ലാലിനെ അന്നേ അറിയാം! അദ്ദേഹത്തിന്റെ തമാശകളില്‍ ചിലത് പുറത്തുപറയാന്‍ പറ്റില്ല! സന്തോഷിന്റെ വാക്കുകൾ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധിക്കപ്പെട്ട സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു. മോഹനിയാട്ടം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അടൂര്‍ ഏനാത്ത് എംസി റോഡില്‍ പുതുശ്ശേരി ഭാഗത്ത് വെച്ചായിരുന്നു അപകടം. സന്തോഷ് കെ നായര്‍ സഞ്ചരിച്ച ഇന്നോവ മറ്റൊരു ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സന്തോഷ് നായരുടെ ഭാര്യ രാജലക്ഷ്മിയുടെ പരിക്ക് ഗുരുതരമാണെന്നുള്ള വിവരങ്ങളുമാണ് പുറത്തുവന്നത്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും, മോഹന്‍ലാലുമായുള്ള ഫ്രണ്ട്ഷിപ്പിനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള സന്തോഷ് നായരുടെ അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മോഹന്‍ലാലിന്റെ കൂടെ കട്ടയ്ക്ക് നില്‍ക്കുന്നത് കാണാനാണ് ഇഷ്ടമെന്നൊക്കെയാണ് ആളുകള്‍ പറയാറുള്ളത്. എപ്പോഴും അങ്ങനെ നില്‍ക്കാനാവുമോ, ഒരേ ടീം തന്നെ ഇങ്ങനെ വര്‍ക്ക് ചെയ്യുക എന്ന് പറഞ്ഞാല്‍ മാറ്റം വരണ്ടേ. ഇന്ന് ഇഷ്ടം പോലെ ആര്‍ടിസ്റ്റുകളും ഓപ്ഷനുകളുമുണ്ടല്ലോ. വേഷം മോശമായി തുടങ്ങിയപ്പോള്‍ മനസില്‍ വിഷമം തോന്നിയിട്ടുണ്ട്. കഥ പറയുന്ന വേഷമായിരിക്കില്ല ചെല്ലുമ്പോള്‍ കിട്ടുന്നത്. പുറമെ നിന്ന് വില്ലനുണ്ടെങ്കില്‍ നമ്മള്‍ അവരുടെ കീഴില്‍ നിന്ന് ചെയ്യുന്ന പോലത്തെ അവസ്ഥ. തുടക്കത്തിലൊക്കെ നമുക്കത് സുഖമായിട്ട് തോന്നും. കാശ് കിട്ടുമല്ലോ. അതൊക്കെ കഴിഞ്ഞ് നമുക്ക് നമ്മുടേതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നും. അപ്പോഴാണ് ഇതില്‍ പ്രശ്‌നം വരുന്നത്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മറ്റൊരാളുടെ മുന്നില്‍ ചെയ്യുന്നു എന്ന തോന്നല്‍ വരാറില്ല. ഞങ്ങള്‍ ഒരേ കാലഘട്ടത്തില്‍ എംജി കോളേജില്‍ പഠിച്ചവരാണ്. ലാല്‍ കൊമേഴ്‌സായിരുന്നു. ഞാന്‍ മാത്‌സും. അന്ന് മുതലേ അറിയാം. പാര്‍ട്ടി കളിച്ച് നടക്കുന്ന ടൈം മുതല്‍. ഞാന്‍ എഡിറ്ററായിരുന്നു അവിടെ. ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ഇടയ്ക്ക് ചില മുറകളൊക്കെ കാണിച്ച് കൊടുത്തപ്പോള്‍ നീയും എംജി കോളേജിലായിരുന്നോ പഠിച്ചത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സ്വഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ലാലിനെക്കുറിച്ചായിരുന്നു പറഞ്ഞത്. ഒരിടത്തും അടങ്ങി നില്‍ക്കാതെ, കോളേജ് മുഴുവനും ഓടി നടക്കുമായിരുന്നു ലാല്‍. ഒത്തിരി തമാശകളുണ്ട്. കുറെയൊക്കെ പുറത്തുപറയാന്‍ പറ്റും. ചിലതൊന്നും പറയാന്‍ പറ്റില്ല. ഇന്നത്തെ തലമുറയ്ക്ക് ചെയ്യാന്‍ പാടില്ലാത്തത് നമ്മളൊരിക്കലും പറഞ്ഞ് കൊടുക്കാന്‍ പാടില്ലല്ലോ.
അന്ന് ഇതുപോലെ ഫോണ്‍ ക്യാമറയൊന്നുമില്ലായിരുന്നല്ലോ. പ്രൈവസിയുണ്ടായിരുന്നു. അവിടെ കോളേജിലെ തെങ്ങിലെ കരിക്കൊക്കെ കുടിക്കുന്നത് ഞങ്ങള്‍ തന്നെയായിരുന്നു. അവസാനം ഹാള്‍ടിക്കറ്റ് കിട്ടാന്‍ ഒരു ഫൈനും കൂടി കൊടുക്കണമെന്ന് മാത്രം. 'യുവജനോത്സവ'ത്തില്‍ കാണിച്ച രംഗങ്ങളൊക്കെ ഞങ്ങളുടെ ലൈഫിലുണ്ടായതാണ്. 'വിഷ്ണുലോക'ത്തിലെ ടയര്‍ കത്തുന്ന രംഗത്തില്‍ ലാല്‍ ശരിക്കും പുകഞ്ഞുപോയിരുന്നു. ലാലിന്റെ ഫ്രയിം വലുതല്ലേ, തോര്‍ത്തില്‍ വെള്ളം കോരി പുറത്തിറങ്ങനെ തട്ടുകയായിരുന്നു. മാറണോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല. രണ്ട് ഷോട്ടല്ലേ എന്നായിരുന്നു പറഞ്ഞത്. രോമമൊക്കെ കത്തുന്ന മണം വന്നിരുന്നു. എന്നാലും നോ പറഞ്ഞില്ല അദ്ദേഹം. പിന്നെ റൂമില്‍ പോയി കുളിച്ച് എസിയില്‍ വിശ്രമിക്കുകയായിരുന്നു.
പരിക്ക് പറ്റിയാലും അന്ന് സാഹസിക രംഗങ്ങള്‍ ചെയ്യുമായിരുന്നു. അവരെന്ത് ചെയ്യാന്‍ പറഞ്ഞാലും വിസമ്മതിക്കാറില്ല. വേദനയൊക്കെയായിരിക്കും. എന്നാലും ചെയ്യും. ഞങ്ങളുടെ കാലത്ത് വന്നവരെല്ലാം ഇതുപോലെയായിരുന്നു. നീന്താനറിയാതെ കടലില്‍ ചാടിയിട്ടുണ്ട്. അവരെന്തായാലും വലിച്ചെടുക്കുമല്ലോ എന്നോര്‍ത്തങ്ങ് ചാടും. സാഹസിക രംഗങ്ങള്‍ ചെയ്യുന്നതിനിടയിലുണ്ടായ പരിക്കിനെക്കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചിരുന്നു.


Click it and Unblock the Notifications