ഭർത്താവ് ജീവനോടെയില്ലെന്ന് ചിലർ പറയുന്നു; അന്ന് കണ്ടത് പഴയ ഭാനുപ്രിയയെ അല്ല; നടിയെക്കുറിച്ച് കുട്ടി പത്മിനി
എൺപതുകളിലും തൊണ്ണൂറുകളിലും താര റാണിയായിരുന്ന നടിയാണ് ഭാനുപ്രിയ. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാനുപ്രിയക്ക് തുടരെ ലഭിച്ചു. തമിഴിലും തെലുങ്കിലുമാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഡാൻസിലെ മികവ് ഭാനുപ്രിയക്ക് കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്. ഭാനുപ്രിയയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി കുട്ടി പത്മിനി. ശ്രീദേവി ബോളിവുഡിലേക്ക് ശ്രദ്ധ കൊടുത്തപ്പോൾ തെന്നിന്ത്യയിൽ നടിയുടെ സ്ഥാനത്തേക്ക് പകരമെത്തിയത് ഭാനുപ്രിയയാണെന്ന് കുട്ടി പത്മിനി പറയുന്നു.
ആന്ധ്രയിൽ നിന്ന് വന്ന മിക്ക നടിമാർക്കും തവിട്ട് നിറമാണ്. ഭാനുപ്രിയയും അങ്ങനെയായിരുന്നു. മേക്കപ്പിൽ ഭാനുപ്രിയ വലിയ ശ്രദ്ധ നൽകി. വളരെ ഭംഗിയായി മേക്കപ്പ് ചെയ്യും. ശരീരം മുഴുവൻ പാൻ കേക്ക് ഇടണം. അതിന് വലിയ ക്ഷമയും കാണിച്ചു. മറ്റ് ആർട്ടിസ്റ്റുകൾ ഇതിന് തയ്യാറായിരുന്നില്ല. എന്നാൽ ഭാനുപ്രിയ ഇടുപ്പിലും കഴുത്തിലും മുതുകിലുമെല്ലാം മേക്കപ്പ് ചെയ്യും.

ഭാനുപ്രിയക്ക് മേക്കപ്പ് ചെയ്യാനും ഹെയർ സ്റ്റെെൽ ചെയ്യാനും യൂണിറ്റിലുള്ളവർക്ക് സന്തോഷമാണ്. കാരണം പല ആർട്ടിസ്റ്റുകളും മേക്കപ്പ് ചെയ്യുമ്പോൾ ദേഷ്യപ്പെടും. വിഗ് വെക്കുമ്പോൾ ഹെയർ പിൻ കുത്തും. അപ്പോൾ വേദനിച്ചാൽ നടിമാർ ദേഷ്യപ്പെടും. എന്നാൽ ഭാനുപ്രിയ അങ്ങനെയായിരുന്നില്ല. കണ്ണടച്ച് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിലിരിക്കുമെന്നും കുട്ടി പത്മിനി ഓർത്തു.
ഭാനുപ്രിയയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. ഒരു സമയത്ത് എല്ലാ പെൺകുട്ടികൾക്കും വരുന്ന പ്രണയം ഭാനുപ്രിയക്കും വന്നു. ഒരു നടനെയാണ് പ്രണയിച്ചത്. എന്നാൽ ഭാനുപ്രിയയുടെ അമ്മ ഇടപെട്ടു. ഈ ബന്ധം ഇല്ലാതാക്കി. അമ്മ ചെയ്തതാണ് ശരി. കാരണം ആ നടന് അക്കാലത്ത് നിരവധി നടിമാരുമായി പ്രണയമുണ്ട്.

അമ്മയും സഹോദരനും ആയിരുന്നു ഭാനുപ്രിയയുടെ എല്ലാം. എത്ര പ്രതിഫലം വാങ്ങണം, പണം എങ്ങനെ സൂക്ഷിക്കണം എന്നൊന്നും ഭാനുപ്രിയക്ക് അറിയില്ലായിരുന്നു. എല്ലാം അമ്മയും സഹോദരനുമാണ് നോക്കിയതെന്നും കുട്ടി പത്മിനി പറയുന്നു. ഒരു ഘട്ടത്തിൽ ഭാനുപ്രിയയും അമ്മയും തമ്മിൽ വഴക്കുണ്ടായി. ഭാനുപ്രിയ വീട് വിട്ടിറങ്ങി. അന്ന് എവിഎം സ്റ്റുഡിയോയിൽ വാഴ്കെ എന്ന സീരിയൽ ചെയ്യുകയാണ് ഭാനുപ്രിയ.
ഈ സ്റ്റുഡിയോയിൽ ഒരു വീട് ഭാനുപ്രിയക്ക് ഏർപ്പാടാക്കി. തന്റെ ഒരു സീരിയലിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. നല്ല രീതിയിൽ അവർ അഭിനയിച്ചു. അതിന് ശേഷം അവരുമായി എനിക്ക് ടച്ചില്ല. പിന്നീട് ഭാനുപ്രിയ വിവാഹം ചെയ്ത് അമേരിക്കയിൽ സെറ്റിലായെന്നാണ് കേട്ടത്. അമേരിക്കയിൽ എന്താണം സംഭവിച്ചതെന്തെന്ന് അറിയില്ല. ഭർത്താവ് ജീവനോടെയില്ലെന്ന് ചിലർ പറയുന്നു. സത്യം ആർക്കും അറിയില്ല.
നടികർ സംഘത്തിന്റെ വോട്ടിംഗിന് പോയപ്പോഴാണ് പിന്നീട് ഭാനുപ്രിയയെ കാണുന്നത്. അന്ന് ഞാൻ കണ്ടത് പഴയ ഭാനുപ്രിയയെ ആയിരുന്നില്ല. മുഖത്ത് സന്തോഷമില്ല. പിന്നീട് പല തവണ കണ്ടപ്പോഴും ഭാനുപ്രിയ ഇങ്ങനെയായിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. മകളെ ഭനുപ്രിയ എനിക്ക് പരിചയപ്പെടുത്തി. നല്ല ഭംഗിയുണ്ട്. പഠിക്കുകയാണ്. മകൾക്കായാണ് ഞാൻ ജീവിക്കുന്നതെന്ന് ഭാനുപ്രിയ അന്ന് പറഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു.


Click it and Unblock the Notifications











