നാല് സിനിമകളിലും കമലുമായി പ്രശ്നം; മനുഷ്യത്വം വേണമെന്ന് മീര; ശരിക്കും പ്രശ്നക്കാരിയോ? നടി പറഞ്ഞത്
മീര ജാസ്മിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. മീര ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ഒരു കാലത്തുണ്ടായിരുന്നെന്നും ഇതിനുമപ്പുറം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മുന്നറിയിപ്പില്ലാതെ മീര പോയതിന് താനും സാക്ഷിയാണെന്നും ആലപ്പി അഷ്റഫ് പറയുകയുണ്ടായി. സംവിധായകൻ കമൽ മീരയ്ക്കെതിരെ ഉന്നയിച്ച പഴയ ആരോപുണങ്ങളും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
മീരയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് കമൽ 2015 ൽ ഉന്നയിച്ചത്. നടിയുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളായിരുന്നു ഇത്. എന്താണ് മീരയും കമലും തമ്മിലുണ്ടായ പ്രശ്നമെന്നതിൽ പലർക്കും ഇന്നും വ്യക്തതക്കുറവുണ്ട്. കമൽ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങിയ നായിക നടിയാണ് മീര ജാസ്മിൻ.
സ്വപ്നക്കൂട്, ഗ്രാമഫോൺ, പെരുമഴക്കാലം, മിന്നാമിന്നിക്കൂട്ടം എന്നീ നാല് കമൽ ചിത്രങ്ങളിൽ മീര നായികയായെത്തി. എല്ലാത്തിലും ശ്രദ്ധേയ വേഷമാണ് മീര ജാസ്മിന് ലഭിച്ചത്. ഈ നാല് സിനിമകളുടെ സെറ്റിലും മീര ഓരോ തരത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് കമൽ ആരോപിച്ചത്.

സെറ്റിൽ കൃത്യസമയത്ത് വരുന്നില്ല, അണിയറ പ്രവർത്തകരോട് ദേഷ്യം തുടങ്ങിയവയായിരുന്നു കമലിന്റെ ആരോപണങ്ങൾ. ഗ്രാമഫോണിന്റെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻമാരോട് മീര മോശമായി പെരുമാറിയെന്നും കോസ്റ്റ്യൂം ഡിസെെനർ എസ്ബി സതീഷ് നൽകിയ വസ്ത്രം അദ്ദേഹത്തിന്റെ നടി വലിച്ച് കീറിയെന്നും കമൽ ആരോപിച്ചു.
അതേസമയം ഇത്തരം ആരോപണങ്ങളെ മീര ജാസ്മിൻ അക്കാലത്ത് തള്ളിക്കളയുകയാണുണ്ടായത്. ഒരിക്കൽ മനോരമ ന്യൂസുമായുള്ള അഭിമുഖത്തിൽ ടോക്സിക്കായ വർക്ക് സ്പേസുകളെക്കുറിച്ച് മീര സംസാരിച്ചിട്ടുണ്ട്. ചില സെറ്റുകൾ തനിക്ക് അസഹനീയമായിരുന്നെന്നും നടി വ്യക്തമാക്കി. കമലിനെ പോലെ ഹിറ്റ് സിനിമകൾ മീരയ്ക്ക് നൽകിയ സംവിധായകനാണ് സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് അഭിനേതാക്കളോട് പെരുമാറുന്ന രീതി പല സംവിധായകരും കണ്ട് പഠിക്കണമെന്ന് മീര ജാസ്മിൻ അന്ന് പറയുകയുണ്ടായി.
ആർട്ടിസ്റ്റിനെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നറിയാവുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തെ കണ്ട് എല്ലാവരും ഒന്ന് പഠിക്കണം. തനിക്ക് അമിത സ്വാതന്ത്രമെടുക്കാനും വഷളാകാനോ ഉള്ള പാമ്പറിംഗ് അല്ല സത്യൻ അന്തിക്കാട് തരുന്നത്. തന്റെ വർക്കിനാണ് പ്രാധാന്യം. എനിക്ക് നല്ല രീതിയിൽ പെർഫോം ചെയ്യാനുള്ള അന്തരീക്ഷം കിട്ടണം. അത് കിട്ടിക്കഴിഞ്ഞാൽ അത് മതിയെന്നും മീര ജാസ്മിൻ വ്യക്തമാക്കി.

ആദ്യം വേണ്ടത് മനുഷ്യത്വമാണ്. മനുഷ്യരാണ് അഭിനയിക്കുന്നതെന്ന് അറിയാമല്ലോ. അപ്പോൾ അവർക്ക് ചില പ്രശ്നങ്ങൾ കാണും അല്ലെങ്കിൽ അവർ ക്ഷീണിതരായിരിക്കും.ഇത് മനസിലാക്കാൻ പറ്റുന്ന സംവിധായകൻ വേണം. സംവിധായകനെ എന്തുകൊണ്ട് ക്യാപ്റ്റൻ എന്ന് വിളിക്കുന്നു. ചുമ്മാ സെറ്റ് നന്നായിട്ടോ ലെെറ്റപ്പ് നന്നായിട്ടോ കാര്യമില്ല. ആർട്ടിസ്റ്റിന്റെ മുഖത്ത് നിന്ന് അഭിനയം വരണമല്ലോ. അതിന് വേണ്ടി അവരെ മനസിലാക്കി ഹാൻഡിൽ ചെയ്യുന്ന സംവിധായകൻ വേണം, മീരയുടെ വാക്കുകളിങ്ങനെ.
പാട്ടിന്റെ പാലാഴിയിൽ രാജീവേട്ടൻ (രാജീവ് അഞ്ചൽ) എനിക്ക് വളരെ കംഫർട്ടബിൾ ആയിരുന്നു. അദ്ദേഹം ആർട്ടിസ്റ്റിന്റെ കംഫർട്ട് അനുസരിച്ച് ആ രീതിയിൽ പെരുമാറും. നല്ലൊരു വ്യക്തിയാണ്. ഷൂട്ടിംഗ് കഴിഞ്ഞാലും പോകില്ല. എല്ലാവരും സംസാരിച്ച് കൊണ്ടിരിക്കും. ചിലയിടത്ത് ഷൂട്ടിംഗ് തുടങ്ങുമ്പോഴേ ഇത് അബദ്ധമായി പോയല്ലോ എന്നാണ് തീരുന്നതെന്ന് തോന്നും. അവിടെ വർക്ക് നന്നാവില്ല.
കംഫർട്ടബിളല്ലാത്ത സാഹചര്യത്തിലും അഭിനയിച്ചേ പറ്റൂ. എന്നും വെച്ച് പെട്ടെന്ന് വാ, ഷോട്ട് എടുക്കണം. ഇതാണ് മൂഡ് അഭിനയിക്കണം എന്ന് പറഞ്ഞാൽ അഭിനയിക്കാൻ പറ്റില്ല. അങ്ങനെയുള്ളവരുടെ കൂടെ ഞാൻ അഭിനയിക്കുകയുമില്ല. ചിലപ്പോൾ അഭിനയിക്കേണ്ട അവസ്ഥ വന്നിരിക്കാം. ഇനി എന്റെ കംഫർട്ടിനനുസരിച്ചേ ചെയ്യൂ എന്നും മീര പറഞ്ഞു. തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്ക് അവരുടെ ഉദ്ദേശം നടക്കാത്തതിലെ ദേഷ്യമാണെന്നും ഒരിക്കൽ ഇന്ത്യവിഷനുമായുള്ള അഭിമുഖത്തിൽ മീര ജാസ്മിൻ പറയുകയുണ്ടായി.


Click it and Unblock the Notifications