തലേന്ന് കഴിച്ച ചാരായം കൂടിപ്പോയി; ദാഹിച്ച് നിന്ന സാവിത്രിക്ക് നേരിടേണ്ടി വന്ന അവഗണന; ജോൺ പോൾ പറഞ്ഞത്
സിനിമാ ലോകത്തിന്റെ നല്ലതും മോശവുമായ വശങ്ങൾ കണ്ട താരമാണ് പഴയകാല നടി സാവിത്രി ഗണേശൻ. ഒരു കാലത്തെ താരറാണിയായിരുന്ന സാവിത്രിക്ക് പിന്നീട് താരത്തിളക്കവും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടു. മദ്യത്തിന് അടിമപ്പെട്ടിരുന്ന സാവിത്രിക്ക് സിനിമാ ലോകത്തെ പ്രതിഛായയും അക്കാലത്ത് നഷ്ടപ്പെട്ടു. സാവിത്രിയെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നു. സാവിത്രിയുടെ ജീവിതത്തിലെ തകർച്ച നേരിട്ട് കണ്ടതിനെക്കുറിച്ചാണ് ജോൺ പോൾ മുമ്പൊരിക്കൽ സഫാരി ടിവിയിൽ സംസാരിച്ചത്.
ഹരിപോത്തൻ നിർമ്മിച്ച അലാവുദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ പൂജാവേള. സത്യ സ്റ്റുഡിയോയിൽ ഒരു വലിയ സെറ്റൊരുക്കി. നർത്തകിമാരുടെ അകമ്പടിയോടെ നായികയായ ജയഭാരതിയുടെ സ്നാന
രംഗം ചിത്രീകരിക്കുകയാണ്. അത് കഴിഞ്ഞുള്ള രംഗം ചിത്രീകരിക്കുന്നതിനായി മറ്റ് ആർട്ടിസ്റ്റുകളും വന്നു കൊണ്ടിരിക്കുന്നു. ഞങ്ങൾ സംസാരിച്ചിരിക്കുന്നതിന് അൽപ്പം മാറിയുള്ള മരച്ചുവട്ടിൽ ഒരു ബെഞ്ചിൽ മധ്യവയസ്കായ സ്ത്രീ ഇരിക്കുന്നു.

മേക്കപ്പും കോസ്റ്റ്യൂമും ഇട്ടാണ് ഇരിക്കുന്നത്. ആ വഴി പോകുന്ന പ്രൊഡക്ഷൻ ബോയ്സിന്റെയെല്ലാം നേരെ കൈ നീട്ടി എന്തോ യാചിക്കുന്നത് പോലെ ചോദിക്കുന്നു. എന്നാൽ പ്രൊഡക്ഷൻ ബോയ്സ് അത് പരിഗണിക്കുക പോലും ചെയ്യാതെ കടന്ന് പോകുന്നു. ഒടുവിൽ ആരോ ചുക്കിചുളുങ്ങിയ അലുമിനിയം ഗ്ലാസിൽ അൽപം വെള്ളം കൊടുത്തു. ആർത്തിയോടെ അവരത് വായിലേക്ക് കമിഴ്ത്തിയെന്ന് ജോൺ പോൾ ഓർത്തു.
വീണ്ടും ദാഹം എന്ന അർത്ഥത്തിൽ കൈ നീട്ടിയപ്പോൾ അത് കാണാത്ത മട്ടിൽ ആളുകൾ മറ്റ് ജോലികളിലേക്ക് കടന്ന് പോയി. അവിടെ ഒരു കാർ വന്നു. അതിൽ നിന്നും മീന ( അന്തരിച്ച പഴയകാല നടി ) ഇറങ്ങി. ഞങ്ങളെല്ലാവരോടും സൗഹൃദം പങ്കിട്ട് മേക്കപ്പ് ചെയ്യാൻ പോകുമ്പോഴാണ് മരച്ചുവട്ടിരിക്കുന്ന സ്ത്രീയെ മീന കാണുന്നത്. ആരാണെന്ന് തിരിച്ചറിഞ്ഞതിന്റെ ആളലോടെ ഓടി അടുത്ത് ചെന്ന് വണക്കം അമ്മാ എന്ന് പറഞ്ഞു.

വല്ലാതെ ദാഹിക്കുന്നു, വെള്ളം ചോദിച്ചിട്ട് തരുന്നില്ല, ഇന്നലെ കഴിച്ചത് കൂടിപ്പോയി, കുറച്ച് വെള്ളം സംഘടിപ്പിച്ച് തരാമോ എന്ന് ആ സ്ത്രീ ചോദിച്ചു. മീന ഓടിച്ചെന്ന് ഒരു കെറ്റിൽ നിറയെ വെള്ളവും മേക്കപ്പ് റൂമിൽ നിന്ന് ഗ്ലാസും എടുത്ത് വന്നു. അവരുടെ കാലിൽ തൊട്ട് നമസ്കരിച്ച് മീന അകത്തേക്ക് പോയി.
ആരാണ് അതെന്ന് എനിക്കറിയില്ലായിരുന്നു. അരമണിക്കൂർ കഴിഞ്ഞ് മീന മേക്കപ്പിട്ട് പുറത്ത് വന്നു. മരച്ചുവട്ടിൽ അവഗണിക്കപ്പെട്ട് നിന്ന അതേ മേക്കപ്പും കോസ്റ്റ്യൂമും തന്നെയാണ് മീനയും ധരിച്ചിരുന്നത്. ചിത്രം നിർമ്മിക്കുന്നത് രണ്ട് ഭാഷകളിലായാണ്. തമിഴ് വെർഷനിൽ അഭിനയിക്കാൻ വന്ന നടിയാണ് അവർ. പക്ഷെ പരിഗണനയിൽ ഇത്ര വലിയ വ്യത്യാസം വന്നത് എങ്ങനെയെന്ന് ചിന്തിച്ചു.
മീന വീണ്ടും ആ സ്ത്രീയെ പോയി തൊഴുതു. ആ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ എന്ന് എന്റെയടുത്ത് വന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. അതിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്, വിധി വരുത്തിയ ക്രൂരത എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂയെന്ന് മീന. ഒരു കാലഘട്ടത്തിൽ ശിവാജി ഗണേശനും ജെമിനി ഗണേശനും എംജിആറും അവർ കാറിൽ നിന്ന് ഇറങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് ഭവ്യത കാണിക്കുമായിരുന്നു. പിന്നീട് ജെമിനി ഗണേശൻ അവരുടെ ജീവിത പങ്കാളിയായി. സാവിത്രി ഗണേശനാണ് അതെന്ന് മീന പറഞ്ഞെന്നും ജോൺ പോൾ വ്യക്തമാക്കി.
ഇന്നലെ കഴിച്ച ചാരായത്തിന്റെ അളവ് കൂടിപ്പോയത് കാരണം വല്ലാതെ ദാഹിക്കുന്നു, കുറച്ച് വെള്ളം എന്ന് യാചനാ പൂർവം പറയുമ്പോൾ അവർ ആരാണെന്ന് അറിയാത്ത പ്രൊഡക്ഷൻ ബോയ്സ് അവരെ അവഗണിക്കുന്നു. ഇതാണ് സിനിമയെന്ന് മീന തന്നോട് പറഞ്ഞതായും ജോൺ പോൾ അന്ന് ഓർത്തു.


Click it and Unblock the Notifications











