അശോകനെ ദുബായ് പാെലീസ് പിടികൂടി ജയിലിലടച്ചു; ഇന്നും അത് പറയുമ്പോൾ കണ്ണ് നിറയും; മുകേഷ്
മലയാള സിനിമയിൽ വ്യത്യസ്തമായ സിനിമകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ നടനാണ് അശോകൻ. അശോകനും നടൻ മുകേഷും ഇൻ ഹരിഹർ നഗർ ഉൾപ്പെടെ ഒരുപിടി സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അശോകനെക്കുറിച്ചുള്ള ഓർമ്മ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്.
'അശോകൻ പറഞ്ഞ ഒരു കഥ നിങ്ങളുമായി പങ്കുവെക്കാം. ഇത് അശോകനെക്കൊണ്ട് പ്രോഗ്രാമുകളിൽ ഞാൻ പറയിപ്പിച്ചിട്ടുണ്ട്. അതല്ലാതെ ചില സന്ദർഭങ്ങളിൽ ആ കഥ പറയൂയെന്ന് പറഞ്ഞാൽ ഒരു മടിയുമില്ലാതെ അശോകൻ പറയും'

'പക്ഷെ കരയും. കഥയുടെ തുടക്കത്തിൽ തന്നെ കണ്ണ് നിറയും. കഥ തീർന്ന് കുറേ നേരം അശോകൻ നിശബ്ദനായിരിക്കും. അന്നത്തെ കാലത്ത് ഗൾഫ് എന്നത് സിനിമാക്കാർക്ക് പോലും അത്ര റീച്ചബിൾ അല്ല. നാട്ടിലുള്ളവരൊക്കെ ഗൾഫിൽ പോവാൻ വേണ്ടി ചക്ര ശ്വാസം വലിക്കുകയാണ്. പക്ഷെ അശോകൻ ഗൾഫിൽ പോവും. അശോകന്റെ ഒന്ന് രണ്ട് ചേട്ടൻമാർ അവിടെ ജോലിയുമാണ് ബിസിനസും ചെയ്യും'

'അശോകൻ സിനിമാ ഷൂട്ടിനിടെ ഗ്യാപ്പ് വരുമ്പോൾ ചേട്ടൻമാരുടെയടുത്ത് പോവും. അങ്ങനെയൊരു പ്രാവശ്യം അശോകൻ ഗൾഫിൽ പോവുന്നു. നേരെ ഹോട്ടലിലെത്തി. പെട്ടെന്ന് കതകിലൊരു തട്ട്. തുറന്ന് നോക്കുമ്പോൾ ദുബായ് പൊലീസാണ്. എന്താണ് പ്രശ്നമെന്ന് അശോകൻ ചോദിച്ചു'
'മാറി നിൽക്കാൻ പറഞ്ഞു. തലയണ കീറി വരെ തിരച്ചിൽ നടന്നു. അശോകന് ഒന്നും മനസ്സിലായില്ല. അവസാനം യു ആർ അണ്ടർ അറസ്റ്റെന്ന് പൊലീസ് അശോകനോട് പറഞ്ഞു'

'ചേട്ടൻമാർ ജോലി കഴിഞ്ഞ് വന്നിട്ടില്ല. അവിടെയാെന്നും മലയാളികളെയും കാണാനില്ല. നേരെ അശോകനെ ഒരു ജീപ്പിൽ കയറ്റി. അശോകനെ സെല്ലിലേക്ക് കൊണ്ട് പോയി. പല സെല്ലുകളിലും പല രാജ്യക്കാർ കിടക്കുന്നു'
'അതിനകത്ത് നിന്ന് ഒരാൾ വിളിച്ച് പറഞ്ഞു അശോകനല്ലേ ആ പോവുന്നതെന്ന്. അത് കൂടെയായപ്പോൾ അശോകൻ തളർന്നു. തല കുമ്പിട്ടു. ആരെയും അറിയിക്കാൻ പറ്റുന്നില്ല, ഫോൺ വിളിക്കാൻ പറ്റില്ല. അശോകനവിടെ ഇരുന്ന് കരയുകയാണ്'

'വിവരമറിഞ്ഞ് ചേട്ടൻമാർ വന്നു, വക്കീലിനെയും സംഘടിപ്പിച്ച് ചേട്ടൻമാർ വന്നു, അകത്തോട്ട് പോവാൻ പറ്റുന്നില്ല. അവർ പറയുന്നത് മയക്ക് മരുന്ന് കള്ളക്കടത്താണ്, മയക്കു മരുന്ന് ഉപയോഗിക്കുന്ന ഇദ്ദേഹം ഇവിടെ വിൽക്കുന്നു'
'മയക്കു മരുന്നെന്നൊക്കെ പറഞ്ഞാൽ അവിടെ പുറം ലോകം കാണില്ല. എങ്ങനെ രക്ഷപ്പെടുത്തുമെന്ന് ആലോചിച്ച് ഇവർ നെട്ടോട്ടമോടുകയാണ്. അവിടെയാണ് അശോകൻ മഹാ ഭാഗ്യവാൻ. പിറ്റേ ദിവസം ദുബായിൽ അടൂർ ഗോപാലകൃഷ്ണന്റെ ഒരു ഫിലിം ഫെസ്റ്റിവൽ നടക്കുന്നു'

'അനന്തരം എന്ന സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. അതിൽ മമ്മൂട്ടിയാണ് നായകനെങ്കിലും വളരെ പ്രൊമിനന്റായ റോൾ അശോകൻ ചെയ്യുന്നുണ്ട്. സിനിമയുടെ ഷോ സംബന്ധിച്ച് ഖലീജ് ടൈംസിൽ അശോകന്റെ പടം വെച്ച് ഒരു റിപ്പോർട്ട് വന്നു'
'വക്കീൽ അതൊരു കച്ചിത്തുരുമ്പാക്കി. അദ്ദേഹം ഒരു പ്രമുഖ നടനാണ്, നിരപരാധിയാണെന്ന് പറഞ്ഞു. പൊസ് കുറച്ച് ഫോട്ടോ അശോകന്റെ മുമ്പിലിട്ട് കൊടുത്തു'
'കഞ്ചാവ് വലിക്കുന്നതും സിറിഞ്ച് കുത്തുന്നതുമെല്ലാം. പ്രണാമം എന്ന സിനിമയിൽ അശോകൻ അഭിനയിക്കുന്ന റോളാണത്. അതിന്റെ സ്റ്റിൽസായിരുന്നു'
'അത് മലയാളി സുഹൃത്തുക്കോളോ മറ്റോ വെട്ടിക്കൊടുത്ത് ഇദ്ദേഹം വലിയ ഡ്രഗ് ഡീലറാണെന്ന് പറയുകയായിരുന്നു. ഫോട്ടോ കണ്ട് ബോധ്യപ്പെട്ടപ്പോൾ അവർ അശോകനോട് സോറി പറഞ്ഞു,' മുകേഷ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications











