യാഷിന്റെ കെെ കടത്തൽ നാൾക്ക് നാൾ കൂടുന്നു?, ടോക്സിക് സെറ്റ് ടോക്സിക്കായോ, പിന്നിൽ ഗീതുവിന്റെ ശത്രുക്കൾ?
യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് ടോക്സിക്ക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, കിയര അദ്വാനി, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കെജിഎഫ് 2 വിന്റെ വമ്പൻ വിജയത്തിന് ശേഷം യാഷിന്റെ അടുത്ത പ്രൊജക്ടായി പ്രഖ്യാപിച്ച സിനിമയാണ് ടോക്സിക്. പ്രഖ്യാപനം മുതൽ ഇന്ന് വരെ ടോക്സിക് സിനിമാ ലോകത്തിനും പ്രേക്ഷകർക്കും കൗതുക കാഴ്ചയാണ്. തീർത്തും രണ്ട് തലങ്ങളിൽ നിൽക്കുന്നവരായാണ് ഗീതു മോഹൻദാസിനെയും യാഷിനെയും പ്രേക്ഷകർ കാണുന്നത്.
ഗീതു ഇതുവരെ സംവിധാനം ചെയ്ത സിനിമളെല്ലാം പുരസ്കാരങ്ങൾ നേടിയതും ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെടുന്നതുമാണ്. യാഷ് ഇന്ത്യൻ സിനിമാ ലോകത്തിലെ സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്നയാൾ. കെജിഎഫ് വിജയത്തിന് ശേഷം യാഷിനെ വെച്ച് സിനിമ ചെയ്യാൻ ഇന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസുകളും ഫിലിം മേക്കേർസും ക്യൂ ആണ്. എന്നാൽ യാഷ് തെരെഞ്ഞെടുത്തത് ഗീതു മോഹൻദാസിന്റെ കഥയാണ്. ഇത് യാഷ് ആരാധകർക്ക് ഉൾക്കൊള്ളാൻ സമയമെടുത്തു. ഈ കോംബോയിൽ വരുന്ന പ്രൊജക്ട് എങ്ങനെയായിരിക്കും എന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്.
എന്നാൽ ടോക്സിക്കിന്റെ ഷൂട്ട് രണ്ട് വർഷത്തോളമായി നീണ്ട് പോകുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ടോക്സിക്കിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ടോക്സിക് ഗീതുവിനൊപ്പം യാഷ് കോ ഡയരക്ട് ചെയ്യുന്നു എന്നാണ് അഭ്യൂഹങ്ങൾ. മുംബെെയിലെ ഷെഡ്യൂൾ പൂർണമായും ഷൂട്ട് ചെയ്തത് യാഷ് ആണെന്നും പല ഡയലോഗുകളും എഴുതിയത് യാഷ് ആണെന്നും വാദമുണ്ട്.

പിന്നാലെ സോഷ്യൽ മീഡിയയിൽ പല ചർച്ചകൾ നടന്നു. സംവിധാന സ്ഥാനത്തുള്ള ഗീതുവിനെ മാറ്റി നിർത്തുകയാണോ യാഷ് എന്ന് ചോദ്യങ്ങൾ വന്നു. എത്ര വലിയ താരമായാലും സംവിധാനത്തിലേക്ക് കെെ കടത്തുന്നത് ശരിയല്ലെന്നും ഒരു സിനിമ ഫിലിം മേക്കറുടെ കൂടെ വലിയ സ്വപ്നമാണെന്നും വാദം വന്നു.
സിനിമാ ലോകത്ത് ഇതിനോടം ഇക്കാര്യം വലിയ ചർച്ചയായിട്ടുണ്ട്. രണ്ട് വർഷമായി തുടരുന്ന ഷൂട്ടിംഗിൽ ഒന്നിലേറെ തവണ തടസങ്ങൾ വന്നു. റീഷൂട്ടുകൾ ഒരുപാട് വന്നെന്നും കാസ്റ്റിംഗിൽ മാറ്റങ്ങൾ വന്നെന്നുമെല്ലാം റിപ്പോർട്ടുകളുണ്ട്. യാഷ് നേരത്തെ തന്നെ ടോക്സിക്കിന്റെ തിരക്കഥയുടെ ഭാഗമാണ്. ടോക്സിക്കിന്റെ നിർമാതാക്കളിൽ ഒരാളുമാണ് യാഷ്.

യാഷ് ടോക്സിക്കിന്റെ മേക്കിംഗിൽ കെെ കടത്തുന്നതിന് പല കാരണങ്ങളുണ്ടെന്നാണ് സോഷ്യൽ മീഡിയിലെ വാദം. കെജിഎഫിന് ശേഷം വരുന്ന സിനിമയായതിനാൽ ടോക്സിക്ക് വിജയിക്കേണ്ടത് യാഷിന്റെ താരമൂല്യത്തിന് അനിവാര്യമാണ്. ടോക്സിക്ക് പരാജയപ്പെട്ടാൽ കെജിഎഫിന് ശേഷം ലഭിച്ച യാഷിന്റെ താരമൂല്യത്തിന് ചെറുതായെങ്കിലും മങ്ങലേൽക്കാൻ സാധ്യതയുണ്ട്. യാഷിന്റെ പ്രതിഫലം മാറ്റി നിർത്തിയാൽ 600 കോടി രൂപയോളമാണ് ടോക്സിക്കിന്റെ ബഡ്ജറ്റ്. ഇത്രയും വലിയ പ്രൊജക്ട് നീണ്ട് പോകുന്നത് സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്.
ഷൂട്ട് ചെയ്ത ചില സീനുകൾ യാഷിന് ഇഷ്ടപ്പെട്ടില്ലെന്നും ഇതാണ് റീ ഷൂട്ടുകൾക്ക് കാരണമെന്നും വാദമുണ്ട്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ടോക്സിക്കിനെക്കുറിച്ച് നെഗറ്റീവ് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിൽ ആസൂത്രിത നീക്കങ്ങളാണോ എന്ന ചോദ്യവും വരുന്നുണ്ട്. മലയാള സിനിമാ ലോകത്ത് വലിയ ശത്രുക്കളുള്ളയാളാണ് ഗീതു മോഹൻദാസ്. ഇതിനിടെ തമിഴ് നടൻ ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നത്തിൽ നയൻതാരയ്ക്ക് പരസ്യ പിന്തുണ നൽകുകയും ചെയ്തു.


Click it and Unblock the Notifications











