സൗന്ദര്യയുടെ മരണ ശേഷം സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു; കോടികളുടെ സ്വത്തിൽ അവകാശം പറഞ്ഞ് വന്നവർ
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരുന്നു അന്തരിച്ച നടി സൗന്ദര്യ. തെലുങ്ക്, കന്നഡ സിനിമാ ലോകം നെഞ്ചിലേറ്റിയ സൗന്ദര്യക്ക് തമിഴിലും മലയാളത്തിലും ശ്രദ്ധേയ സാന്നിധ്യമാകാൻ സാധിച്ചു. പേര് പോലെ തന്നെ വശ്യമായ സൗന്ദര്യമുള്ള സൗന്ദര്യക്ക് ചുരുങ്ങിയ കാലം കൊണ്ട് വൻ ആരാധക വൃന്ദം സൃഷ്ടിക്കാൻ സാധിച്ചു. ടോളിവുഡിൽ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു നടി. അഭിനയ പ്രാധാന്യമുള്ള സിനിമകൾ സൗന്ദര്യയെ തേടി തുടരെ വന്നു. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നിവയാണ് മലയാളത്തിൽ സൗന്ദര്യ ചെയ്ത സിനിമകൾ.
2004 ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ബംഗ്ളൂരിൽ നിന്നും കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യയും സഹോദരൻ അമർനാഥും ഈ അപകടത്തിൽ മരിച്ചു. ഏവർക്കും ഞെട്ടലായിരുന്നു അപ്രതീക്ഷിതമായുള്ള ഈ വിയോഗം. ബിഗ് സ്ക്രീനിൽ കണ്ട താരത്തിന്റെ മരണം ആരാധകരെ ഏറെ വിഷമിപ്പിച്ചു. അപകട മരണം തകർത്ത് കളഞ്ഞത് സൗന്ദര്യയുടെ കുടുംബത്തെയാണ്. മകൻ അമർനാഥിനെയും മകൾ സൗന്ദര്യയെയും നഷ്ടപ്പെട്ടത് നടിയുടെ മാതാപിതാക്കളെ പിടിച്ചുലച്ചു.

മരണത്തിന് വർഷങ്ങൾക്കിപ്പുറമാണ് സൗന്ദര്യയുടെ സ്വത്തുക്കളെ സംബന്ധിച്ചുള്ള പ്രശ്നം വാർത്തകളിൽ ഇടം നേടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 50 കോടിയുടെ സ്വത്തുക്കൾ സൗന്ദര്യക്കുണ്ടായിരുന്നു. നടിക്കൊപ്പം മരിച്ച സഹോദരൻ അമർനാഥിന്റെ ഭാര്യ നിർമലയും മകൻ സാത്വികും സ്വത്തിൽ അവകാശ വാദം ഉന്നയിച്ച് കൊണ്ട് രംഗത്ത് വന്നു. സൗന്ദര്യ വിൽപ്പത്രം എഴുതിയിരുന്നെന്ന് അവകാശപ്പെട്ടാണ് ഇവർ സ്വത്തിൽ വലിയൊരു ഭാഗം ആവശ്യപ്പെട്ടത്.
എന്നാൽ സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭർത്താവായിരുന്ന രഘുവും വാദം നിഷേധിച്ചു. സൗന്ദര്യ വിൽപത്രം എഴുതിയിരുന്നില്ല. 31 വയസിൽ സൗന്ദര്യക്ക് വിൽപ്പത്രം എഴുതേണ്ട ആവശ്യമില്ലായിരുന്നെന്നും ഇവർ കോടതിയെ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം സൗന്ദര്യയുടെ സഹോദരന്റെ ഭാര്യയും മകനും കേസുകൾ പിൻവലിക്കുകയാണുണ്ടായത്.

സൗന്ദര്യയുടെ കുടുംബവുമായി ഇവർ മധ്യസ്ഥ ചർച്ച നടത്തിയെന്നാണ് പുറത്ത് വന്ന വിവരം. സൗന്ദര്യയുടെ അമ്മയും ഭർത്താവും നിർമലയ്ക്കും മകനും സ്വത്തുക്കളിൽ ചിലത് വിട്ട് നൽകാൻ തയ്യാറായി. 1.25 കോടി രൂപയാണ് നിർമലയ്ക്ക് നൽകിയത്. മകന് 25 ലക്ഷം രൂപ വരുന്ന വീടും നൽകി. ഇതോടെ മറ്റ് സ്വത്തുക്കളിലുള്ള അവകാശ വാദം ഇവർ പിൻവലിച്ചു.
നിരവധി സന്നധ പ്രവർത്തനങ്ങൾക്ക് സൗന്ദര്യയുടെ സ്വത്തുക്കൾ നടിയുടെ അമ്മ ഉപയോഗിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് സൗന്ദജര്യയും നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. സൗന്ദര്യയുടെ ബാക്കിയുള്ള സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചെന്നതിൽ വ്യക്തതയില്ല. സൗന്ദര്യയുടെ കുടുബത്തെക്കുറിച്ച് ഇന്ന് അധികമാർക്കും അറിയില്ല. 2003 ലാണ് സൗന്ദര്യ വിവാഹിതയായത്. സൗന്ദര്യയുടെ കസിനായിരുന്നു രഘു.


Click it and Unblock the Notifications