അയാളോട് എനിക്ക് ദേഷ്യമായി, ഭാര്യയാകാൻ എനിക്ക് അർഹതയില്ലേയെന്ന് തോന്നി, ഇന്നായിരുന്നുവെങ്കിൽ....; ശ്രീവിദ്യ
സിനിമാലോകത്തിന് സംഭവിച്ച വലിയ നഷ്ടങ്ങളിൽ ഒന്നാണ് അകാലത്തിൽ സംഭവിച്ച നടി ശ്രീവിദ്യയുടെ വേർപാട്. സ്ത്രീ സൗന്ദര്യം എന്നാൽ വിദ്യാമ്മയാണെന്നാണ് ഇന്നും സിനിമയെ സ്നേഹിക്കുന്നവർ പറയാറുള്ളത്. എന്നാൽ മരണം വരെ സന്തോഷകരമായ ജീവിതം ശ്രീവിദ്യയ്ക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. അത്രയേറെ സ്നേഹിച്ചവരായിരുന്നു പിന്നീട് നടിയെ അഗാധമായ ദുഖത്തിലേക്ക് തള്ളി വിട്ടതും.
അതുകൊണ്ട് തന്നെ ആരോടൊക്കയോ ഉള്ള വാശി പോലെയായിരുന്നു ജീവിതം. താനുമായി വിവാഹം നിശ്ചയിച്ച് വെച്ചിരുന്ന പയ്യൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തപ്പോൾ അനുഭവിച്ച വേദനയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ തുറന്ന് പറഞ്ഞിരുന്നു.

ഇരുപത്തിരണ്ട് വയസ് മാത്രമായിരുന്നു അന്ന് ശ്രീവിദ്യയ്ക്ക് പ്രായം. വളരെ ഓർത്ത്ഡോക്സായ ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച പെൺകുട്ടി എങ്ങനെയാണ് ഇങ്ങനൊരു പ്രണയ ബന്ധത്തിൽ പെടുന്നതെന്ന് നടൻ സിദ്ദിഖ് ചോദിച്ചപ്പോഴാണ് ആദ്യത്തെ പ്രണയം നഷ്ടപ്പെട്ട കഥ നടി തുറന്ന് പറഞ്ഞത്. അയാൾ വിവാഹം കഴിച്ചുവെന്ന് അറിഞ്ഞശേഷം ആ വ്യക്തിയോട് ദേഷ്യമാണ് തോന്നിയതെന്നും നടി പറയുന്നു.
ഒരു പ്രത്യേക സ്റ്റേജിൽ എത്തുമ്പോൾ എല്ലാ ആണുങ്ങളും എല്ലാ പെണ്ണുങ്ങളും സ്വയം ചില കാര്യങ്ങളിലേക്ക് തള്ളിവിടപ്പെടും. അത് പ്രണയ ബന്ധമാണെങ്കിലും വിവാഹമാണെങ്കിലും. പിന്നെ എന്നെ കല്യാണം കഴിക്കേണ്ടയാൾ വേറൊരു പെൺകുട്ടിയെ വിവാഹം ചെയ്തപ്പോൾ എനിക്ക് അങ്ങ് ദേഷ്യമായി. ആ വ്യക്തിയുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ദേഷ്യം വന്നതോടെ ഇയാൾക്ക് കല്യാണം കഴിക്കാമെങ്കിൽ എനിക്ക് കല്യാണം കഴിച്ചൂടെ എന്ന് തോന്നി. അയാളുമായി എന്റെ കല്യാണം നിശ്ചയിച്ച് വെച്ചിരുന്നു. വീട്ടുകാർ എല്ലാവരും വന്ന് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഫിക്സ് ചെയ്തു. ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് വരെ തീരുമാനിച്ചിരുന്നു. അന്ന് ഞങ്ങൾ രണ്ടുപേർക്കും 22 വയസായിരുന്നു പ്രായം. അതുകൊണ്ട് മാത്രമാണ് ഒരു വർഷം കഴിഞ്ഞ് നടത്താമെന്ന് തീരുമാനിച്ചത്.
ആ ഒരു വർഷത്തിനിടയിൽ നമ്മൾ പല പല സംഗതികൾ അറിയുന്നു. അത് അക്സപ്റ്റ് ചെയ്യുകയും ചെയ്തിട്ട് അതേ നടക്കുകയുള്ളു ഇത് നടക്കില്ലെന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു എന്താ പറയാ... ഞാൻ സ്നേഹിച്ച് പോയതുകൊണ്ട് അയാളെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എനിക്ക് ഒരു ഭാര്യയാകാൻ അർഹതയില്ലേ അപ്പോൾ അങ്ങനൊരു പ്രായത്തിലുമാണല്ലോ.

ഇപ്പോൾ ആയിരുന്നുവെങ്കിൽ ഓക്കെ... ടാറ്റാ... ഈശ്വരോ രക്ഷതുവെന്ന് പറഞ്ഞ് പോകും എന്നുമാണ് ശ്രീവിദ്യ പറഞ്ഞത്. അന്ന് ശ്രീവിദ്യ പ്രണയിച്ചതും വിവാഹം നിശ്ചയിച്ചിരുന്നതും ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താരമായ കമൽഹാസനുമായിട്ടാണെന്ന് പറയപ്പെടുന്നു. നടിയുമായുള്ള പ്രണയം വേണ്ടെന്ന് വെച്ച് അന്ന് കമൽ വിവാഹം ചെയ്തത് വാണി ഗണപതിയെ ആയിരുന്നു.
ജീവന് തുല്യം സ്നേഹിച്ചിരുന്ന വ്യക്തി തന്നെ ഉപേക്ഷിച്ചുവെന്ന് അറിഞ്ഞശേഷം ഒരു വാശിയോടെയായിരുന്നു പിന്നീടുള്ള ജീവിതം. അങ്ങനെയാണ് സംവിധായകൻ ജോർജ് തോമസിനെ വിവാഹം ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു ദാമ്പത്യം താരത്തിന് ലഭിച്ചില്ല. ശ്രീവിദ്യയുടെ സ്വത്തിലും പണത്തിലുമായിരുന്നു ജോർജ് തോമസിന്റെ കണ്ണ്. ഭർത്താവിന്റെ ഉപദ്രവം പരിധി വിട്ടപ്പോഴാണ് നടി വിവാഹമോചനത്തിന് ഒരുങ്ങിയത്.
ഏറെക്കാലം അതിനായി നിയമ പോരാട്ടം നടത്തി. വീണ്ടുമൊരു പരാജയം താങ്ങാനുള്ള മനകരുത്ത് ഇല്ലാത്തതുകൊണ്ടാണ് താൻ വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതിരുന്നതെന്ന് നടി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











