അന്ന് അടുത്ത സുഹൃത്തുക്കൾ, ഇന്ന് രണ്ട് പരിചയക്കാർ മാത്രം; തൃഷയ്ക്കും നയൻതാരയ്ക്കും ഇടയിൽ സംഭവിച്ചത്
തെന്നിന്ത്യൻ സിനിമയിൽ ഇന്നേറ്റവും താരമൂല്യമുള്ള രണ്ട് നായികമാരാണ് തൃഷയും നയൻതാരയും. ഒരേ കാലഘട്ടത്തിൽ സിനിമയിൽ എത്തി, ഒരേ സൂപ്പർ സ്റ്റാറുകളുടെ നായിക ആയി. സിനിമാ ലോകത്തിന്റെ താഴ്ചയും വളർച്ചയും എല്ലാം ഒരുമിച്ച് കണ്ട രണ്ട് നടിമാർ. യൗവന കാലത്തും മുപ്പതുകളുടെ പകുതിയിലും ഈ രണ്ട് നായികമാരും കരിയറിൽ ഒരേ താളത്തിലും വേഗത്തിലും നീങ്ങുന്നു.
ഒപ്പം വന്ന പല നടിമാരും ഇടയ്ക്ക് വെച്ച് പതറിയെങ്കിലും തൃഷയും നയൻതാരയും ഒഴുക്കിനനുസരിച്ച് നീന്തി. നായികമാർക്ക് ആയുസില്ലാത്ത തമിഴ് സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തു.
തമിഴ് സിനിമയിൽ അതുവരെയുണ്ടായിരുന്ന കീഴ് വഴക്കമാണ് നയൻതാരയും തൃഷയും തകർത്തത്. തൃഷയുടെ പ്രായവും 39 ആണ്. ഇന്നും നായിക നിരയിൽ നടി മുൻപന്തിയിൽ തന്നെ. 38 കാരിയായ നയൻസ് ഇന്ന് ലേഡി സൂപ്പർ സ്റ്റാർ ആണ്.

രണ്ട് പേർക്കും തങ്ങളുടേതായ ആരാധക വൃന്ദവും തമിഴ്, തെലുങ്ക് സിനിമകളിൽ ഉണ്ട്. ഇരുവരുടെയും കരിയർ നേരിട്ട ഉയർച്ച താഴ്ചകളും കൗതുകരമാണ്. 2000ങ്ങളുടെ തുടക്കത്തിൽ സൂപ്പർ ഹിറ്റ് നായികമാർ ആയെങ്കിലും 2010 ഓടെ തമിഴ് സിനിമകളിൽ നായികാ സ്ഥാനം ഉത്തരേന്ത്യൻ നടിമാർ കൈയടിക്കി.
തമന്ന, കാജൽ അഗർവാൾ, ഹൻസിക തുടങ്ങിയ ഉത്തരേന്ത്യക്കാരായ നായികമാർ അരങ്ങു വാണപ്പോൾ നയൻതാരയ്ക്കും തൃഷയ്ക്കും കരിയറിൽ തിരിച്ചടി ഉണ്ടായി. എന്നാൽ ഈ അലയൊലികൾക്കിടയിലും രണ്ട് പേരും പിടിച്ച് നിന്നു.
ഒരു കാലത്ത് സുഹൃത്തുക്കൾ ആയിരുന്നു നയൻതാരയും തൃഷയും. പാർട്ടികളിൽ നിന്നുമുള്ള ഫോട്ടോകളും അക്കാലത്ത് പുറത്ത് വരാറുണ്ടായിരുന്നു. എന്നാൽ കരിയറിൽ തിരക്കുകളേറിയതോടെ ഈ ബന്ധം അകന്നു. ഇടയ്ക്ക് വെച്ച് രണ്ട് പേരും തമ്മിൽ പിണങ്ങി. ഇതേക്കുറിച്ച് രണ്ട് പേരും പിന്നീട് സംസാരിച്ചിരുന്നു.

ചില വ്യക്തിപരമായ കാരണങ്ങളാലാണ് തർക്കം വന്നതെന്ന് പറഞ്ഞ ഇരുവരും പിന്നീട് വീണ്ടും സൗഹൃദത്തിൽ ആവുകയും ചെയ്തു. എന്നാൽ വീണ്ടും അസ്വാരസ്യങ്ങൾ ഉണ്ടായി. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത കാതുവാക്ക്ല രണ്ട് കാതൽ എന്ന സിനിമയിൽ തൃഷയെ ആയിരുന്നു നയൻതാരയ്ക്കൊപ്പം ആദ്യം നായിക ആയി തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിഫലം നയൻതാരയേക്കാൾ വളരെ കുറവാണെന്ന് പറഞ്ഞ് തൃഷ ഈ റോൾ വേണ്ടെന്ന് വെക്കുകയായിരുന്നത്രെ. പിന്നീട് സമാന്ത ഈ റോളിലെത്തി.
സിനിമാ രംഗത്തെ നിരവധി പേർ നയൻതാരയുടെ വിവാഹത്തിന് എത്തിയിരുന്നെങ്കിലും തൃഷ എത്തിയിരുന്നില്ല. ഇതെന്ത് കൊണ്ടാണെന്ന് അന്ന് ചോദ്യവും വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ തൃഷ നയൻസിന് ആശംസകളും അറിയിച്ചില്ല.
കഴിഞ്ഞ ദിവസം നയൻതാരയുമായി മത്സരമുണ്ടോയെന്ന ചോദ്യത്തോട് തൃഷ പ്രതികരിച്ചിരുന്നു. ആരോഗ്യകരമായ മത്സരം ഉണ്ടെന്നും നയൻസ് തന്റെ അടുത്ത സുഹൃത്ത് അല്ലെന്നും തൃഷ വ്യക്തമാക്കി. വല്ലപ്പോഴും ഇവന്റുകളിൽ കാണാറുണ്ടെന്നും എന്തെങ്കിലും സംസാരിക്കുമെന്നുമാണ് തൃഷ പറഞ്ഞത്.
പൊതുവെ മറ്റ് നായികമാരെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കുന്ന തൃഷ നയൻതാരയെക്കുറിച്ചുള്ള വാക്കുകൾ ചുരുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നയൻതാരയും തൃഷയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അതേസമയം നിലവിൽ രണ്ട് പേർക്കും തമിഴിൽ കൈന നിറയെ അവസരങ്ങളാണ്. കണക്ട് ആണ് നയൻതാരയുടെ ഏറ്റവും പുതിയ സിനിമ. രാംഗി ആണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.


Click it and Unblock the Notifications