മൂന്ന് മണിക്കൂർ മാത്രം ഉറങ്ങിയ നാളുകൾ, അന്നത് സംഭവിച്ചില്ലെങ്കിൽ എന്റെ മാനസിക നില...; അമല പോൾ പറഞ്ഞത്
ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ് നടി അമല പോൾ. രണ്ടാ വിവാഹത്തിനൊരുങ്ങുന്നെന്ന് കഴിഞ്ഞ ദിവസം നടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ജഗത് ദേശായിയാണ് അമലയുടെ പങ്കാളി. സംരഭകനായ ജഗതിനെക്കുറിച്ച് സിനിമാ ലോകത്തിന് അധികം അറിവില്ല. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ കണ്ട അമല പോൾ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്.
ജീവിതത്തിലെ വിഷമഘട്ടങ്ങൾ തന്റെ അഭിനയത്തെ സ്വാധീനിച്ചതിനെക്കുറിച്ച് അമല പോൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ മുഖം കഥാപാത്രങ്ങളെ ആകർഷിച്ചതാണെന്ന് കരുതുന്നു. രഞ്ജിഷ് ഹി സഹി എന്ന സീരീസിൽ അതിൽ ഞാൻ ചെയ്ത കഥാപാത്രം മെന്റലി അൺസ്റ്റേബിൾ ആണ്. ആ സമയത്ത് അച്ഛൻ അവസാന നാളുകളിലാണ്. എന്റെയുള്ളിൽ ഒരുപാട് ഇമോഷനുകളുണ്ടായിരുന്നു. ഈ കഥാപാത്രം ഞാൻ പെർഫോം ചെയ്യുമ്പോൾ ഈ ഇമോഷനുകൾ പൂർണമായും ചാനലൈസ് ചെയ്യാൻ പറ്റി.

ആ സമയത്ത് എനിക്കാ പ്രൊജക്ടില്ലെങ്കിൽ എന്റെ മാനസിക നില എങ്ങനെയായിരിക്കുമെന്ന് അറിയില്ല. മൂന്ന് നാല് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കും. ജിമ്മിൽ പോകും. മൂന്ന് മണിക്കൂർ മാത്രം ഉറങ്ങിയിട്ടും എങ്ങനെയിത് സാധിക്കുന്നു എന്നാണ് ഞാൻ ആലോചിച്ചത്. എന്റെ എനർജി ചാനലൈസ് ചെയ്യാൻ ഒരിടം വേണമായിരുന്നു. അത് ആ കഥാപാത്രത്തിലേക്ക് ചാനൽ ചെയ്തു. വ്യക്തിപരമായി കടന്ന് പോകുന്ന ഘട്ടങ്ങൾ തന്റെ ആർട്ടായി മാറുന്നെന്നും അമല അന്ന് വ്യക്തമാക്കി.
കരിയറിലെ തിരക്കേറിയ സമയത്ത് താൻ സന്തോഷവതിയായിരുന്നില്ലെന്നും അമല പോൾ തുറന്ന് പറഞ്ഞു. ഞാൻ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുകയായിരുന്നു. എന്റെ വിജയങ്ങൾ ആഘോഷിച്ചില്ല. എന്റെ ഏറ്റവും മോശം കംപാനിയൻ ഞാൻ തന്നെയായിരുന്നു. എന്റെ കൂടെ അന്ന് ഞാനില്ല. ഞാൻ വേറെയെവിടെയോ ആയിരുന്നു.

മൈനയ്ക്ക് ശേഷമാണ് എന്നിൽ ഈ മാറ്റങ്ങൾ വന്നത്. പുറത്ത് നിന്നുള്ള കണ്ടീഷനിംഗും പ്രഷറുമായിരുന്നു കാരണം. ഞാനതിന് കീഴടങ്ങുകയും ചെയ്തു. എന്റെ പ്രശ്നമാണ്. വളരെ നല്ല കുട്ടിക്കാലവും മറ്റുമായിരുന്നെങ്കിലോ മെന്ററായി ആരെങ്കിലും ഉണ്ടായിരുന്നെങ്കിലോ ഞാനത് ഹാൻഡിൽ ചെയ്തേനെ.
പക്ഷെ ഞാൻ ആരോഗ്യകരമായ മാനസികാവസ്ഥയിൽ ആയിരുന്നില്ല. അതിനാൽ പരാജയങ്ങൾ എന്നെ കൂടുതൽ ബാധിച്ചു. എവിടെയാണ് പിഴയ്ക്കുന്നത് എന്നതിലായിരുന്നു ശ്രദ്ധ. സമാധാനം ഉണ്ടായിരുന്നില്ല. 2020 ൽ ലോക്ഡൗൺ വന്നതിന് ശേഷം ജീവിതത്തിൽ ആദ്യമായി എവിടെയും പോകാനില്ല. വീട്ടിൽ തന്നെ ഇരിക്കണം. ഫ്ലെെറ്റുകളില്ല, ഷൂട്ടിംഗില്ല, സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടേണ്ട ആവശ്യമില്ല. എനിക്കായി ഒരുപാട് സമയം ലഭിച്ചു.
വീണ് പോയെന്നും ഇതിൽ നിന്ന് പുറത്ത് വരാൻ എനിക്ക് മാത്രമേ പറ്റൂയെന്നും അപ്പോൾ മനസിലാക്കി. ഇനി എന്നിൽ നിന്നും ഒളിച്ചോടില്ല, ആരാണ് എന്നിലെ ഈ വ്യക്തിയെന്ന് മനസിലാക്കാൻ തീരുമാനിച്ചു. എന്നെ എങ്ങനെ റീ സെറ്റ് ചെയ്യാമെന്ന് ചിന്തിച്ചു. ജീവിച്ചിരിക്കുമ്പോഴേ മരിച്ച് വീണ്ടും ജനിക്കാൻ പറ്റുമോ. ഞാനതിലൂടെ കടന്ന് പോയിട്ടുണ്ട്. അതിലെനിക്ക് നന്ദിയുണ്ട്. വഞ്ചിക്കപ്പെട്ടെന്ന് ഞാൻ പറഞ്ഞാലും അതിന് കാരണമായത് എന്റെ മനസാണ്. അതിൽ ആരെയും കുറ്റപ്പെടുത്തില്ലെന്നും അമല പോൾ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











