വലിയ തുകയിറക്കി ബിസിനസ്, വൻ മാർക്കറ്റിംഗ്, പക്ഷെ നയൻതാരയുടെ ബിസിനസിന് സംഭവിച്ചത്; കാരണങ്ങൾ
നടി നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നിന്റെ ലോഞ്ച് വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. വലിയ തോതിൽ മാർക്കറ്റിംഗ് നടന്ന ബിസിനസ് സംരഭമായിരുന്നു ഇത്. എന്നാൽ വലിയ ചലനം വിപണിയിൽ 9 സ്കിൻ ഉണ്ടാക്കിയിട്ടില്ല. ദീപിക പദുകോണിന്റെ സ്കിൻ കെയർ ബ്രാൻഡ് പോലെ പരാജയപ്പെട്ടില്ല. എന്നാൽ കത്രീന കെെഫിന്റെ ബ്യൂട്ടി കെയർ ബ്രാൻഡ് പോലെ വലിയ വിജയവുമായില്ല. എന്താണിതിന് കാരണമായതെന്ന ചോദ്യങ്ങൾ വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നയൻതാര പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന താരമാണ്. 9 സ്കിന്നിന്റെ പ്രൊമോഷൻ മുന്നിൽ കണ്ട് മാത്രമാണ് നടി സോഷ്യൽ മീഡിയയിലേക്ക് വന്നത് പോലും. സ്കിൻ പ്രൊഡക്ടുകളുടെ ബിസിനസുള്ള താരങ്ങൾ പൊതുവെ ഈ പ്രൊഡക്ട് താൻ ഉപയോഗിക്കുന്നതാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കും. ഇതിനുദാഹരണമാണ് ബോളിവുഡ് നടി കൃതി സനോൻ. താൻ നിക്ഷേപം നടത്തിയ സ്കിൻ കെയർ ബ്രാൻഡാണ് ദിനംപ്രതി ഉപയോഗിക്കാറെന്ന പ്രതീതി കൃതി അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ആഡുകളിലൂടെയുമുണ്ടാക്കി.
എന്നാൽ നയൻതാര ഇതിന് തയ്യാറായില്ല. ചില ആഡുകളുടെ ഭാഗമായതല്ലാതെ 9 സ്കിൻ തന്നെയാണ് നയൻതാര സ്വന്തം മുഖത്ത് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. മാത്രവുമല്ല നയൻതാരയുടെ മുഖത്തെ തിളക്കത്തിന് കാരണം സ്കിൻ കെയർ ക്രീമുകളാണെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നില്ല. നാച്വറൽ ബ്യൂട്ടിയായി അറിയപ്പെടുന്ന ആളല്ല നയൻതാര. നടിയുടെ പഴയ ഫോട്ടോകളും ഇപ്പോഴത്തെ ഫോട്ടോകളും തമ്മിലുള്ള വ്യത്യാസം ആരെയും അമ്പരപ്പിക്കും.
കോസ്മെറ്റിക് സർജറികൾ ഈ മാറ്റത്തിന് പിന്നിലുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. ഇതിനിടെ 9 സ്കിന്നിന്റെ ഒരു പ്രൊമോഷണൽ വീഡിയോയിൽ താൻ പ്ലാസ്റ്റിക് സർജറികളൊന്നും ചെയ്തിട്ടില്ലെന്ന് നയൻതാര പറയുകയുണ്ടായി. ഈ വാക്കുകൾ സത്യമായി പലരും എടുത്തില്ല. പ്രത്യേകിച്ചും പ്രൊമോഷൻ വീഡിയോയായതിനാൽ. നയൻതാര എന്ന പേരിന് ബ്രാൻഡ് വാല്യു ഉണ്ടെങ്കിലും അത് ബിഗ് സ്ക്രീനിലാണ്. ബിസിനസിൽ അല്ല.
അതേസമയം 9 സ്കിൻ പൂർണമായും പരാജയപ്പെട്ടു എന്നും പറയാനാകില്ല. 9 സ്കിൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. ഇതിനകം വിദേശ വിപണികളിൽ 9 സ്കിൻ ഇടം നേടി. 2024 ൽ റിയലൻസിന്റെ ടിരയുമായി 9 സ്കിൻ പാർട്ണർഷിപ്പിലെത്തി. ഓൺലെെൻ വിൽപ്പനയ്ക്കപ്പുറമുള്ള സാധ്യതകൾ തുറന്നത് ഇത് വഴിയാണ്. 9 സ്കിൻ ഇപ്പോഴും വിപണിയിലുണ്ട്.


Click it and Unblock the Notifications

