ലാലേട്ടനെ കൊണ്ട് ക്ഷമ പറയിപ്പിച്ചവൾ, അവളെ നിർത്തരുത്, നിലപാടുള്ളവർക്ക് തുടരാനാവില്ല; ഷീലുവിന് സംഭവിച്ചത്!
സാധാരണ സിനിമ നടിമാരൊക്കെ അവരുടെ വിവാഹം കഴിയുമ്പോൾ അഭിനയം നിർത്തുന്നതായാണ് കണ്ട് വരാറുള്ളത്. എന്നാൽ വിവാഹം കഴിഞ്ഞ് കുട്ടികളായശേഷമാണ് ഷീലു എബ്രഹാം സിനിമയിലേക്ക് കടന്ന് വന്നത്. നടി മാത്രമല്ല നല്ലൊരു നിർമാതാവ് കൂടിയാണ്. മലയാള സിനിമ ചരിത്രത്തിൽ ഇത്രയേറെ സിനിമകൾ നിർമ്മിച്ചിട്ടുള്ള ഒരു വനിത നിർമാതാവില്ല. കോട്ടയം ഭരണങ്ങാനത്ത് ജനിച്ച ഷീലുവിനെ അധ്യാപികയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.
എന്നാൽ ഷീലു എത്തിപ്പെട്ടത് ആതുര ശുശ്രൂഷ രംഗത്തേക്കാണ്. കലാവേദികൾ കുട്ടിക്കാലം തൊട്ട് തന്നെ ഹരമായിരുന്നു. ആ മോഹങ്ങൾ എല്ലാം മനസിലിട്ടുകൊണ്ടാണ് കുവൈറ്റിൽ നഴ്സ് ജോലിക്കായി പോയത്. പ്രതിസന്ധികൾ നിറഞ്ഞ പ്രവാസ ജീവിതത്തിന് ഒടുവിലാണ് എബ്രഹാം മാത്യുവിനെ ഷീലു കണ്ടുമുട്ടുന്നത്.

മനോഹരമായ സംസാരവും കുലീനമായ പെരുമാറ്റവും കൈ മുതലായി ഉണ്ടായിരുന്ന ഷീലു ഭാഗ്യം കൊണ്ടാണ് കുവൈറ്റ് യുദ്ധ ഭൂമിയിൽ നിന്നും രക്ഷപ്പെട്ടത്. പിന്നീട് എബ്രഹാമിന്റെ പങ്കാളിയായി. നടിയും നിർമാതാവും സംരംഭകയുമൊക്കെയായി മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കും വിധം ജ്വലിച്ച് നിൽക്കുന്ന പെൺ കരുത്തായ ഷീലു എബ്രഹാമിന്റെ പച്ചയായ ജീവിത്തിലെ ചില നാൾ വഴികളെ കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവെച്ച വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സഹജീവികളോട് കരുണയുള്ള സ്ത്രീയാണ് ഷീലുവെന്ന് അഷ്റഫ് പറയുന്നു. പക്വമായ അവരുടെ സംസാരത്തിന് ഇടയിൽ അവർ പറഞ്ഞ ചില വാചകങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. മലയാള സിനിമയിൽ പണവും പ്രശസ്തിയുമുള്ള നിരവധി നടിമാരുണ്ടെങ്കിലും ഇന്നുവരെ ആരും പറയാത്ത കാര്യങ്ങളാണ് ഷീലു പറഞ്ഞത്.
ഭാവിയിൽ ഒരു സോഷ്യൽ വർക്കറാകണമെന്നും ജനസേവനം നടത്തണമെന്നും കൂടാതെ ഒരു വൃന്ദസദനം നടത്തണം എന്നതുമാണ്. ഒറ്റ നോട്ടത്തിൽ ഷീലുവിനെ കാണുമ്പോൾ ആഢ്യതയുടെ അഹങ്കാരമുള്ള സ്ത്രീയായി അവരെ തോന്നുമെങ്കിലും കൂടുതൽ മനസിലാക്കി കഴിയുമ്പോൾ അവർ സാധാരണക്കാരിൽ സാധാരണക്കാരിയായ സഹജീവികളോട് കരുണയുള്ള സ്ത്രീയാണെന്ന് നമുക്ക് ബോധ്യപ്പെടും. ഉറച്ച നിലപാടുള്ള വ്യക്തിത്വം. തനിക്ക് ശരിയെന്ന് തോന്നുന്നതും നേരിട്ട് ബോധ്യപ്പെടുന്നതുമായ കാര്യങ്ങളിൽ മാത്രമെ അവർ അഭിപ്രായം പറയാറുള്ളു.
മോഹൻലാൽ അമ്മയുടെ പ്രസിഡന്റായിരിക്കുമ്പോൾ ലാലിന്റെ പ്രസംഗ മധ്യേ പറ്റിയൊരു പിഴവ് അവർ ചൂണ്ടി കാണിക്കുകയും മോഹൻലാൽ അത് തിരുത്തി ക്ഷമാപണം നടത്തുകയും ചെയ്തതായി കേട്ടിട്ടുണ്ട്. സാധാരണ അമ്മയിൽ മോഹൻലാൽ തെങ്ങിൽ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാൽ അതിനെ പിന്തുണയ്ക്കുന്ന താരങ്ങളുടെ ഇടയിലാണ് ഷീലുവിന്റെ തിരുത്തൽ ശബ്ദം ഉയർന്നത്.

താരസംഘടനയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം ഉയർന്നുകേട്ട പേര് ഷീലുവിന്റേതായിരുന്നു. നോമിനേഷൻ കൊടുക്കാൻ അപേക്ഷ ഫോറവും അവർ വാങ്ങിയിരുന്നു. അപ്പോഴേക്കും അവരോട് കുശമ്പും അസൂയയുമുള്ള ഒരു വിഭാഗം രംഗത്ത് എത്തി. ലാലേട്ടനെ കൊണ്ട് ക്ഷമ പറയിപ്പിച്ചവളാണ് അവളെ നിർത്താൻ പാടില്ല എന്ന വാർത്ത ഷീലുവിന്റെ ചെവിയിൽ എത്തിയപ്പോൾ കടിച്ച് തൂങ്ങാൻ താൽപര്യമില്ലാതെ അവർ പിന്മാറി.
സ്വന്തമായി അഭിപ്രായവും ഉറച്ച തീരുമാനവും ഉള്ളവർക്ക് അമ്മയിൽ തുടരാൻ പ്രയാസമാണ്. ഇലക്ഷൻ സമയത്ത് അമ്മയിൽ മത്സരിക്കാൻ പോകുന്ന സ്ഥാനാർത്ഥികളെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇപ്പോൾ നിൽക്കുന്നവർ ആരും തന്നെ അതിന് യോഗ്യതയുള്ളവരല്ലെന്നായിരുന്നു. ഒരു സംഘടനയുടേയും പിൻബലത്തിൽ വളർന്ന് വന്നതല്ല ഷീലു. അവർക്ക് അതിന്റെ ആവശ്യവും ഇല്ല. ഒരു പക്ഷെ അവർ തലപ്പത്ത് എത്തിയിരുന്നുവെങ്കിൽ സംഘടനയ്ക്ക് ഒരു മുതൽ കൂട്ടാകുമായിരുന്നു.
ഭർത്താവിന്റെ കയ്യിൽ പണമുള്ളതുകൊണ്ടാണ് ഭാര്യയുടെ അഭിനയ മോഹം പൂവണിയിക്കാനായി അവർ നിർമ്മാണ രംഗത്തേക്ക് കടന്നതെന്ന ആക്ഷേപം പലപ്പോഴും ഷീലു കേട്ടിട്ടുണ്ട്. അങ്ങനെയായിരുന്നുവെങ്കിൽ നിർമ്മിച്ച എല്ലാ സിനിമകളിലും വലിയ വേഷം തന്നെ ചെയ്യുമായിരുന്നു എന്നാണ് ഷീലു നൽകിയ മറുപടി. തിരക്കുകൾക്കിടയിലും ഭർത്താവിന്റെയും മക്കളുടേയും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഒരു കുടുംബിനി കൂടിയാണവർ അഷ്റഫ് പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











