ഏതൊരു ചെറുപ്പക്കാരനും ഇത് അസഹനീയം: അഭിഷേകും കരിഷ്മയും പിരിഞ്ഞപ്പോൾ അമിതാഭ് ബച്ചൻ പറഞ്ഞത്
ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ വാർത്തയായിരുന്നു അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകൻ അഭിഷേകും, രാജ് കപൂറിന്റെ പേര മകൾ കരിഷ്മ കപൂറും തമ്മിലുള്ള പ്രണയം. പ്രശസ്ത നടി ബിസിനസ്സുകാരനായ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് യുവ നായകനുമായുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. കരിഷ്മ ബച്ചൻ കുടുംബത്തിലെ മരുമകളാകാൻ പോകുകയാണെന്ന് അമിതാഭും ജയയും സൂപ്പർതാരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്കിടെ അഭിമാനപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രഖ്യാപനത്തിന് ഏതാനും മാസങ്ങൾക്കുശേഷം അഭിഷേക് ബച്ചനും കരിഷ്മ കപൂറും, ഈ വിവാഹവുമായി മുന്നോട്ടില്ലെന്ന് തീരുമാനിച്ചു. 2005ൽ, കരൺ ജോഹർ അവതാരകനായ റിയാലിറ്റി ഷോ കോഫി വിത്ത് കരൺ ഷോയുടെ ആദ്യ സീസണിൽ അമിതാഭ് ബച്ചനും അഭിഷേകും അതിഥികളായി എത്തിയിരുന്നു. അന്ന്, നിശ്ചയിച്ച വിവാഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇതിഹാസ നടൻ വെളിപ്പെടുത്തി.
അഭിഷേക് - കരിഷ്മ വിവാഹം മുടങ്ങിയതിനെ കുറിച്ച് അമിതാഭ് ബച്ചൻ
പ്രശസ്ത ടോക്ക് ഷോ ആയ കോഫി വിത്ത് കരൺ സീസൺ ഒന്നിൽ, സംവിധായകനും അവകാരകനുമായ കരൺ ജോഹറിനോട് സംസാരിച്ചപ്പോൾ, എന്ത് കൊണ്ടാണ് അഭിഷേകും കരിഷ്മയും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചതെന്ന് അമിതാഭ് ബച്ചൻ തുറന്നു പറഞ്ഞു. സാഹർചര്യങ്ങൾ പ്രതികൂലമായപ്പോൾ, ഈ വിവാഹവുമായി മുന്നോട്ടു പോവണ്ട എന്ന് തീരുമാനിക്കേണ്ടി വന്നു എന്നാണ് ബോളിവുഡിന്റെ ഇതിഹാസ താരം വെളിപ്പെടുത്തിയത്.

"അത് വളരെ വൈകാരികമായൊരു നിമിഷമായിരുന്നു. ബന്ധങ്ങൾ രൂപീകരിക്കപ്പെടുന്നു, ബന്ധങ്ങൾ നശിപ്പിക്കപ്പെടുന്നു. ഏതൊരു ചെറുപ്പക്കാരും ഇത് അസഹനീയമാണ്, അത് പോലെ തന്നെ കുടുംബത്തിനും അത് ദുരിതപൂർണ്ണമായ സമയമായിരുന്നു. മറ്റൊരു കുടുംബത്തിലും അങ്ങനെ സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ, ഒരു ഒത്തുചേരലിന് സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ, വ്യത്യസ്ത വഴികളിൽ മുന്നോട്ട് പോവുന്നതാണ് നല്ലത്. അതാണ് സംഭവിച്ചത്," അമിതാഭ് ബച്ചൻ വിശദീകരിച്ചു.
"ഒരാളുടെ ജീവിതത്തിലെ ഇത്തരം അനുഭവങ്ങളെല്ലാം അയാളെ ഒരു മനുഷ്യനെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്നും, മികച്ച വ്യക്തിയാക്കി മാറ്റുമെന്നും, ലോകത്തെ കൂടുതൽ കരുത്തോടെ നേരിടാൻ പഠിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്. വളരെ സത്യസന്ധമായി പറയുകയാണെങ്കിൽ, നമ്മൾ ജോലി ചെയ്യുന്ന ഈ മേഖലയിൽ ഒരുപാട് പഠിക്കാനുള്ള ഒരവസരം കൂടിയാണിത്," ബച്ചൻ കൂട്ടിച്ചേർത്തു. ഇതിൽ നിന്നും, അഭിഷേകിന്റെ കരിയറിലെ പരാജയങ്ങൾ കാരണം കരിഷമയുടെ അമ്മ ബബിത ഈ ബന്ധം എതിർത്തിരുന്നു എന്ന റിപോർട്ടുകൾ ബിഗ് ബി ശരി വയ്ക്കുകയാണെന്ന് അന്ന് പ്രേക്ഷകർ കരുതിയിരുന്നു.

"എൻ്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് എന്നെ പഠിപ്പിച്ച ഒരു കാര്യത്തെ ഞങ്ങളുടെ കുടുംബം എപ്പോഴും മാനിച്ചിരുന്നു - നിങ്ങളുടെ ഇഷ്ടപ്രകാരമാണ് സംഭവിക്കുന്നതെങ്കിൽ അത് നല്ലതാണ്, നിങ്ങളുടെ ഇഷ്ടപ്രകാരമല്ല സംഭവിക്കുന്നതെങ്കിൽ അത് കൂടുതൽ നല്ലതാണ്, കാരണം അപ്പോൾ അത് ദൈവഹിതമാണ്, ദൈവം നിങ്ങൾക്ക് ഒരിക്കലും മോശം ആഗ്രഹിക്കില്ല", അമിതാഭ് കൂട്ടിച്ചേർത്തു.
അഭിഷേകിന്റെ അമ്മ ജയാ ബച്ചൻ നടന്റെ വ്യക്തി ജീവിതത്തിൽ പരിധിയിൽ കൂടുതൽ ഇടപെടുന്നതും, നടന്റെ കരിയർ എങ്ങും എത്താത്തതും കരിഷമയുടെ അമ്മ ബബിതയ്ക്ക് ആശങ്കകൾ ഉണ്ടാക്കിയിരുന്നു. നടിയുടെ അച്ഛനും, രാജ് കപൂറിന്റെ മൂത്ത മകനുമായ രൺധീർ കപൂർ കരിയറിൽ നേരിട്ട പരാജയമാണ് അമ്മയെ മാറ്റി ചിന്തിപ്പിച്ചത്. അമിതാഭ് ബച്ചന്റെ പകുതി സ്വത്ത് അഭിഷേകിന്റെ പേരിൽ മാറ്റണമെന്ന് കരിഷ്മയുടെ അമ്മ വാശി പിടിക്കുകയും, നടി അഭിനയം നിർത്തണമെന്ന് ജയാ ബച്ചൻ തീർത്തു പറയുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ ഉരസലുകൾ ഉണ്ടായി. അങ്ങനെ അഭിഷേകും കരിഷ്മയും പരസ്പര സമ്മതത്തോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്.


Click it and Unblock the Notifications











