തിരിച്ച് പോയ ആനി പെട്ടെന്ന് വിവാഹിതയായി; ഇനിയില്ലെന്ന് പറഞ്ഞു; പകരം വന്ന ആളെ കണ്ട് മമ്മൂക്ക ഞെട്ടി; മുകേഷ്
മലയാള സിനിമാ രംഗത്ത് ഒരുപിടി ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് ജനപ്രീതി നേടിയ നടിയാണ് ആനി. സൂപ്പർഹിറ്റായ സിനിമകളിലൂടെ പേരെടുത്ത ആനി കരിയറിലെ തിരക്കുകൾക്കിടെയാണ് വിവാഹിതയാകുന്നത്. സംവിധായകൻ ഷാജി കെെലാസിനെയാണ് ആനി വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. പിന്നീട് ആനീസ് കിച്ചൺ എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ആനിയെക്കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവെക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്.
ഒരു ഗൾഫ് ഷോയ്ക്കിടെയുണ്ടായ സംഭവമാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. സിദ്ദിഖ്, ലാൽ ഷോയായിരുന്നു അത്. മമ്മൂക്കയാണ് പ്രധാന അട്രാക്ഷൻ. ആനിയുൾപ്പെടെ ഒരുപാട് പ്രധാന നായികമാരുണ്ട്. മദ്രാസിലായിരുന്നു റിഹേഴ്സൽ. ഗൾഫിൽ പ്രോഗ്രാം നല്ല രീതിയിൽ മുന്നോട്ട് പോയി. അവിടെ അടുത്ത വേദിയുള്ള ബഹ്റിനിലേക്ക് പോയി. എന്നാൽ തിരിച്ച് വന്നപ്പോൾ പ്രശ്നമായി.

രാജ്യം വിട്ട് പോയാൽ ഒന്ന് കൂടെ വിസയെടുക്കണം എന്ന് പറഞ്ഞു. ആണുങ്ങൾക്ക് തങ്ങാം. സ്ത്രീകൾ നാട്ടിൽ പോയി വേറെ വിസയെടുത്ത് വരണം. അങ്ങനെ ഞങ്ങൾ അവിടെ താമസിച്ചു. അവർ നാട്ടിലേക്ക് പോയി. പ്രോഗ്രാം മാറ്റി വെച്ചു. ആനി ഷാജി കൈലാസുമായി ഘോര പ്രണയത്തിലാണ്. അതൊന്നും ഞങ്ങൾക്ക് അറിയില്ല. ആനി നാട്ടിൽ പോയ ശേഷം പെട്ടെന്ന് കല്യാണം നടന്നു.
കല്യാണം കഴിഞ്ഞതിനാൽ ഇനി ഞാൻ അങ്ങോട്ടില്ലെന്ന് ആനി ഞങ്ങളെ വിളിച്ച് പറഞ്ഞു. ഇടിത്തീയായിപ്പോയി. എന്ത് ചെയ്യുമെന്ന ടെൻഷനായി. ഷോയിലെ മറ്റ് നായികമാർക്കൊന്നും ഇത്രയും മലയാളം അറിയില്ല. ഷോ ലൈവാണ്. മലയാളം അറിയുന്ന ഒരു നടിയെ വിടണമെന്ന് ഞങ്ങൾ നാട്ടിൽ വിളിച്ച് പറഞ്ഞു. അത് റെഡിയാക്കാം എന്ന് മറുപടി.

ഷോയുടെ രണ്ട് ദിവസം മുമ്പ് ടീമിനെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് വന്നിറങ്ങുന്നത് ഭീമൻ രഘുവാണ്. ഞാനാണ് ആനിക്ക് പകരമെന്ന് ഭീമൻ രഘു. അദ്ദേഹത്തിന് ഈ സംഭവമൊന്നും അറിയില്ല. പലരെയും വിളിച്ചിട്ടും ഡേറ്റില്ല, ചിലർ വലിയ റേറ്റ് ചോദിക്കുന്നു. അതോടെ ഭീമൻ രഘുവിനെ കയറ്റി വിട്ടതാണെന്ന് നാട്ടിൽ നിന്ന് വിളിച്ച് പറഞ്ഞു.
ആനിക്ക് പകരം ആളെ കിട്ടി, ഉഗ്രൻ ഫിഗറാണ്, എന്താ ശക്തിയെന്ന് ഞാൻ ഹോട്ടലിൽ വിളിച്ച് പറഞ്ഞു. പുല്ലേ, ആരാണെന്ന് മമ്മൂക്ക ചോദിച്ചു. ഭീമൻ രഘു എന്ന് പറഞ്ഞപ്പോൾ പോടായെന്ന് മമ്മൂക്ക. ഒടുവിൽ കുറച്ചൊക്കെ മലയാളം അറിയാവുന്ന പെൺകുട്ടിയെ വെച്ച് ഷോ ചെയ്തു. ഭീമൻ രഘു രണ്ട് പാട്ടും ഒരു ഡാൻസും കൊണ്ട് തൃപ്തനായി. എല്ലാവരുടെയും സഹകരണം മൂലം ഷോ നല്ല രീതിയിൽ നടന്നെന്നും മുകേഷ് ഓർത്തു.
മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഇത്തരം നിരവധി ഓർമ്മകൾ മുകേഷ് പങ്കുവെക്കാറുണ്ട്. നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെക്കുറിച്ചുള്ള കഥകളാണ് പൊതുവെ പങ്കുവെക്കാറ്. രാഷ്ട്രീയ തിരക്കുകൾ ഉണ്ടെങ്കിലും അഭിനയ രംഗത്തും മുകേഷ് സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications