പത്ത് ദിവസം അജിത്ത് അഭിനയിച്ചു, മണിരത്നവും സുഹാസിനിയുമായുള്ള പ്രശ്നത്തോടെ പിന്മാറി, അന്ന് സംഭവിച്ചത്!
തമിഴ് സിനിമയിലെ അജിത്തിന്റെ വളർച്ച ഒരു അത്ഭുതമായാണ് എല്ലാവരും കാണുന്നത്. സൂപ്പർസ്റ്റാർഡമുള്ള താരമായി മാറിയിട്ടും അജിത്ത് മറ്റ് അഭിനേതാക്കളെപ്പോലെ ആരോടും അലക്ഷ്യമായി സംസാരിക്കാറില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളിൽ പങ്കെടുക്കാറുമില്ല. ആരാധകരെ കാണാനും എത്താറില്ല. പൊതുസ്ഥലങ്ങളിൽ അജിത്തിനെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കുക.
പൊതുവെ താരങ്ങളെല്ലാം അഭിമുഖം, ഫാൻസ് മീറ്റ്, ഓഡിയോ ലോഞ്ച്, അവാർഡ് ഫങ്ഷൻ എന്നിങ്ങനെയുള്ളവയിൽ പങ്കെടുത്ത് ആരാധകരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കും. ഒരു തരത്തിലും തന്റെ സ്റ്റാർഡം വളർത്തുന്നതിനുള്ള ശ്രമങ്ങൾ അജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.
ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായി തന്റെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട ഏക താരം അജിത്ത് മാത്രമായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും അജിത്തിനോട് ഭ്രാന്തമായ ആരാധന കാത്തുസൂക്ഷിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ലോകത്തെമ്പാടുമായി ഉണ്ട്. എന്തുകൊണ്ടാണ് ഇത്രയേറെ ആരാധകർ അജിത്തിന് ഉണ്ടാകുന്നതെന്ന് പലപ്പോഴും സിനിമാപ്രേമികൾക്കുള്ള ഒരു ചോദ്യമാണ്.

ഹൈദരാബാദിൽ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തിൽ തമിഴ് സംസാരിക്കാൻ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് താൻ കേട്ട പരിഹാസങ്ങളെ കുറിച്ച് അജിത്ത് വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖങ്ങളിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ലാളിത്യത്തിന്റെ പ്രതീകമായിട്ട് കൂടിയാണ് അജിത്ത് പൊതുവെ അറിയപ്പെടുന്നത്.
ഒരു താരത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനെന്നും അജിത്തിനെ വിശേഷിപ്പിക്കാം. അജിത്ത് തന്റേതായ ചുരുങ്ങിയ ഒരു സർക്കിളിൽ ജീവിക്കുന്ന നടൻ കൂടിയാണ്. അജിത്തിന്റെ വിശേഷങ്ങൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നും താരത്തിനൊപ്പം അഭിനയിച്ച താരങ്ങളിൽ നിന്നുമാണ് പ്രേക്ഷകർ ചോദിച്ച് അറിയാറുള്ളത്.
അത്തരത്തിൽ ഇപ്പോഴിതാ നടൻ മാരിമുത്തു അജിത്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വാലി, ആസൈ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്. മുലപ്പാൽ എന്നാണ് അദ്ദേഹം അജിത്തിനെ വിശേഷിപ്പിക്കാറുള്ളത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. മുലപ്പാലിൽ മായം കലർത്താൻ ആർക്കും കഴിയില്ല.
അതുപോലെയാണ് അജിത്ത്. അത്രയും ക്ലീൻ മനുഷ്യനാണ് അജിത്ത് എന്നാണ് മാരിമുത്തു പറയുന്നത്. നേർക്കുനേർ എന്ന വിജയ് ചിത്രത്തിൽ നിന്നും അജിത്ത് പിന്മാറിയതിനുള്ള കാരണവും മാരിമുത്തു വെളിപ്പെടുത്തി. സൂര്യയാണ് വിജയ്ക്കൊപ്പം ചിത്രത്തിൽ അഭിനയിച്ചത്.

'പത്ത് ദിവസത്തോളം സിനിമയിൽ അജിത്ത് സൂര്യ ചെയ്ത കഥാപാത്രം ചെയ്തിരുന്നു. പിന്നീട് പിന്മാറിയപ്പോഴാണ് ആ വേഷം ചെയ്യാൻ സൂര്യ എത്തിയത്. നേർക്കുനേർ എന്ന ചിത്രത്തിൽ ആദ്യത്തെ പത്ത് ദിവസം അജിത്താണ് അഭിനയിച്ചത്. ആ സമയത്താണ് കാതൽകോട്ടൈ എന്ന ചിത്രം ഹിറ്റായത്. അതുകൊണ്ട് തന്നെ അജിത്ത് നല്ല തിരക്കിലായിരുന്നു.'
'മാത്രവുമല്ല വ്യക്തിപരമായ ചില കാര്യങ്ങൾ കൊണ്ടും അദ്ദേഹം വിഷാദത്തിലായിരുന്നു. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം നിർമ്മിച്ചത്. ഒരു വശത്ത് മണിരത്‌നവും സുഹാസിനിയും അജിത്തിന്മേൽ ചില സമ്മർദ്ദം അക്കാലത്ത് ചെലുത്തിയിരുന്നതും അദ്ദേഹം നേർക്കുനേരിൽ നിന്നും പിന്മാറാൻ കാരണമായി.'
'അജിത്തിന് ശേഷം പ്രശാന്തിനെ സിനിമയിൽ കാസ്റ്റ് ചെയ്യണോ എന്ന് ആലോചന വന്നിരുന്നു. എന്നാൽ പ്രശാന്ത് ജീൻസ് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. പിന്നീട് പ്രഭുദേവയോട് അഭിനയിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു നായകൻ നിരസിച്ച വേഷം ചെയ്യില്ലെന്ന് പ്രഭുദേവ പറഞ്ഞു.'
'ശേഷമാണ് ശിവകുമാറിന് സുന്ദരനായ ഒരു മകനുണ്ടെന്ന് അറിയുന്നതും സൂര്യ ഈ സിനിമ ചെയ്യാമെന്ന് കരാർ ഒപ്പിടുന്നതും. ആദ്യം സൂര്യ അഭിനയിപ്പിക്കുന്നതിനോട് ശിവകുമാറിന് താൽപര്യമുണ്ടായിരുന്നില്ല. വളരെ അധികം നേരം സംസാരിച്ചാണ് അണിയറപ്രവർത്തകർ സമ്മതം വാങ്ങിയെടുത്തതെന്നും', മാരിമുത്തു പറയുന്നു.


Click it and Unblock the Notifications