'ദേവിയാണ്, ഷൂട്ട് ചെയ്യരുതായിരുന്നു; ഗന്ധർവനെ തൊട്ട് കളിച്ച പപ്പേട്ടൻ...; ചക്രത്തിന് പിന്നിലുണ്ടായ പ്രശ്നം'
അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസിനെ ഇന്നും മലയാള സിനിമാ ലോകം ആദരവോടെയാണ് ഓർക്കുന്നത്. അനശ്വരമായ ഒട്ടനവധി സിനിമകൾ ഇദ്ദേഹമാെരുക്കി. അതേസമയം കരിയറിൽ ലോഹിതദാസ് ആഗ്രഹിച്ച ചില സിനിമകൾ മുടങ്ങിപ്പോയിട്ടുണ്ട്. ചിലത് സാമ്പത്തിക ബാധ്യതയുമുണ്ടാക്കി. ഇതിലൊന്നാണ് ചക്രം. 2005 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും ലോഹിതദാസ് തന്നെയാണ്. പൃഥിരാജ്, മീര ജാസ്മിൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്.
അതേസമയം നേരത്തെ ഈ സിനിമ ലോഹിതദാസിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്യാനിരുന്നതാണ്. മോഹൻലാൽ, ദിലീപ്, വിദ്യ ബാലൻ എന്നിവരെ വെച്ച് ഷൂട്ടും തുടങ്ങി. എന്നാൽ കമലിനും ലോഹിതദാസിനും മോഹൻലാലിനുമിടയിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ സിനിമ മുടങ്ങി. തിരക്കഥയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കാരണമെന്ന് അന്ന് റിപ്പോർട്ട് വന്നിരുന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്. ചക്രത്തിൽ ഒരു സീനുണ്ട്. ലോറി ഡ്രെെവർ രാത്രി ലോറി നിർത്തി സ്ത്രീകളുടെ അടുത്തേക്ക് പോകും. കമൽ സാറിന്റെ സിനിമകൾ ജനപ്രിയമായതിനാൽ അങ്ങനെയൊന്ന് വന്നാൽ ശരിയാവില്ലെന്ന് ആൾക്ക് തോന്നി. ലോഹി അതിൽ കുറ്റക്കാരനല്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കാരണം കമൽ സാറുമായുള്ള മുമ്പത്തെ പടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു.
ലോഹിയായിട്ട് പ്രശ്നമില്ല. ഫുൾ സ്ക്രിപ്റ്റ് കൊടുത്ത പടമാണെന്നും സിന്ധു ലോഹിതദാസ് വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ചക്രം എന്ന പേര് പാടില്ലായിരുന്നെന്നും സിന്ധു ലോഹിതദാസ് പറയുന്നു. ചക്രം എന്ന പേരൊന്നും പാടില്ല. അത് പോലെ ചെമ്പട്ടും. അത് ഷൂട്ട് ചെയ്യാൻ പാടില്ല. ദേവിയാണ്. ഞാൻ ഗന്ധർവൻ എന്ന സിനിമയ്ക്ക് ഗന്ധർവനെ എടുത്ത് കളിച്ചു. പപ്പേട്ടൻ തന്നെ ഒരു ഗന്ധർവനായിരുന്നു.

ഒപ്പം ഒരു പടയുണ്ടാകും. അദ്ദേഹം വരുമ്പോൾ ഒരു സുഗന്ധമുണ്ടായിരുന്നെന്നും സിന്ധു ലോഹിതദാസ് ഓർത്തു. ലോഹിതദാസിന്റെ തിരക്കഥ ആയാലും ആരുടെ തിരക്കഥ ആയാലും സംവിധായകന് താൻ ചെയ്യാൻ പോകുന്ന സീനിനെക്കുറിച്ച് ബോധ്യം വേണം. എഴുതി കൊടുക്കുന്ന സീൻ വായിച്ചാൽ മനസിലാകണം. നരേഷൻ വായിച്ചില്ലേ എന്ന് നടൻമാർ ചോദിക്കേണ്ടി വരരുതെന്നും സിന്ധു ലോഹിതദാസ് പറഞ്ഞു.
ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ മുടങ്ങിപ്പോയ ലോഹിതദാസിന്റെ സിനിമയാണ് സിന്ധു ലോഹിതദാസ് പരാമർശിച്ച ചെമ്പട്ട്. മീര ജാസ്മിനായിരുന്നു ചിത്രത്തിലെ നായിക. മുമ്പൊരിക്കൽ ഈ സിനിമയെക്കുറിച്ചുള്ള ഓർമകളും ഫോട്ടോയും ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
'ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു,എന്തോ കാരണത്താൽ സിനിമ നടന്നില്ല. രണ്ട് ദിവസം കൊടുങ്ങലൂർ ഉത്സവത്തിന് ഷൂട്ടിംഗ് നടന്നിരുന്നു. അന്ന് ഞാൻ ഫിലിമിൽ ആണ് ഫോട്ടോ എടുത്തത്,' ജയപ്രകാശ് പയ്യന്നൂർ കുറിച്ചതിങ്ങനെ.


Click it and Unblock the Notifications











