'ശാലിനിയുടെ ജാതകം വാങ്ങി അജിത്തിന്റെ വീട്ടുകാർ; ജ്യോത്സ്യനെ കാണിച്ചപ്പോൾ; മതം വിഷയമായിരുന്നു'
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും. അജിത്തിന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. 2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതരാവുന്നത്. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. തിരക്കേറിയ നടിയായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെയാണ് ശാലിനി വിവാഹത്തിന് തയ്യാറാകുന്നത്. ഒപ്പുവെച്ച സിനിമകളെല്ലാം തീർത്ത ശാലിനി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിന്നു. വർഷങ്ങൾക്കിപ്പുറവും സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ ശാലിനി തയ്യാറായിട്ടില്ല.
അജിത്ത്-ശാലിനി പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. അമർക്കളം സിനിമയുടെ സെറ്റിൽ ശാലിനിയോട് പ്രണയം പറയാൻ അജിത്ത് ഏറെ ശ്രമിച്ചു. ഈ സിനിമയിൽ കമ്മിറ്റ് ആകുമ്പോൾ തന്നെ അജിത്തിന് ശാലിനിയെ ഇഷ്ടപ്പെട്ടിരുന്നു. പ്രണയത്തിലായ ശേഷം വീട്ടിൽ സംസാരിച്ചു. വീട്ടിൽ ചെറിയ എതിർപ്പുകളുണ്ടായി. മതം സംബന്ധിച്ച വിഷയങ്ങൾ വന്നു. എന്നാൽ അതെല്ലാം താണ്ടി പ്രണയമാണ് വലുത് എന്നായപ്പോൾ അവർ സമ്മതം പറഞ്ഞു.

ശാലിനിയെ വിവാഹം കഴിക്കാൻ വേണ്ടി അജിത്ത് ഒരു കോടി രൂപ നടിയുടെ പിതാവിന് കൊടുത്തു എന്ന ഗോസിപ്പ് ഈ സമയത്ത് വന്നതാണ്. ഇത് സത്യമാണോ എന്നറിയില്ല. ശാലിനിയുടെ ജാതകം വാങ്ങി അജിത്തിന്റെ വീട്ടുകാർ വലിയൊരു ജോത്സ്യനെ കാണിച്ചു. പത്തിൽ പത്ത് പൊരുത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അജിത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി അജിത്തിന് എന്തൊക്കെ ഇഷ്ടമാണോ അതെല്ലാം വാങ്ങി. രാത്രി അജിത്തിന്റെ വീടിന്റെ മുന്നിൽ വെച്ചു. കതക് തുറന്നപ്പോൾ സർപ്രെെസായി.
അജിത്തിന് ഇഷ്ടപ്പെട്ടതെല്ലാമാണ് ശാലിനി കൊണ്ട് വെച്ചതെന്നും ചെയ്യാറു ബാലു പറയുന്നു. ഈ സ്നേഹവും മനസിലാക്കലും തുടരുന്നത് കൊണ്ടാണ് അവർ സന്തോഷകരമായി ജീവിക്കുന്നത്. ഇരുവരും തമിഴകത്തെ ആദർശ ദമ്പതികളാണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. തമിഴകത്തെ സൂപ്പർസ്റ്റാറാണെങ്കിലും കുടുംബത്തോടൊപ്പമുള്ള സമയത്തിന് അജിത്ത് പ്രാധാന്യം നൽകുന്നുണ്ട്. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞാൽ പിന്നീടുള്ള പ്രൊമോഷണൽ ഇവന്റുകൾക്കൊന്നും അജിത്ത് എത്താറില്ല. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടൻ സോഷ്യൽ മീഡിയയിലും ഇല്ല.

ബൈക്ക് റേസിംഗ് ഉൾപ്പെടെയുള്ള ഹോബികൾക്ക് നടൻ സമയം കണ്ടെത്തുന്നു. അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നത്. കഴിഞ്ഞ ദിവസമായിരുന്നു ശാലിനിയുടെ 43ാം പിറന്നാൾ ദിനം. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ശാലിനി മലയാളത്തിൽ നായികയായും ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. അനിയത്തി പ്രാവ്, നിറം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. അലൈ പായുതേ ഉൾപ്പെടെയുള്ള സിനിമകൾ തമിഴകത്തും വൻജനപ്രീതി നേടാൻ ശാലിനിയെ സഹായിച്ചു.
സിനിമാ രംഗം വിട്ട ശാലിനിയെ പിന്നീട് പരസ്യങ്ങളിലോ അഭിമുഖങ്ങളിലോ പോലും കണ്ടിട്ടില്ല. അതേസമയം അജിത്ത് ശാലിനിയുമായുള്ള വിവാഹ ശേഷം സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന തമിഴകത്തെ താര രാജാവാണ് അജിത്ത്. തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യർ നായികയായെത്തിയ സിനിമ വൻ ഹിറ്റായി. അജിത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











