വിജയിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ; സഹപ്രവർത്തകനോട് ഇങ്ങനെ ചെയ്തയാൾക്ക് രാഷ്ട്രീയ പറ്റില്ലെന്ന് സോഷ്യൽ മീഡിയ
നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകത്ത് ഇപ്പോഴത്തെ ചർച്ച. ഏറെനാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. തമിഴ് വെട്രി കഴകം എന്ന പേരിൽ പാർട്ടിയും രജിസ്റ്റർ ചെയ്തു. സിനിമാ രംഗത്ത് തുടരില്ലെന്ന് വിജയ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്. നടൻ സിനിമാ രംഗം വിടുന്നത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും പുതിയാെരു മേഖലയിലേക്ക് താരം കടക്കുന്നതിന്റെ ആവേശവും കൗതുകവുമുണ്ട്.
സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തമിഴകത്ത് പുതിയ കാര്യമല്ല. എംജിആർ, ജയലളിത ലളിത തുടങ്ങിയവരെല്ലാം സിനിമകളിലൂടെ ജനപ്രീതി നേടിയ ശേഷം രാഷ്ട്രീയത്തിൽ വിജയം കൈവരിച്ചവരാണ്. വിജയ്ക്ക് ഇത് സാധിക്കുമോ എന്ന ചോദ്യം പലർക്കുമുണ്ട്. വിജയുടെ സ്വഭാവ രീതികളാണ് ഇക്കാര്യത്തിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. പൊതുവെ ഉൾവലിഞ്ഞ പ്രകൃതമാണ് വിജയ്ക്ക്. അധികമാരോടും സംസാരിക്കാറോ അടുത്തിടപഴകാറോ ഇല്ല. സഹപ്രവർത്തകരിൽ മിക്കവരും ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്.

ബോക്സ് ഓഫീസ് മൂല്യം, ആരാധകവൃന്ദം തുടങ്ങിയവ കാരണം വിജയുടെ സൂപ്പർതാര പദവിയെ ഈ പെരുമാറ്റ രീതികളൊന്നും ബാധിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിൽ നടൻ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലേണ്ടതുണ്ട്. ഇത് വിജയ്ക്ക് സാധിക്കുമോ എന്നാണ് മിക്കവരുടെയും ചോദ്യം. ഇത്തരം ചർച്ചകൾക്കിടെ നടൻ കൃഷ്ണ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
'ഞാനദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രമിച്ചിരുന്നു. ഫോൺ റിംങ് ചെയ്തു. സെക്രട്ടറിയോട് സംസാരിച്ചു. വിജയ് സാറോട് സംസാരിക്കണം, ഷാജഹാനിൽ അദ്ദേഹത്തോടൊപ്പം സെക്കന്റ് ഹീറോയായി അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ ഷാജഹാൻ വിജയ് സാറല്ല, ബീസ്റ്റ് വിജയ് സർ ആണെന്ന് സെക്രട്ടറി പറഞ്ഞു. അതിന്റെയർത്ഥം അദ്ദേഹത്തിന്റെ മുന്നിലിരിക്കാനും സംസാരിക്കാനും സാധിക്കുന്ന സമയം കഴിഞ്ഞു. അതാണ് ജീവിതം,' കൃഷ്ണ പറഞ്ഞതിങ്ങനെ.

കൃഷ്ണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വരുന്നത്. ഒരു സഹപ്രവർത്തകന് പോലും വിജയ്നെ കാണാൻ സാധിക്കുന്നില്ല, ഇത്തരമൊരാൾക്ക് എങ്ങനെ സാധാരണ ജനങ്ങളുമായി ഇടപഴകാൻ സാധിക്കുമെന്നാണ് പലരുടെയും കമന്റുകൾ. സിനിമാ താരമെന്ന ജനപ്രീതി രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നതിന് മാറിയ കാലത്ത് പരിമിതിയുണ്ട്. താരപ്രഭയ്ക്കപ്പുറം വിജയ്നെ അടുത്തറിയുമ്പോൾ ജനം തള്ളിക്കളയുമോ എന്ന ചോദ്യവും ബാക്കിയാണ്.
തമിഴ് ജനതയുടെ പ്രീതി ലഭിക്കാൻ വൈകാരികമായ പല ഘടകങ്ങളും താരങ്ങളും രാഷ്ട്രീയക്കാരും ഉപയോഗിക്കാറുണ്ട്. എന്നാൽ അടുത്ത കാലത്ത് വിജയിയെക്കുറിച്ച് വന്ന ഗോസിപ്പുകൾ ഈ ഘടകങ്ങളെയും ബാധിച്ചേക്കാം. അച്ഛൻ എസ്എ ചന്ദ്രശേഖറുമായി വിജയ് അകൽച്ചയിലാണെന്ന് ഏറെ നാളായി ഗോസിപ്പുണ്ട്. ഇതിൽ ചില സത്യങ്ങളുമുണ്ട്. രാഷ്ട്രീയ പ്രവേശന നീക്കങ്ങളിലൊന്നും പിതാവിനെ വിജയ് ഉൾപ്പെടുത്തിയിട്ടില്ല. സിനിമകളിൽ തീരുമാനമെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയിട്ട് ഏറെക്കാലമായി.
മാത്രവുമല്ല അച്ഛൻ വർഷങ്ങൾക്ക് മുമ്പ് വിജയുടെ പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചപ്പോൾ നടൻ കേസ് നൽകുക പോലും ചെയ്തു.
വിമർശകരുടെ അഭിപ്രായത്തിൽ മക്ക സൂപ്പർസ്റ്റാറുകളെയും പോലെ അടുപ്പക്കാരായ ചിലരുടെ വലയത്തിനുള്ളിലാണ് വിജയ്. ഇത് നടന് കരിയറിൽ പോലും വിലങ്ങ് തടിയായിട്ടുണ്ട്. വിജയുടെ രാഷ്ട്രീയ ഭാവിയിലേക്ക് ഉറ്റു നോക്കുകയാണ് തമിഴ് ജനത.


Click it and Unblock the Notifications