70ാം വയസിൽ മറ്റൊരു ഭാര്യ, 'കുട്ടികളുണ്ടാകാൻ സ്റ്റിറോയ്ഡ്'; സ്വന്തം മക്കൾ എൻടിആറിനെതിരെ തിരിഞ്ഞെന്ന് ലക്ഷ്മി
ആന്ധ്രപ്രദേശ്, തെലങ്കാന ജനങ്ങൾക്ക് മറക്കാനാകാത്ത പേരാണ് എൻടി രാമറാവു. എൻടിആറെന്നാൽ ഇന്നും ജനവികാരമാണ്. എൻടിആറിന്റെ പിൻതലമുറ തെലുങ്ക് രാഷ്ട്രീയത്തിലും സിനിമയിലും പ്രബലരാണ്. എൻടിആറിന്റെ മക്കളിലൊരാളാണ് നന്ദമൂരി ബാലകൃഷ്ണ. ജൂനിയർ എൻടിആർ കൊച്ച് മകനും. സിനിമ പോലെ നാടകീയമാണ് എൻടിആർ കുടുംബത്തിലുണ്ടായ പല സംഭവങ്ങളും. ജൂനിയർ എൻടിആറിനെ കുടുംബാംഗമായി അംഗീകരിക്കാൻ ബാലകൃഷ്ണയടക്കമുള്ള ബന്ധുക്കൾ തയ്യാറായില്ലെന്ന് ഒരു കാലത്ത് സംസാരമുണ്ടായിരുന്നു.
എൻടിആറിന്റെ മക്കളിലൊരാളായ നന്ദമൂരി ഹരികൃഷ്ണയ്ക്ക് കുടുംബം അംഗീകരിക്കാത്ത രണ്ടാം വിവാഹ ബന്ധത്തിലുണ്ടായ മകനാണ് ജൂനിയർ എൻടിആർ. എൻടിആറിന്റെ ജീവിതത്തിലും ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ 1985 ൽ കാൻസർ ബാധിച്ച് മരിച്ചതാണ്. വാർധക്യത്തോട് അടുത്ത നാളുകളിൽ എൻടിആർ മറ്റൊരു സ്ത്രീയുമായി അടുത്തു. ലക്ഷ്മി പാർവതി എന്നായിരുന്നു ഇവരുടെ പേര്. കോളേജ് ലക്ചറായ ലക്ഷ്മി പാർവതിയുടെെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്.

എൻടിആറിന്റെ ബയോഗ്രഫി എഴുതാൻ വേണ്ടിയാണ് ലക്ഷ്മി പാർവതി ഇദ്ദേഹത്തെ കാണുന്നത്. ഇടയ്ക്കിടെ കാണാൻ തുടങ്ങിയ ഇരുവരും അടുത്തു. എൻടിആറിന്റെ കാര്യങ്ങളെല്ലാം ലക്ഷ്മി പാർവതി ശ്രദ്ധിക്കാൻ തുടങ്ങി. തങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കൽ ലക്ഷ്മി പാർവതി തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞാനദ്ദേഹത്തെ കാണാൻ വരുമായിരുന്നു. ഒരു ദിവസം നീ എന്നെ വിവാഹം ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചു.
എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് ഞാനന്ന്. ഒരു മകനുമുണ്ട്. മറുപടി പറയാൻ ഒരു മാസത്തെ സമയം ചോദിച്ച താൻ ഒരു മാസത്തിന് ശേഷം സമ്മതം പറഞ്ഞെന്നും ലക്ഷ്മി പാർവതി ഓർത്തു. എഴുപത് വയസാണ് അന്ന് എൻടിആറിന്. ലക്ഷ്മി പാർവതി മധ്യവയസ്കയും. 1992 ൽ സ്വകാര്യമായി വിവാഹം നടന്നു. 1993 ൽ ഒരു സിനിമയുടെ ഇവന്റിൽ വെച്ച് വിവാഹക്കാര്യം എൻടിആർ തുറന്ന് പറയുകയും ചെയ്തു. വിവാഹം നടക്കുമ്പോൾ എൻടിആർ അധികാരത്തിലല്ല. കഴിഞ്ഞ ഇലക്ഷനിൽ ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു.

1994 ൽ നടന്ന ഇലക്ഷനിൽ എൻടിആറിന്റെ ടിഡിപി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇതോടെ എൻടിആറിന്റെ ഭാഗ്യമായി ലക്ഷ്മി പാർവതിയെ അണികൾ വാഴ്ത്തി. എന്നാൽ സന്തോഷകരമായ തങ്ങളുടെ വിവാഹ ജീവിതത്തിൽ എൻടിആറിന്റെ മക്കളിൽ അസൂയയുണ്ടാക്കിയെന്നും ഇവർ ഗൂഢാലോചനകൾ നടത്തിയെന്നും ലക്ഷ്മി പാർവതി പിന്നീട് ആരോപിച്ചിട്ടുണ്ട്.
സ്വന്തം പാർട്ടിയിൽ തന്നെ വിള്ളലുകൾ വന്നു. ഇതിനെതിരെ ശക്തമായ നീക്കങ്ങൾ നടത്തവെയാണ് എൻടിആർ ഹൃദയാഘാതം വന്ന് മരിക്കുന്നത്. ഈ മരണത്തിന് പിന്നിൽ എൻടിആറിന്റെ കുടുംബമാണെന്ന് ലക്ഷ്മി പാർവതി ആരോപിച്ചു. എന്നാൽ മരണത്തിന് പിന്നിൽ ലക്ഷ്മി പാർവതിയാണെന്ന് നന്ദമൂരി ഹരികൃഷ്ണ ആരോപിച്ചു.
അദ്ദേഹത്തിൽ തനിക്ക് കുഞ്ഞ് വേണമെന്ന് ലക്ഷ്മി പാർവതി ആഗ്രഹിച്ചു. അതിന് വേണ്ടി സ്റ്റിറോയ്ഡുകൾ നൽകി. വാർധക്യത്തിൽ സ്റ്റിറോയ്ഡ് നൽകിയത് മരണത്തിന് കാരണമായെന്നായിരുന്നു ഹരികൃഷ്ണയുടെ ആരോപണം. എന്നാൽ ലക്ഷ്മി പാർവതി ഈ ആരോപണം നിഷേധിച്ചു. വളരെ കുറച്ച് കാലം മാത്രമേ എൻടിആറിനൊപ്പം ജീവിക്കാൻ കഴിഞ്ഞുള്ളൂ. പൂജാമുറിയിൽ ഭർത്താവിന്റെ ഫോട്ടോ വെച്ച് താൻ പൂജിക്കുന്നുണ്ടെന്ന് ഒരിക്കൽ ലക്ഷ്മി പാർവതി പറഞ്ഞിരുന്നു.


Click it and Unblock the Notifications











