പൃഥിരാജിന്റെ ബോഡി ലാംഗ്വേജ് മാറി; ആ സിനിമ നടക്കാത്തതിന് കാരണം; മഞ്ജുവിന്റെ സിനിമയ്ക്കും സംഭവിച്ചത്; എകെ സാജൻ
തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് എകെ സാജൻ. ചിന്താമണി കൊലക്കേസ്, ക്രെെം ഫയൽ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയത് എകെ സാജനാണ്. പുതിയ നിയമം ഉൾപ്പെടെയുള്ള സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. പുലിമടയാണ് എകെ സാജന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും എകെ സാജൻ തന്നെയാണ്.
കരിയറിൽ എകെ സാജന്റെ നടക്കാതെ പോയ ഒരുപടി സിനിമകളുണ്ട്. ഇതിലൊന്നാണ് ഇദ്ദേഹം തിരക്കഥയെഴുതിയ രഘുപതി രാഘവ രാജാറാം. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ പൃഥിരാജായിരുന്നു നായകൻ. മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ പൃഥിരാജ് അവതരിപ്പിക്കാനിരുന്നത്. റിമ കല്ലിങ്കൽ, സംവൃത സുനിൽ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ എകെ സാജൻ.

നിർമാതാവിന് സാമ്പത്തിക ബുദ്ധിമുട്ട് വന്നതാണ് സിനിമ മുടങ്ങാൻ കാരണമെന്ന് ഇദ്ദേഹം പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. എനിക്ക് ഇഷ്ടപ്പെട്ട തിരക്കഥയായിരുന്നു അത്. ഒരേ സമയം മൂന്ന് നഗരത്തിൽ ഒരേ മുഖഛായയുള്ള മൂന്ന് ചെറുപ്പക്കാർ. ഒരാൾ കാസർകോഡ്, ഒരാൾ കൊച്ചി, ഒരാൾ തിരുവനന്തപുരത്തും. ഒരു നടൻ ചെയ്യുന്നു എന്നേയുള്ളൂ. മൂന്ന് കഥകൾ അവസാനം കൂട്ടിമുട്ടിക്കുന്നു. ചില വിധികൾ നമ്മൾ ആഗ്രഹിക്കുന്നത് പോലെയല്ല നടക്കുക. നിർമാതാവിന് സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.
പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. മറ്റൊരാളെ ഏൽപ്പിക്കാനും പറ്റിയില്ല. കാരണം അയാളതിൽ ഒരുപാട് ഇൻവെസ്റ്റ് ചെയ്തിരുന്നു. അയാൾക്ക് പൈസ കൊടുത്തിട്ട് വാങ്ങണം. ആകെ കുഴഞ്ഞപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഇനിയാ സിനിമ വീണ്ടും ചെയ്യാൻ പറ്റില്ലെന്നും എകെ സാജൻ വ്യക്തമാക്കി. പൃഥിരാജിന്റെ ബോഡി ലാംഗ്വേജ് തന്നെ മാറിപ്പോയി. പത്ത് വർഷത്തോളമായി. റിമ കല്ലിങ്കലിന്റെ മൂന്നാമത്തെയോ മറ്റോ സിനിമയാണത്. ഇതുപോലെ നടക്കാതെ പോയ സിനിമകൾ ഒരുപാടുണ്ടെന്നും എകെ സാജൻ വ്യക്തമാക്കി.

ഐഷയും ഓഷോയും എന്ന സിനിമയും നടക്കാതെ പോയതാണ്. ബിജു മേനോനെയും മഞ്ജു വാര്യരെയും വെച്ച് ചെയ്യാനായിരുന്നു തീരുമാനിച്ചത്. ബിജു മേനോൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ്. പക്ഷെ ഒന്നിക്കാൻ പറ്റിയില്ല. ഐഷയും ഓഷോയും എനിക്കിഷ്ടപ്പെട്ട സിനിമയായിരുന്നു. ഓഷോയുടെ ഫിലോസഫി കൊണ്ട് നടക്കുന്ന ആളും നേർവിപരീതമായ ഐഷയും. അവർ തമ്മിലുള്ള പ്രണയമായിരുന്നു കഥ.
ക്രെെമുകളിൽ നിന്ന് മാറി ചിന്തിച്ച സിനിമയാണത്. പക്ഷെ ചില സിനിമകൾ നടക്കാൻ വിധിയുണ്ടാകില്ല. വലിയ സിനിമകൾ നടക്കാൻ എളുപ്പമാണ്. ചെറിയ സിനിമകൾ അല്ല. നടക്കാത്ത സിനിമകളുടെ സ്ക്രിപ്റ്റ് മാറ്റിവെച്ച് അടുത്ത സിനിമയെഴുതുക എന്നല്ലാതെ അത് നടന്നേ തീരൂ എന്ന വാശിയൊന്നും തനിക്കില്ലെന്നും എകെ സാജൻ വ്യക്തമാക്കി.


Click it and Unblock the Notifications











