ സഹവര്‍ത്തിത്വവും മലയാളസിനിമ വരും നാളുകളില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ പുനാരാവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു മാറിവരുന്നരുചിഭേദങ്ങളോടെ.

മലയാളത്തിലെ പ്രശസ്ത അഭിനേത്രി ബിന്ദു പണിക്കര്‍ പങ്കുവെച്ച ഉത്കണ്ഠ ചിന്തയ്ക്കുവിധേയമാക്കേണ്ടതാണ്. കുടുംബബന്ധങ്ങളുടെ കഥപറയുന്ന സിനിമകള്‍ ഉണ്ടാവുന്നില്ലായെന്നും പുതിയ തലമുറയുടെ സിനിമകളില്‍ അഛനും അമ്മയുമൊന്നുമില്ലേയെന്നും അവര്‍ പറയുന്നതും ചോദിക്കുന്നതും തങ്ങളെപോലുള്ളവര്‍ക്ക് പുതിയസിനിമകളില്‍ അവസരങ്ങള്‍ കുറയുന്നതിലുള്ള ആശങ്കമാത്രമാണെന്ന് തോന്നുന്നില്ല.

ലോഹിതദാസിന്റെ സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവര്‍ സാധാരണ ജീവിതത്തില്‍ നമുക്കുചുറ്റും കാണുന്ന കഥാപാത്രങ്ങളുടെ പ്രതിനിധിതന്നെയായിരുന്നു. അവയെല്ലാം ജനഹൃദയങ്ങളില്‍ തൊട്ടതും അതുകൊണ്ടുതന്നെയാണ്.

കവിയൂര്‍ പൊന്നമ്മയെപോലുള്ള സീനിയര്‍ ആര്‍ട്ടിസ്‌റ് മലയാളസിനിമയില്‍ അന്യംനിന്നുപോകുന്ന അമ്മമാരേയും മുത്തശ്ശിമാരേയും കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരുന്നു. മലയാളസിനിമയുടെ വളര്‍ച്ചാവികാസങ്ങളില്‍ വ്യതിരിക്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ജീവിച്ച ഒട്ടേറെ ആര്‍ട്ടിസ്റ്റുകള്‍ പുതിയ സിനിമകളില്‍ അപ്രസക്തരായിതീരുന്നു എന്നതും സത്യമാണ്.

കുടുംബം എന്ന വലിയസത്യത്തെ ശക്തിയെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാനാവാത്തതിന്റെ ദൗര്‍ബല്ല്യങ്ങളെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നതിന് ഇന്ന് നമ്മള്‍ സാക്ഷികളാണ്. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാവുകയും മണ്ണില്‍ നിന്ന് ഫ്‌ളാറ്റ് സംസാക്കാരത്തിലേക്ക് കൂടിയേറുകയും ചെയ്തതോടെ നഷ്ടപെട്ടുപോയ ഒരുപാട് മൂല്യങ്ങളുണ്ട് അതില്‍ ഏറ്റവും പ്രധാനമാണ് കുടുംബബന്ധങ്ങളിലെ മൈത്രി.

ജനകീയകലാരൂപമായ സിനിമയ്ക്ക് ദോഷകരമായ ഛോദനകളെ പ്രമോട്ട് ചെയ്യപ്പെടാനാവുന്നതുപോലെ ഗുണപരമായകാര്യങ്ങളിലും സ്വാധീനിക്കാനാവും. പുതിയതലമുറയുടെ സിനിമകളില്‍ ഒരുപക്ഷേ കാര്യമായ തകരാറ് പലരും കാണുന്നത് മാറിവരുന്ന ചിന്തയുടെ സ്വതന്ത്ര പരിഛേദങ്ങളാവാം.

സ്വതന്ത്രമായ ആവിഷ്‌ക്കാരമാണ് കലയെന്ന് പറയുമ്പോഴും സമൂഹത്തിന്റെ ചില ബാലന്‍സുകള്‍ സംരംക്ഷിക്കുന്നതില്‍ പ്രസക്തമായ പങ്കുവഹിക്കാന്‍കൂടി സാധിക്കുന്നതായിരിക്കണം. സിനിമയ്ക്ക് ഒരുപരിധിവരെ അത് സാധിക്കും, നഷ്ടപ്പെട്ടുതുടങ്ങിയ കുടുംബബന്ധങ്ങളുടെ താളാത്മകത, അഭൗമമായ സുകൃതം തിരിച്ചുപിടിക്കാന്‍ പര്യാപ്തമായ സിനിമകള്‍ നമുക്ക് വേണ്ടിയിരിക്കുന്നു.

സ്ത്രീ വീടിന്റെ വിളക്കാണെന്ന് പടിപ്പിച്ച ഒരു സംസ്‌ക്കാരത്തിന്റെ ഉള്‍ക്കണ്ണില്‍ പോറലുകള്‍ വീണുതുടങ്ങുമ്പോള്‍ അത് തിരിച്ചറിയാതെപോയാല്‍ ആ വിളക്കണഞ്ഞുപോകും. മുത്തശ്ശി, അമ്മ, പെങ്ങള്‍, ഭാര്യ, കൂട്ടുകാരി, കാമുകി സ്ത്രീയെ ഇങ്ങനെയൊക്കെ നോക്കി കണ്ട സമൂഹം മാംസനിബന്ധിതമായ ഒരു ശരീരം മാത്രമായി അവളെ കാണാന്‍ തുടങ്ങുമ്പോള്‍ സമൂഹത്തിന്റെ സാംസ്‌ക്കാരികബോധം കലഹിക്കാന്‍ താമസിച്ചുകൂടാ, അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ നമ്മുടെ സിനിമകള്‍ക്കും കരുത്തുണ്ടാവട്ടെ.

മലയാളസിനിമയുടെ കരുത്തുറ്റ ഒരു വര്‍ഷമാവട്ടെ നമുക്കായി കാത്തിരിക്കുന്നത്. പ്രതീക്ഷാനിര്‍ഭരമായ പുതുവര്‍ഷാശംസകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam