23 സിനിമകൾക്ക് അഡ്വാൻസ്, അബ്ബാസിന്റെ വീഴ്ചയ്ക്ക് കാരണം മാനേജർ; വിശാലിന്റെ ചതിയും: ബാലാജി പ്രഭു
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നടനാണ് അബ്ബാസ്. റൊമാന്റിക് ഹീറോയായി തിളങ്ങിയ അബ്ബാസിന് നിരവധി ആരാധകരുണ്ട്. അബ്ബാസ് മുൻനിര താരമായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ കരിയറിൽ വലിയ വീഴ്ച അബ്ബാസിന് നേരിടേണ്ടി വന്നു. ഇന്ന് വിദേശത്താണ് അബ്ബാസുള്ളത്. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അബ്ബാസ്. അബ്ബാസിനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാതൽ ദേശം എന്ന സിനിമയ്ക്ക് ശേഷം അബ്ബാസ് വലിയ താരമായിരുന്നെന്ന് ബാലാജി പ്രഭു പറയുന്നു.
23 പടങ്ങൾക്ക് അബ്ബാസിനെ ബുക്ക് ചെയ്തു. അത് വലിയ കാര്യമാണ്. പക്ഷെ ഈ പടങ്ങളുടെ കഥ കേട്ടില്ല. ആരാണ് പ്രൊഡ്യൂസറെന്നോ ഡയരക്ടറെന്നോ നോക്കിയില്ല. ഈ മേഖലയിൽ പരിചയമില്ലാത്തതാണ് ഇതിനെല്ലാം കാരണം. ഒരു മാനേജരുണ്ടായിരുന്നു. അബ്ബാസിനെ വെച്ച് സമ്പാദിക്കാനാണ് അയാൾ നോക്കിയത്. കരിയർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയില്ല. വിജയ് അഭിനയിച്ച കാതലിക്ക് മര്യാദെ എന്ന സിനിമയിൽ ഫാസിൽ ആദ്യം അബ്ബാസിനെ പരിഗണിച്ചിരുന്നു. ഫാസിൽ മാനേജരോട് അന്വേഷിച്ചപ്പോൾ 23 പടങ്ങൾ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. ഡേറ്റില്ല എന്ന് പറഞ്ഞു. ജീൻസ് എന്ന സിനിമയിലെ അവസരവും ഇങ്ങനെ ഇല്ലാതായി.

അബ്ബാസിന്റെ റിലീസായ സിനിമകൾ പരാജയപ്പെടുന്നത് കണ്ടതോടെ അഡ്വാൻസ് കൊടുത്ത 23 സിനിമകളുടെ നിർമാതാക്കൾ പിന്മാറി. അഡ്വാൻസ് തിരികെ വാങ്ങി. പിന്നീടാണ് അബ്ബാസിന് തന്റെ പിഴവ് മനസിലായത്. അപ്പോഴേക്കും വെെകിയിരുന്നെന്ന് ബാലാജി പ്രഭു പറയുന്നു. നായക നിരയിൽ നിന്നും സെക്കന്റ് ഹീറോയായി അബ്ബാസ് മാറി. എല്ലാവരും അബ്ബാസിനെ പരിഹസിക്കാൻ തുടങ്ങി.
ഇങ്ങനെയിരിക്കെ സിസിഎൽ ക്രിക്കറ്റിന് അബ്ബാസ് തുടക്കം കുറിച്ചു. എല്ലാ ഭാഷകളിലെയും നടൻമാരെയും ഒന്നിച്ച് കൊണ്ട് വന്ന്, കഷ്ടപ്പെട്ട് സ്പോൺസർഷിപ്പ് പിടിച്ച്, സ്വന്തം പണവും ഇട്ട് സിസിഎൽ ക്രിക്കറ്റിന് തുടക്കം കുറിച്ചു. അത് വിജയകരമായി മുന്നോട്ട് പോയി. തെറ്റായ വഴിയിൽ പോകാതെ നല്ല രീതിയിൽ ചെയ്തു. പക്ഷെ നല്ല വരുമാനം വരുന്നത് കണ്ടപ്പോൾ അബ്ബാസിനോട് ചിലർ ദ്രോഹം ചെയ്തു.

വിശാലാണ് തന്നെ ചതിച്ചതെന്ന് അബ്ബാസ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ബാലാജി പ്രഭു ചൂണ്ടിക്കാട്ടി. വിശാലിന്റെ ഉള്ളിൽ വിഷമുണ്ട്. അതാര് കുത്തി നിറച്ചതാണെന്ന് അറിയില്ല. വിശാലിലെ വിഷം മറ്റ് ടീം അംഗങ്ങളിലേക്കും ബാധിച്ചു. പ്രശ്നത്തിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു. എല്ലാവരെയും ഒന്നിപ്പിക്കണമെന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. പ്രശ്നങ്ങൾ വന്നതോടെ സിസിഎൽ ടീമിൽ നിന്ന് താൻ പിന്മാറുകയായിരുന്നെന്ന് അബ്ബാസ് നേരത്തെ പറഞ്ഞിട്ടുണ്ട്.
ഭാര്യയോടൊപ്പം ന്യൂസിലന്റിലാണ് അബ്ബാസിപ്പോഴുള്ളത്. സിനിമയിലേക്ക് തിരിച്ചു വരാൻ ആരാധകർ പറയുന്നുണ്ടെങ്കിലും അബ്ബാസ് ന്യൂസിലന്റിൽ തന്റേതായ ജീവിതം നയിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ അബ്ബാസ് പങ്കുവെക്കാറുണ്ട്. അബ്ബാസിന്റെ മോട്ടിവേഷണൽ സംസാരങ്ങൾ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിൽ തനിക്കുണ്ടാവുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും അബ്ബാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. . പെട്രോൾ പമ്പിലും, മോട്ടോർ സൈക്കിൾ മെക്കാനിക്കായും, കൺസ്ട്രക്ഷൻ ഫീൽഡിലുമെല്ലാം അബ്ബാസ് വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അബ്ബാസ് ഐടി കമ്പനിയിലാണ്.


Click it and Unblock the Notifications











