മേക്കപ്പ് സാധനങ്ങളുമായി വന്നപ്പോൾ കാണുന്നത് കരയുന്ന അതിജീവിതയെ; അമ്മ ഷോയിൽ അന്ന് നടന്നത്: രഞ്ജു രഞ്ജിമാർ
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ ഏവരും ആശങ്കയുടെ മുൾ മുനയിൽ. അതിജീവിതയ്ക്ക് നീതി ലഭിക്കുമോ, എട്ടാം പ്രതി ദിലീപിന് ശിക്ഷ ലഭിക്കുമോ എന്നീ ചോദ്യങ്ങളാണ് ഏവർക്കും. അതിജീവിതയ്ക്ക് വേണ്ടി സംസാരിച്ച പലർക്കും കരിയറിൽ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവരിൽ ഒരാളാണ് രഞ്ജു രഞ്ജിമാർ. ഭീഷണിയുൾപ്പെടെ വന്നിട്ടും രഞ്ജു തന്റെ നിലപാടിൽ നിന്ന് പിന്മാറിയില്ല. കേസിൽ മൊഴി കൊടുക്കുകയും ചെയ്തു. ഇതേക്കുറിച്ച് ഒരിക്കൽ രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സാക്ഷി പട്ടികയിൽ വരുന്നത്. ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോൺ സംഭാഷണം പൊലീസുകാർക്ക് കിട്ടി. ഇവരുടെയെല്ലാം ഫോൺ ടാപ്പ് ചെയ്തപ്പോഴോ പിടിച്ച് വാങ്ങിച്ചപ്പോഴോ കിട്ടിയതാണെന്ന് അറിയില്ല. ഞാൻ ഹെെദരാബാദിൽ ഒരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. എന്നെ തുടരെ വിളിക്കുന്നു. നിങ്ങളെ ഒന്ന് കാണണം എന്ന് പറഞ്ഞു. വരാമെന്ന് പറഞ്ഞ ഞാൻ പിന്നെ അത് വിട്ടു.

നാട്ടിലെത്തി കുറേ നാൾ കഴിഞ്ഞപ്പോഴാണ് പൊലീസ് വിളിപ്പിക്കുന്നത്. അവിടെ ചെന്നപ്പോൾ ഞാനയച്ച വോയിസ് മെസേജ് കേൾപ്പിച്ചു. ഇത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. വേറൊരു വോയ്സ് കേൾപ്പിച്ചിട്ട് ഇത് ആ നടിയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. എന്തായിരുന്നു കാര്യം എന്ന് ചോദിച്ചു. നടിയുടെ അച്ഛൻ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു ഇത്. ബാക്കി കാര്യങ്ങൾ ചോദിച്ചു.
2013 ൽ നടന്ന അമ്മ ഷോയിൽ എന്താണ് നടന്നതെന്ന്. ആ സമയത്ത് ഞാനുണ്ട്. നടിക്ക് മേക്കപ്പ് ചെയ്തത് ഞാനാണ്. മൂന്നോ നാലോ നടിമാർക്ക് അന്ന് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ഞാൻ കുറച്ച് ഓവർ എക്സെെറ്റ്മെന്റുള്ള ആളാണ്. ഞാൻ മേക്കപ്പ് ചെയ്യുന്ന നടിമാർ മറ്റ് നടിമാരേക്കാൾ മികച്ച് നിൽക്കണമെന്നുണ്ട്. അതിന് വേണ്ടി ഞാനെന്തും പോയി മേടിക്കും. അങ്ങനെ ഞാൻ കുറേ സാധനങ്ങൾ ബ്രോഡ് വേയിൽ നിന്ന് കലക്ട് ചെയ്ത് അബാദ് പ്ലാസയിൽ വരുമ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്.

ഞാൻ ഈ നടി എവിടെയെന്ന് ചോദിച്ചപ്പോൾ റൂമിലുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് നോക്കുമ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് എന്നോട് ഈ കാരണങ്ങൾ പറഞ്ഞത്. ഇത് മാത്രമേ എനിക്കറിയുള്ളൂ എന്നും രഞ്ജു രഞ്ജിമാർ അന്ന് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാർ.


Click it and Unblock the Notifications











