ആൺസുഹൃത്തുക്കളോട് സംസാരിക്കാൻ ചെയ്ത കള്ളത്തരം; പിടിക്കപ്പെട്ടിട്ടുണ്ട്; ഇഷാനിയെക്കുറിച്ചും അഹാന
സിനിമാ താരമെന്ന നിലയിലാണ് പ്രേക്ഷകർക്ക് മുമ്പിൽ ആദ്യമെത്തിയതെങ്കിലും സോഷ്യൽ മീഡിയയിലൂടെയാണ് അഹാന കൃഷ്ണ ജനപ്രീതി നേടിയത്. യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവെച്ച കുടുംബ വിശേഷങ്ങളും മറ്റും വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടൊരു ഘട്ടത്തിൽ അഹാനയ്ക്കും കുടുംബത്തിനും നേരെ വ്യാപക സൈബർ ആക്രമണങ്ങളും ഉണ്ടായി. വിഷമകരമായ ഘട്ടമായിരുന്നെങ്കിലും ഇതിനെയും അതിജീവിക്കാൻ അഹാനയ്ക്ക് കഴിഞ്ഞു. തന്റെ കുടുംബത്തെക്കുറിച്ചും മറ്റും അഹാന മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വീട്ടിൽ പിടിക്കപ്പെട്ട കള്ളത്തരത്തെക്കുറിച്ചാണ് നടി സംസാരിച്ചത്.
ആദ്യമായി ട്യൂഷൻ ക്ലാസിൽ ബോയ്സുമായി സംസാരിക്കുമ്പോൾ അവരുടെ പേര് പെൺകുട്ടിയുടെ പേരായി ഫോണിൽ സേവ് ചെയ്യും. അതൊരു ദിവസം എന്തായാലും പിടിക്കപ്പെടും. അങ്ങനെയൊക്കെയുള്ള കള്ളങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി. ഞാൻ വളരെ ഇമോഷണലായ ആളാണ്. എനിക്ക് ഒരുവിധം എല്ലാത്തിനോടും അറ്റാച്ച്മെന്റ് ഉണ്ട്.

ഹോട്ടൽ റൂമിൽ രണ്ട് ദിവസം താമസിച്ച് പോകുമ്പോഴും ഞാൻ റൂമിനോട് ടാറ്റ പറയും. എന്റെ വീട്ടിൽ ഒരു ഡയറിയുണ്ട്. ഞാൻ ജനിക്കുന്ന സമയം തൊട്ട് ഒരു വർഷത്തേക്കുള്ള കുറേ കാര്യങ്ങൾ അമ്മ എഴുതി വെച്ച ഡയറി. വീടിന് തീ പിടിക്കുകയാണെങ്കിൽ ആ ഡയറിയാകും പുറത്തേക്ക് ഓടുമ്പോൾ എടുക്കുകയെന്ന് താൻ പറയാറുണ്ടെന്നും അഹാന വ്യക്തമാക്കി.
തന്റെ സഹോദരി ഇഷാനിയെക്കുറിച്ചും അഹാന അന്ന് സംസാരിച്ചു. കാര്യപ്രാപ്തിയുള്ള ആളാണ് ഇഷാനി. നമ്മൾ ഒരു കാര്യം അവളെ ഏൽപ്പിച്ചാൽ അവൾ ചെയ്യും. വിശ്വസിച്ച് ഏൽപ്പിക്കാം. പക്ഷെ അവൾക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും അഹാന അന്ന് ചൂണ്ടിക്കാട്ടി. എല്ലാവരോടും നല്ല രീതിയിൽ പെരുമാറാനാണ് അച്ഛൻ പറഞ്ഞ് തന്നത്. നമ്മുടെ ഉയർച്ചയിൽ കാണുന്നവരെ തന്നെയാണ് സ്വഭാവികമായി ഉണ്ടാകുന്ന താഴ്ചയിലും കാണേണ്ടി വരിക.

ഒരാൾ എന്ത് പൊസിഷനിലെന്ന് നോക്കിയായിരിക്കരുത് പെരുമാറ്റമെന്നാണ് അദ്ദേഹം പറയാറെന്നും അഹാന വ്യക്തമാക്കി. അച്ഛൻ രാഷ്ട്രീയത്തിൽ സജീവമാകുന്ന സമയത്ത് തനിക്കെതിരെ മോശം കമന്റുകൾ വന്നിട്ടുണ്ട്. അതിന്റെയാെരു ആവശ്യവും ഇല്ല. പക്ഷെ താനത് അവഗണിക്കാറാണ് പതിവെന്നും അഹാന അന്ന് പറഞ്ഞു. അടി എന്ന സിനിമയാണ് അഹാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇതിന് ശേഷം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അഹാനയെത്തി.
സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അഹാന വളരെ ശ്രദ്ധാലുവാണ്. കുറേക്കാലത്തേക്ക് സിനിമ ചെയ്തില്ലെങ്കിലും ഇഷ്ടപ്പെടാത്ത സിനിമകൾ വന്നാൽ ചെയ്യാൻ താൽപര്യമില്ലെന്ന് അഹാന അടുത്തിടെ പറയുകയുമുണ്ടായി. സിനിമാ രംഗത്ത് അഹാന സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടിയിൽ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോയാണ് അടിയിൽ നായക വേഷം ചെയ്തത്.
അഹാനയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇഷാനിയും ഹൻസികയും ചെറിയ വേഷം ചെയ്ത് അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ദിയ കൃഷ്ണ സിനിമാ രംഗത്തേക്ക് കടന്ന് വന്നിട്ടില്ല. അതേസമയം അടുത്തിടെയാണ് ദിയ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി. ദിയയുടെ ബ്രേക്കപ്പാണ് ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചയായത്.


Click it and Unblock the Notifications