'സിൽക്ക് സ്മിത ജീവിതത്തിന്റെ നിയന്ത്രണം ആ വ്യക്തിക്ക് കൊടുത്തു; നടിയെ ബാധിച്ചത് സാമ്പത്തിക പ്രശ്നമല്ല'
തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന മാദക താരമാണ് സിൽക് സ്മിത. സിനിമകളിലെ ഗ്ലാമർ ഐക്കണായി അറിയപ്പെട്ട നടിയുടെ ജീവിതത്തിൽ ഇന്നും ദുരൂഹതകളേറെയാണ്. തന്റെ കുടുംബത്തെക്കുറിച്ച് എവിടെയും സ്മിത അധികം പരാമർശിച്ചിട്ടില്ല. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. ഈ മരണത്തിന് കാരണമെന്തായിരുന്നെന്നും വ്യക്തമല്ല. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സിനിമാ രംഗത്ത് നിന്ന് സാമ്പത്തിക നഷ്ടം വന്നതും വിശ്വസിച്ചിരുന്നവർ ചതിച്ചതുമാണ് സിൽക് സ്മിതയെ ബാധിച്ചതെന്നാണ് ചിലർ പറയുന്നത്.
സിൽക് സ്മിതയെക്കുറിച്ച് പഴയ കാല നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'ഒരുപാട് പേർ പറയുന്നുണ്ട് സിനിമയെടുത്ത് സാമ്പത്തിക നഷ്ടം വന്നതിനാലാണ് സിൽക് ആത്മഹത്യ ചെയ്തതെന്ന്. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. സിൽക്കിന്റെ പടത്തിന്റെ ബിസിനസ് നമ്പർ വണ്ണായിരുന്നു. അതും ഇതും തമ്മിൽ ബന്ധമില്ല. എന്നാൽ അവരുടെ ജീവിതത്തിന്റെ മുഴുവൻ നിയന്ത്രണവും മറ്റൊരാൾക്ക് കൊടുത്തു'

'കാരണം അവൾക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. വിദ്യാഭ്യാസമില്ലെങ്കിൽ ജീവിതത്തിൽ വളരെ ബുദ്ധിമുട്ടാണ്. പഠിപ്പില്ലെങ്കിൽ ബാങ്കിൽ പോവുന്നതെങ്ങനെയെന്നയറിയില്ല. ഇൻകം ടാക്സിൽ എന്ത് ചെയ്യണമെന്ന് അറിയില്ല, ഇൻകം ടാക്സ് വകുപ്പ് ചോദിക്കുന്നതിന് മറുപടി നൽകാൻ പറ്റില്ല. പക്ഷെ അവർ നമ്മളെ വിശ്വസിക്കില്ല. ഇത്രയും പടത്തിൽ അഭിനയിക്കുന്ന നിങ്ങൾക്ക് ഇത് കൂടെ അറിയില്ലേ എന്ന് ചോദിക്കും. അവർ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. പക്ഷെ നടിമാർക്ക് അതേപറ്റി കാര്യമായി അറിയില്ല. അതറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്'
'സിൽക്കിന് താൻ സമ്പാദിച്ച പണത്തെക്കുറിച്ചോ വാങ്ങിയ സ്വത്തിനെക്കുറിച്ചോ അറിയില്ലായിരുന്നു. ഒപ്പു വെക്കാൻ പറഞ്ഞാൽ വെക്കും. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. കൊറിയോഗ്രഫർ പുളിയൂർ സരോജ സിൽക്കിന് ധാരാളം ഉപദേശങ്ങൾ കൊടുത്തിരുന്നു. നീ ഈ ആളുടെ കൂടെ കറങ്ങരുത്. നിന്റെ ജീവിതം ശ്രദ്ധിക്ക്. ഒരു നല്ല വക്കീലിനെയും ഓഡിറ്ററെയും വെക്ക് , നീയാണ് സമ്പാദിക്കുന്നത് നീ എന്തിന് ഭയപ്പെടണം എന്നൊക്കെ പറഞ്ഞ് ഒരുപാട് ഉപദേശിച്ചു'

എന്നാൽ സിൽക്ക് എന്തോ കണ്ട് ഭയന്നു. അത് എന്താണെന്ന് ഇതുവരെ ആർക്കും അറിയില്ല. സിൽക്കിന് ആരും അടുത്ത സുഹൃത്തുക്കളായി ഇല്ലായിരുന്നു. കാരണം അവർ എപ്പോഴും തന്റെ മുന്നിൽ ഒരു മറവ് വെച്ചിരുന്നു. അതിൽ നിന്ന് അവൾ പുറത്ത് വരില്ലായിരുന്നെന്നും കുട്ടി പദ്മിനി പറഞ്ഞു.
സിൽക്ക് സ്മിതയും പഴയകാല നടൻ കാർത്തിക്കും തമ്മിൽ പ്രണയമാണെന്ന ഗോസിപ്പുകൾ അക്കാലത്ത് വന്നിരുന്നെന്നും കുട്ടി പദ്മിനി ഓർത്തു. പ്രസാദ് സ്റ്റുഡിയോയിൽ ഒരു തിയറ്റർ ഉണ്ട്. അതിലാലാണ് പതിവായി സിനിമകളുടെ പ്രിവ്യൂ കാണിക്കുക. അങ്ങനെ ഒരു സിനിമ കാണാൻ കാർത്തിക്കും സിൽക്കും അവിടെ വന്നിരുന്നു. തിയറ്ററിൽ നിന്നും എല്ലാവരും പുറത്ത് വന്നിട്ടും ഇവർ രണ്ട് പേർ മാത്രം വന്നില്ല. ഉള്ളിൽ നിന്നും ഇവർ തമ്മിൽ എന്തോ വഴക്കാണ്. പുറത്ത് വരുമ്പോൾ സിൽക്കിന്റെ മുഖം കരഞ്ഞ് ചുവന്നിരുന്നു. അത് ഞാൻ കണ്ടു.
ഒരു ദിവസം ഷൂട്ടിംഗിന് സിൽക്ക് വളരെ വിഷമത്തോടെയാണ് വന്നത്. എന്താണ് സംഭവിച്ചതെന്ന് അക്ക ചോദിച്ചു. ജീവിതം വളരെ ദുഖകരമാണ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഇത്രയും പണമുണ്ടായിട്ട് എന്താണ് കാര്യമെന്ന് സിൽക് അന്ന് പറഞ്ഞെന്നും കുട്ടി പദ്മിനി ഓർത്തു. സിൽക് ഏറ്റവും വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നെന്ന് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതാരാണെന്ന കൃത്യമായ വിവരം ആർക്കും അറിയില്ല.


Click it and Unblock the Notifications