മതം മാറി പേര് നസീറ എന്നായി, സത്താർ പിന്നെയും രണ്ട് വിവാഹം ചെയ്തു; ജയഭാരതിയുടെ മഹത്വം...: ശാന്തിവിള ദിനേശ്
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് ജയഭാരതി. അഭിനയ രംഗത്ത് നിന്നും ജയഭാരതി മാറി നിന്നിട്ട് വർഷങ്ങളായി. ലെെം ലെെറ്റിലേക്ക് വരാൻ പഴയ താരറാണി ഇന്ന് ആഗ്രഹിക്കുന്നില്ല. ജയഭാരതിയുടെ ജീവിതത്തെക്കുറിച്ച് ഒരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ജയഭാരതിയുടെ ജീവിതത്തിൽ പറ്റിയ തെറ്റ് എന്തെന്ന് ചോദിച്ചാൽ അവർ ജീവിതത്തിലേക്ക് രണ്ട് പേരെ തെരഞ്ഞെടുത്തതിൽ പറ്റിയ പിഴയാണെന്ന് ഞാൻ പറയും. അത് ഹരിപോത്തനായാലും സത്താറായാലും. കോടികൾ സമ്പാദിച്ച അച്ഛന്റെ മകനായി സിനിമയെടുക്കാൻ മദിരാശിക്ക് വന്ന ഹരിപോത്തൻ ഒരു ക്രിസ്ത്യാനി ആണെന്നതോ ഭാര്യയും മക്കളുമുള്ള ആളാണ് എന്നതോ ഒന്നും ചിന്തിക്കാതെ മദിരാശിയിലെ അനൗദ്യോഗിക ഭാര്യയായതാണ് ആദ്യത്തെ തെറ്റ്.

സത്താർ എന്ന യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ആളെ വിവാഹം കഴിക്കാനായി മതം മാറി. ഒരു മകനായ ശേഷം സത്താറിനെ ഉപേക്ഷിക്കേണ്ടി വന്നതാണ് അടുത്ത തെറ്റ്. എനിക്ക് വ്യക്തമായി പറയാം. വലയം എന്ന സിനിമയിൽ ഞാൻ സത്താറിനെ അഭിനയിപ്പിച്ചിട്ടുണ്ട്. വേർപിരിഞ്ഞെങ്കിലും അദ്ദേഹം മകനെ കാണണമെന്ന് തോന്നുമ്പോൾ മദ്രാസിൽ പോകും. റൂമെടുത്ത് താമസിച്ച് മകനെ വിളിച്ച് വരുത്തി അവനോട് ഒരുപാട് നേരം സംസാരിക്കും.
മകൻ മകന്റെ ആവശ്യങ്ങൾ പറയും, ഞാനെല്ലാം ചെയ്ത് കൊടുക്കുമെന്ന് സത്താർ എന്നോട് പറയുമായിരുന്നു. എന്തിന് വേർപിരിഞ്ഞു എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചിട്ടില്ല. അദ്ദേഹം ജയഭാരതി എന്ന് പറയില്ല. ഭാരതി എന്ന് മധുരമായേ പറയൂ. ജയഭാരതിയെക്കുറിച്ച് ഒരു കുറ്റവും സത്താർ എന്നോട് പറഞ്ഞിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു. സത്താർ ഒരു യാഥാസ്ഥിതിക കുടുംബത്തിലായത് കാെണ്ടാണ് നസീറ എന്ന് പേര് മാറി ജയഭാരതിക്ക് മതംമാറിയത്. വേർപിരിഞ്ഞ ശേഷം സത്താർ രണ്ട് വിവാഹം ചെയ്തു. എങ്കിലും മനസ് നിറയെ ജയഭാരതി ആയിരുന്നു. രണ്ട് കല്യാണം കഴിച്ചെങ്കിലും രണ്ടും അദ്ദേഹത്തിന് മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് എന്നോട് തന്നെ സത്താർ പറഞ്ഞിട്ടുണ്ട്.

ഒരു പകയും ദേഷ്യവും ജയഭാരതിയോട് അദ്ദേഹം വെച്ച് പുലർത്തിയിരുന്നില്ല. വേറൊരു ഭാര്യയുണ്ടായിട്ടും സത്താറിനാെപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ആശുപത്രിയിൽ ജയഭാരതിയും മകനുമുണ്ടായിരുന്നു. അത് ജയഭാരതി എന്ന സ്ത്രീയുടെ മഹത്വമാണ്. വേറെ രണ്ട് കല്യാണം കഴിച്ചല്ലോ ഇനി എന്തിന് അയാളെ ഞാൻ ഓർക്കണം എന്നൊന്നും അവർ നോക്കിയില്ല. മരിച്ച് കഴിഞ്ഞപ്പോൾ ആ വീട്ടിൽ ചടങ്ങ് തീരുന്നത് വരെ നിൽക്കാനുള്ള വിശാലമായ മനസ് കാണിച്ച നടി കൂടിയാണ് ജയഭാരതിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ലെെറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ മുമ്പൊരിക്കൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Click it and Unblock the Notifications











