സെറ്റിൽ അടി; സർക്കസുകാരുടെ യഥാർത്ഥ ജീവിതം; മൃഗങ്ങൾക്ക് കൊടുക്കാൻ ഭക്ഷണമില്ലാത്ത അവസ്ഥ; ജോക്കറിന് പിന്നിൽ
പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ സ്പർശിച്ച സിനിമയാണ് ദിലീപ് നായകനായെത്തിയ ജോക്കർ. ലോഹിതദാസ് തിരക്കഥയെഴുതിയ സംവിധാനം ചെയ്ത സിനിമ 2000 ലാണ് റിലീസ് ചെയ്യുന്നത്. ദിലീപ്, ബഹദൂർ, മന്യ, നിഷാന്ത് സാഗർ, ടിഎസ് രാജു, ബിന്ദു പണിക്കർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ സിനിമ സർക്കസുകാരുടെ ജീവിത കഥയാണ് പറഞ്ഞത്. ലോഹിതദാസിന്റെ ജനപ്രിയ സിനിമകളിലൊന്നാണ് ജോക്കർ. സർക്കസ് പശ്ചാത്തലത്തിൽ വന്ന സിനിമ പ്രേക്ഷകരെ സംബന്ധിച്ച് പുതുമയുള്ള വിഷയമായിരുന്നു.
വൈകാരികത നിറഞ്ഞ നിരവധി രംഗങ്ങൾ ജോക്കറിലുണ്ട്. ജോക്കർ സിനിമയ്ക്ക് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ചിത്രത്തിന്റെ സിനിമാേട്ടോഗ്രാഫർ വേണുഗോപാൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതം നിറഞ്ഞ ജീവിതമാണ് യഥാർത്ഥത്തിൽ സർക്കസുകാരുടേതെന്ന് വേണുഗോപാൽ മഠത്തിൽ ചൂണ്ടിക്കാട്ടി. യഥാർത്ഥ സർക്കസ് കൂടാരത്തിലായിരുന്നു ജോക്കറിന്റെ ഷൂട്ട്. ഒരു ഒറിജിനൽ സർക്കസ് പ്ലേ വാടയ്ക്ക് വാങ്ങിയാണ് ഷൂട്ട് ചെയ്തത്. സർക്കസുകാരുടെ ശരിയായ ജീവിതം കണ്ടു. പാവങ്ങളായ ആൾക്കാരാണ്. ജോക്കറിൽ ഇവർ പലിശയ്ക്ക് വാങ്ങിയിട്ട് അപ്പുറത്തുള്ള ടീം വന്ന് അടിയുണ്ടാക്കുന്ന സീനുണ്ട്.
യഥാർത്ഥത്തിൽ ലൊക്കേഷനിൽ അങ്ങനെ നടന്നിട്ടുണ്ട്. ഒരു ദിവസം രാത്രി ഷൂട്ട് ചെയ്യുമ്പോൾ ഒരു ഗ്രൂപ്പ് വന്ന് നിരത്തി അടി. ഞങ്ങൾക്കും കിട്ടി. ഞങ്ങളെല്ലാവരും ഓടി മാറി. എന്താണ് സംഭവമെന്ന് മനസിലാകുന്നില്ല. ഈ സർക്കസിന്റെ ആളുകൾ കഴിഞ്ഞ ടെന്റിന്റെ ആളുകളോട് പണം വാങ്ങിയിട്ട് കൊടുക്കാൻ പറ്റിയില്ല. അതിന്റെ പേരിലായിരുന്നു വഴക്കെന്നും സിനിമോട്ടോഗ്രാഫർ ഓർത്തു.

പാവങ്ങളായ പ്ലേയേർസിനെയാണ് അടിക്കുന്നത്. ചെറിയ പൈസയാണ് ആ പ്ലേയേർസിന് ലഭിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കൂടാരത്തിലെ മൃഗങ്ങൾക്ക് പലപ്പോഴും ഭക്ഷണം കൊടുക്കാൻ സർക്കസ് നടത്തുന്നവർക്ക് കഴിഞ്ഞില്ലെന്നും വേണു ഗോപാൽ മഠത്തിൽ തുറന്ന് പറഞ്ഞു.
ആനയ്ക്ക് കൊടുക്കാൻ പോലും ഭക്ഷണം ഇല്ല. അവരുടെ കൈയിൽ പൈസയുണ്ടാകില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസം സർക്കസ് കൂടാരത്തിനുള്ളിലുണ്ടായ സംഭവത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഒരു തമിഴൻ മദ്യപിച്ച് വന്ന് ബഹളം ഉണ്ടാക്കി. പിന്നെ അയ്യോ എന്ന ശബ്ദമാണ് കേൾക്കുന്നത്. ചെന്ന് നോക്കുമ്പോൾ ഇയാൾ സിംഹക്കൂട്ടിനുള്ളിൽ കൈയിട്ട് ഗുഡ് മോർണിംഗ് പറഞ്ഞു.
സിംഹം കൈയ്ക്ക് കടിച്ചു. മറ്റൊരു ദിവസം ലൈറ്റ് മാനെ സിംഹം കൂട്ടിനുള്ളിൽ നിന്ന് പിടിച്ചു. അവനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ചുമലിലെ മാംസം പോയതിനാൽ കാലിൽ നിന്നും മാംസമെടുത്ത് പരിക്ക് പറ്റിയിടത്ത് സർജറി ചെയ്യുകയായിരുന്നെന്ന് വേണുഗോപാൽ മഠത്തിൽ ഓർത്തു. സിംഹങ്ങൾക്കൊന്നും മതിയായ ഭക്ഷണം സർക്കസ് കൂടാരത്തിൽ നിന്നും ലഭിക്കുന്നില്ലായിരുന്നെന്നും വേണുഗോപാൽ മഠത്തിൽ അന്ന് ചൂണ്ടിക്കാട്ടി.
സർക്കസുകാരനായ ബാബു എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. അബൂക്ക എന്ന കഥാപാത്രമായി ബഹദൂറും സുശീല എന്ന കഥാപാത്രമായി ബിന്ദു പണിക്കരും മികച്ച പ്രകടനം ചിത്രത്തിൽ കാഴ്ച വെച്ചു. സിനിമയിലെ പല രംഗങ്ങളും ഇന്നും പ്രേക്ഷകർ ഓർക്കുന്നു. അടുത്തിടെയും ജോക്കറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ബിന്ദു പണിക്കർ സംസാരിക്കുകയുണ്ടായി.


Click it and Unblock the Notifications











