സിനിമയിൽ നിന്നുണ്ടാക്കിയ സമ്പാദ്യം എന്ത് ചെയ്തു?, ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്; ഷീല പറഞ്ഞത്
സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമാണ് നടി ഷീലയ്ക്കുള്ളത്. ഒരു കാലത്ത് നായിക നടിയായി മലയാളത്തിൽ സജീവമായിരുന്ന ഷീലയ്ക്ക് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. ഷീല, ശാരദ, ജയഭാരതി എന്നിവരായിരുന്നു അക്കാലത്തെ ഏറ്റവും തിരക്കേറിയ നടിമാർ. മലയാളത്തിലെ പ്രശസ്തമായ നോവലുകൾ സിനിമയാക്കിയപ്പോൾ അതിലെ നായിക ഷീലയായിരുന്നു. ഒരു ഘട്ടത്തിൽ നടി സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി തിരിച്ചെത്തിയത്. മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെ വീണ്ടും പ്രേക്ഷക പ്രീതി നേടാൻ നടിക്ക് സാധിച്ചു. ചെന്നെെയിലാണ് ഷീല മകനും കുടുംബത്തിനുമൊപ്പം താമസിക്കുന്നത്. അടുത്തിടെ അനുരാഗം എന്ന സിനിമയിലൂടെ ഷീല വീണ്ടും സാന്നിധ്യം അറിയിച്ചു. പഴയ കാലത്ത് ചില കലാകാരൻമാർക്ക് പിന്നീട് ജീവിതത്തിൽ തകർച്ചകൾ ഉണ്ടായിട്ടുണ്ട്. സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട നടി സാവിത്രിയുടെ ജീവിതം ഇതിന് ഉദാഹരണമാണ്.

എന്നാൽ ഷീലയ്ക്ക് ഇത്തരമൊരു സാഹചര്യം ഉണ്ടായില്ല. സിനിമയിൽ നിന്നുണ്ടായ സമ്പാദ്യം നടി നശിപ്പിച്ചില്ല. ചെന്നെെയിൽ ആഡംബര ജീവിതമാണ് ഷീല നയിക്കുന്നത്. സിനിമയിൽ നിന്ന് ലഭിക്കുന്ന പണം വിനിയോഗിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ആൾ ഞാനായിരുന്നു. പക്ഷെ അന്ന് ഞങ്ങൾക്ക് ബിസിനസോ മറ്റോ അറിയില്ല. എല്ലാം നിലങ്ങളായി വാങ്ങി. സ്റ്റുഡിയോയടുത്ത് സ്ഥലമുണ്ടെങ്കിൽ അത് മേടിക്കും. പണം തരാൻ ബാക്കിയുള്ളവർ ഞങ്ങളുടെ നിലം നിങ്ങൾക്ക് തന്നേക്കാം എന്ന് പറയും. ഇന്ന് ഒരുപാട് സ്ഥലങ്ങൾ എനിക്കുണ്ട്. ഊട്ടിയിലുണ്ട്, കോയമ്പത്തൂരിലുണ്ട്. ഒന്നും നശിപ്പിച്ചിട്ടില്ല. ഞാൻ വളരെ കരുതി ചെലവ് ചെയ്യുന്ന ആളാണ്.

കാരണം ഒരുപാട് കഷ്ടപ്പെട്ടല്ലേ ഉണ്ടാക്കിയത്. അന്നൊക്കെ ഒരു ആയിരം രൂപ എന്ന് പറഞ്ഞാൽ എനിക്ക് വലിയ കാര്യമാണ്. തനിക്ക് ആഭരണങ്ങളോടൊന്നും വലിയ ഇഷ്ടമല്ല. തുണികളോട് വലിയ ഇഷ്ടമാണ്. ഏത് കടയിൽ പോയാലും എനിക്ക് തുണി മേടിക്കണം. ചുമ്മാ ഇരിക്കുമ്പോൾ സരിയും ചുരിദാറുമൊക്കെ ഒരുപാട് വാങ്ങിക്കും. ഇപ്പോൾ പെയിന്റിംഗിന് വേണ്ടിയുള്ള ചെലവുണ്ട്. ബ്രഷുകളൊക്കെ വില കൂടിയതാണെന്നും ഷീല വ്യക്തമാക്കി.
പണ്ട് മാധ്യമ പ്രവർത്തകരുമായി സിനിമാക്കാർക്ക് നല്ല ബന്ധം ആയിരുന്നെന്ന് ഷീല പറയുന്നു. പണ്ട് പത്രങ്ങളാണ്. പ്രസ് റിപ്പോർട്ടർമാരുമായി ഞങ്ങൾക്ക് ഭയങ്കര അടുപ്പമായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു. ഇപ്പോൾ ഒരുപാട് മീഡിയകളായി. എന്താണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. അന്ന് തന്നെക്കുറിച്ച് ഗോസിപ്പുകളുണ്ടായിരുന്നു. അതൊക്കെയല്ലേ രസം. ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല, ചത്തു. ജീവിക്കുന്ന വെജിറ്റബിൾ പോലെയാകും.
ഗോസിപ്പ് വേണം. അതാെക്കെയുണ്ടെങ്കിലേ ജീവിതമുള്ളൂ. എങ്കിലേ ലൈം ലൈറ്റിൽ നിൽക്കാൻ പറ്റൂ. നമ്മളെ പറ്റി ഒരു ഗോസിപ്പ് വന്നാൽ നമ്മൾ വലിയ ആളാണെന്നല്ലേ അർത്ഥമെന്നും ഷീല ചോദിക്കുന്നു. മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications