മോഹൻലാൽ നല്ലവനായ റൗഡി, പക്ഷെ എനിക്ക് ആ ഇമേജ് പറ്റില്ല: അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ വൈറലാവുന്നു
മോഹൻലാൽ ഇന്ന് മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സൂപ്പർതാരം എന്ന പദവി നേടിയിരിക്കുകയാണ്. 2025ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ലെജൻഡറി താരത്തിന്റെ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾ ഗംഭീര വിജയങ്ങളിലൂടെ ലോക ബോക്സ് ഓഫീസിൽ സംയുക്തമായി നേടിയത് അഞ്ഞൂറ് കോടി രൂപയ്ക്ക് മുകളിലാണ്. എന്നാൽ ഈ അവസരത്തിൽ പോലും, മോഹൻലാൽ എന്ന നടനെയും താരത്തെയും അംഗീകരിക്കാനോ, അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം മാറ്റാനോ തയ്യാറായിട്ടില്ല അടൂർ ഗോപാലകൃഷ്ണൻ.
അടുത്തിടെ വിവാദ പരാമർശങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ നിന്നും, സിനിമ പ്രവർത്തകർക്കിടയിൽ നിന്നും സീനിയർ സംവിധായകൻ വലിയ വിമർശനങ്ങൾ നേരിട്ട് കോണ്ടിരിക്കുന്ന അവസരത്തിലാണ് അദ്ധേഹത്തിന്റെ മോഹൻലാലിനെ കുറിച്ചുള്ള പരാമർശം വൈറലാവുന്നത്. സൂപ്പർതാരത്തെ കുറിച്ച് തന്റെ മനസ്സിൽ ഒരു ഇമേജ് ഉണ്ടെന്നും, അത് തനിക്ക് ഒട്ടും പറ്റുന്ന ഒന്നല്ല എന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

"മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ, അയാളൊരു... സിനിമയിൽ വല്ലാത്തൊരു ഇമേജ് ആണ് അങ്ങേർക്ക് ഉള്ളത്. ഒരു നല്ലവനായ റൗഡി. എനിക്ക് ആ ഒരു തരം റോളുകൾ പറ്റില്ല. എനിക്ക് അങ്ങനെ ചെയ്യാൻ (അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ) ഒക്കുകയില്ല. നല്ലവനായൊരു റൗഡി എന്ന് പറഞ്ഞാൽ - ആ ഒരു തരം കഥാപാത്രങ്ങളിൽ എനിക്ക് വിശ്വാസമില്ല. റൗഡി റൗഡി തന്നെയാണ്. അയാൾ എങ്ങനെയാണ് നല്ലവനാവുന്നത്?" അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസ്സ് കേരളയ്ക്ക് 2023ൽ നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
ജീവിതത്തിൽ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണോ തങ്ങൾ കാണുന്നത് എന്ന് അവതാരക ചോദിച്ചപ്പോൾ, "അത് പോലെയല്ല ഇത്" എന്നാണ് അടൂർ ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞത്. "റൗഡി എന്നും റൗഡിയാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ലവനായ റൗഡി എന്ന സിനിമയിലെ ഇമേജ് ആണോ പ്രശ്‌നം എന്ന് അവതാരക വീണ്ടും ചോദിച്ചപ്പോൾ, അതെ എന്ന് സീനിയർ സംവിധായകൻ മറുപടി പറഞ്ഞു. അതല്ലാതെയും ഒരുപാട് സിനിമകൾ മോഹൻലാൽ ചെയ്തിട്ടില്ല എന്ന് അവർ ചോദിച്ചപ്പോൾ, "ഉണ്ടായിരിക്കാം... പക്ഷെ എന്റെ മനസ്സിൽ ഇപ്പോൾ ഉറച്ചിരിക്കുന്ന ഒരു ഇമേജ് അതാണ്," എന്ന് പറഞ്ഞ് സ്വന്തം വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു അടൂർ.

എന്നാൽ, അടൂർ ഗോപാലകൃഷ്ണൻ എന്നും കാണിക്കുന്നത് വെറും ധാർഷ്ട്യം മാത്രമാണെന്നും, അദ്ദേഹത്തെ പോലെയുള്ള സ്വയം പ്രഖ്യാപിത ബുദ്ധി ജീവികൾക്ക് ആരെയും അംഗീകരിക്കാൻ സാധിക്കാറില്ലെന്നും, ഈ വീഡിയോ കണ്ട പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ചില സിനിമകൾ കണ്ട് ഒരു നടന്റെ ഒരു തരത്തിലുള്ള ഇമേജ് മനസ്സിൽ ഉറച്ചു പോയി എന്ന് പറയുന്നുണ്ടെങ്കിൽ, അത് അദ്ദേഹത്തിലെ പ്രേക്ഷകന്റെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും ചിലർ കമന്റ് സെക്ഷനിൽ ചൂണ്ടിക്കാണിച്ചു. അടൂരിന്റെ സിനിമകൾക്ക് പ്രേക്ഷകരെ കിട്ടാതെ ഇരിക്കുമ്പോൾ, മോഹൻലാൽ ഏറ്റവും വലിയ താരമായി വളർന്നതിന്റെ ഈഗോ പ്രശ്നങ്ങൾ ആണെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. IMDb, https://www.youtube.com/@asianet, https://www.facebook.com/ActorMohanlal, എന്നീ പേജുകളിൽ നിന്നും എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











