സിനിമയിലെ വിളച്ചിലുകൾ അറിയാത്ത പഞ്ചപാവം, ഉണ്ണിമേരി നേരിട്ടത്; ആഡംബര ജീവിതം ഉപേക്ഷിച്ചു: ആലപ്പി അഷ്റഫ്
ഒരു കാലത്ത് സിനിമാ പ്രേക്ഷകരുടെ ഹരമയിരുന്നു ഉണ്ണിമേരി. സൗന്ദര്യവും അഭിനയ മികവും ഒത്തുചേർന്ന ഉണ്ണിമേരിയെ തേടി നിരവധി അവസരങ്ങൾ വന്നു. ഉണ്ണിമേരിയുണ്ടാക്കിയ തരംഗം സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. മറ്റ് പല താരറാണിമാരെയും പോലെ ഒരു ഘട്ടത്തിൽ ഉണ്ണിമേരിയുടെയും കരിയർ ഗ്രാഫിൽ വീഴ്ച വന്നു. പതിയെ ഇവർ സിനിമാ ലോകത്ത് നിന്നും അകന്നു. ഉണ്ണിമേരിയെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബാലതാരമായി തുടങ്ങി 13ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ഉണ്ണിമേരി. നായികാ സൗന്ദര്യസങ്കൽപ്പത്തിന്റെ പൂർണത തുളുമ്പുന്നു അഴകുള്ള താരറാണിയായിരുന്നു അവർ. മലയാളത്തിൽ നസീർ സർ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി അവർ വേഷമിട്ടിരുന്നു. എന്നാൽ പണവും പ്രശസ്തിയും കൂടുതൽ നേടിക്കൊടുത്തത് മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലാണ്. തമിഴിലും തെലുങ്കിലും മറ്റ് ഭാഷകളിലും ദീപ എന്നാണവർ അറിയപ്പെട്ടിരുന്നത്. തെലുങ്കിലെയും തമിഴിലെയുമൊക്കെ മാദക നടിയായിരുന്നു അവർ.

തമിഴിലെ മിക്കവാറും എല്ലാ സൂപ്പർനായകൻമാരുടെ കൂടെയും അവർ അഭിനയിച്ചെങ്കിലും മലയാളികൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള അവരുടെ തമിഴ് ചിത്രം ഭാഗ്യരാജിന്റെ മുന്താണി മുടിച്ച് ആണ്. അതിൽ ഭാഗ്യരാജും ഉണ്ണിമേരിയും ചേർന്ന് അഭിനയിക്കുന്ന പാട്ടുണ്ട്. വാ വാ വാദ്യാരേ എന്ന ഗാനം. യൂട്യൂബിൽ കോടിക്കണക്കിന് പേരാണ് അത് കണ്ടിരിക്കുന്നത്. സിനിമയിലെ യാതൊരു വിളച്ചിലുകളും അറിയാത്ത പഞ്ചപാവം പെൺകുട്ടിയായിരുന്നു ഉണ്ണിമേരി.
അവർ കഷ്‌ടപ്പെട്ട് നേടിയെടുത്ത പണം പലരും അടുത്ത് കൂടി അപഹരിച്ച് കൊണ്ട് പോയിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറോളും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കോളേജ് അധ്യാപകനാണ് അവരെ വിവാഹം ചെയ്തത്. ജീവിതത്തിൽ നേരിടേണ്ടി വന്ന ചില പ്രശ്നങ്ങൾ കാരണമുള്ള ഏറ്റക്കുറച്ചിലുകൾ അവരെ മാനസികമായി തളർത്തിയിട്ടുണ്ടാകാം. ആ സന്ദർഭത്തിൽ അവർ വിഷാദരോഗത്തിന് അടിമപ്പെട്ടു.

ആ സമയത്ത് രക്ഷകനായി എത്തിയത് യേശുദേവനായിരുന്നെന്ന് അവർ പറയുന്നു. യേശു നൽകിയ അനുഗ്രഹത്തിനെല്ലാം നന്ദി പറഞ്ഞ് അവർ പൂർണമായും ആത്മീയതിലേക്ക് തിരിഞ്ഞു. എല്ലാ ആഡംബര ജീവിതവും ഉപേക്ഷിച്ച് വെറുമൊരു സാധാരണക്കാരിയെ പോലെ സുവിശേഷ വേലകളുമായി ജീവിതം നയിക്കുന്നു. അവർ ജീവിതത്തിൽ പൂർണമായും ഇന്ന് സന്തോഷവതിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
റിജോയ് എന്നാണ് ഉണ്ണിമേരിയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും നിർമൽ എന്ന മകനും പിറന്നു. മകൻ ഇന്ന് വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നു. 1992 ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ ആണ് ഉണ്ണി മേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











