ഭക്ഷണത്തിന് മുന്നിൽ വച്ച് അപമാനിച്ച സീനിയർ നടി; മധുരമായി പ്രതികാരം ചെയ്ത അംബിക
പ്രശസ്ത നടി അംബിക സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ഒരു ബാല താരമായി, മലയാളം സിനിമയിലാണ് അംബിക അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീത എന്ന ചിത്രത്തിലൂടെ നായികയായെങ്കിലും, എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി, യൂസഫ് അലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയിലൂടെയാണ് അവർ പ്രേക്ഷകരുടെ ശ്രദ്ധയും ഇഷ്ടവും നേടുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും താരമായി അംബിക വളർന്നു.
എന്നാൽ കരിയറിന്റെ തുടക്കകാലം തനിക്ക് അത്ര സുഖകരമല്ലായിരുന്നു എന്നാണ് ഒരിക്കൽ പ്രശസ്ത നടി വെളിപ്പെടുത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളം ചാനലായ ഏഷ്യാനെറ്റിൽ, ഗായകൻ എം.ജി ശ്രീകുമാർ അവതരിപ്പിച്ച സരിഗമ എന്ന ഷോയിൽ പങ്കെടുത്തപ്പോഴാണ്, അംബിക ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു തുടക്കാരിയായിരുന്ന തന്നോട് അന്നത്തെ വളരെ പ്രശസ്തയായ ഒരു സീനിയർ നടി വളരെ മോശമായിട്ടാണ് പെരുമാറിയത് എന്ന് തുറന്നു പറഞ്ഞ താരം, അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും കൂട്ടി ചേർത്തു.

"എന്നെ വേദനിപ്പിച്ചവർ ഒക്കെ സ്ത്രീകൾ ആയിട്ടുള്ള ആർട്ടിസ്റ്റുകൾ ആയിരുന്നു. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയത്തൊക്കെ. അവരുടെ പേര് ഞാൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല, എങ്കിലും വല്ലാതെ - അതായത് ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ - എന്നെ അവർ ഇൻസൽട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത്, ഉച്ചക്ക് ഭക്ഷണം പറയാൻ വേണ്ടി ചെല്ലുമ്പോൾ അവർ നമ്മുടെ കാതിൽ വീഴുന്ന രീതിയിൽ, "പുതിയ ആൾക്കാരൊക്കെ അല്ലെ? എന്താ ഇതിന്റെയൊക്കെ ആവശ്യം? അവർക്ക് മീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ?" എന്നൊക്കെ ചോദിക്കും," അംബിക ഓർത്തെടുത്തു.
"അത് എനിക്ക് വല്ലാതെയായി. പ്രത്യേകിച്ച് എന്റെ അമ്മയ്ക്ക് ഭക്ഷണ കാര്യത്തിലൊക്കെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ വല്ലാതെ വിഷമം ആവും. ഇവർ തന്നെ, വേറൊരു സ്ഥലത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ - ഞങ്ങളെ മറ്റുള്ളവർ അവർക്കൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു. പക്ഷെ ഞങ്ങൾ പോയി അവിടെ ഇരിക്കാൻ തുടങ്ങിയപ്പോൾ ഇവർ "നോ നോ നോ... നിങ്ങളൊക്കെ അങ്ങോട്ട് മാറി ഇരിക്കൂ," എന്ന് പറഞ്ഞു. അപ്പോഴൊക്കെ എന്റെ വിഷമം കാണുമ്പോൾ എന്റെ അമ്മയും അച്ഛനും പറയുമായിരുന്നു, "നിനക്ക് ഒരു കാലം വരും, അന്ന് നീ ഇതിന് മധുരമായിട്ട് പകരം ചോദിക്കണം," എന്ന്," പ്രശസ്ത താരം വെളിപ്പെടുത്തി.

എന്നാൽ, അധികം വൈകാതെ കാര്യങ്ങൾ മാറി മറിഞ്ഞു. പുതുമുഖമായ അംബിക മലയാളത്തിലും, പിന്നീട് തമിഴിലും, മറ്റു ഭാഷകളിലും, തിരക്കുള്ള നായികയായി വളർന്നു. അതിന് ശേഷം, പണ്ട് ഭക്ഷണത്തിന് മുന്നിൽ നിന്ന് പലവട്ടം അപമാനിച്ചു വിട്ട സീനിയർ നായികയോട് മധുരമായി പ്രതികാരം ചെയ്യാനുള്ള ഒരവസരവും താരത്തിന് കിട്ടി. "അവരും ഞാനും ഒരേ സമയം ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിന് വന്നു, അപ്പോൾ ഞാൻ കത്തി നിൽക്കുന്ന സമയം. എനിക്ക് സ്വന്തമായി മേക്കപ്പ് റൂം ഒക്കെ കിട്ടാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ പുറത്തു ഇറങ്ങുമ്പോൾ ഇവർ അവിടെ നിൽക്കുന്നു, അന്ന് അവർക്ക് ഇരിക്കാൻ റൂം കിട്ടിയില്ല," നടി ഓർത്തെടുത്തു.
"അപ്പോൾ ഞാൻ പഴയ സംഭവം ഓർത്തു. പക്ഷെ ഞാൻ "എന്റെ ഷോട്ട് റെഡിയാണ്, ചേച്ചി അകത്തിരിക്കു," എന്ന് പറഞ്ഞ് അവരെ എന്റെ മേക്കപ്പ് റൂമിന് അകത്തേക്ക് കയറ്റി ഇരുത്തി. അവരുടെ അസിസ്റ്റന്റ് എത്തിയിരുന്നില്ല, പകരം, എന്റെ അസിസ്റ്റന്റിനെ കൂടെ നിർത്തിയിട്ടാണ് ഞാൻ അന്ന് ഷോട്ട് എടുക്കാൻ പോയത്. അത് ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിനകത്തെ എവിടേയോ, അഹങ്കാരം കലർന്ന ഒരു സംതൃപ്തി തോന്നി. ഞാൻ അത് പറഞ്ഞപ്പോൾ അവർ ഒന്ന് നോക്കി, ആ നോട്ടത്തിൽ ഞങ്ങൾ രണ്ടാൾക്കും മനസ്സിലായി, എന്താണ് ഉദ്ദേശിച്ചതെന്ന്," അംബിക പറഞ്ഞു നിർത്തി.


Click it and Unblock the Notifications











