സുകുമാരിയമ്മയെ അടക്കുമ്പോൾ ആ പയ്യൻ പറഞ്ഞത്; എനിക്കവനെ അടിക്കാൻ തോന്നി; അനൂപ് മേനോൻ
വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് അന്തരിച്ച സുകുമാരി. അമ്മ വേഷങ്ങളിൽ മാത്രം ഒതുങ്ങാതെ പല തരത്തിലുള്ള കഥാപാത്രങ്ങൾ സുകുമാരി ചെയ്തു. കോമഡിയും വില്ലത്തരവും ഒരുപോലെ വഴങ്ങുന്ന നടിയായിരുന്നു സുകുമാരി. മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ സുകുമാരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പത്താമത്തെ വയസിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്നതാണ് സുകുമാരി. അറുപത് വർഷത്തോളം നീണ്ട കരിയറിൽ രണ്ടായിരത്തോളം സിനിമകളിൽ നടി അഭിനയിച്ചു.
സുകുമാരിയുടെ മരണം സിനിമാ ലോകത്ത് ഞെട്ടലായിരുന്നു. തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം വന്നാണ് നടി മരിച്ചത്. ചെന്നെെയിലെ വീട്ടിൽ പൂജാമുറിയിലെ നിലവിളക്ക് കൊളുത്തുമ്പോൾ തീ പടർന്ന് പിടിച്ചാണ് പൊള്ളലേറ്റത്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. 2013 മാർച്ച് 26 നാണ് ഹൃദയാഘാതം വന്ന് സുകുമാരി മരിക്കുന്നത്. സുകുമാരിയുടെ മരണത്തെക്കുറിച്ച് നടൻ അനൂപ് മേനോൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മനോരമ ചാനലിലെ നേരെ ചൊവ്വെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു നടൻ. നമ്മളെത്ര നിസാരരാണെന്ന് മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ഉദാഹരണം ഞാൻ പറയാം. വർഷങ്ങൾക്ക് മുമ്പ് സുകുമാരിയമ്മയുടെ മരണം. മലയാളികളല്ലാതെ തമിഴിലെ ആക്ടേർസൊന്നും അവിടെ ഉണ്ടായിരുന്നില്ല. ശവസംസ്കാരം നടക്കുന്ന സ്ഥലത്ത് ഞാനും കൃഷ്ണ എന്ന ആർട്ടിസ്റ്റുമുൾപ്പെടെ കുറച്ച് പേരേ ഉള്ളൂ.
അമ്മയിലെ അംഗങ്ങളെല്ലാം വന്ന് പോയി. സുകുമാരിയമ്മയെ ക്രിമറ്റോറിയത്തിലേക്ക് എടുത്ത് കിടത്തുന്ന സമയത്ത് അവിടെ നിന്ന അണ്ടർ ടേക്കർ ആയ ഒരു പയ്യൻ 'യോ, അന്ത പൊണത്തെ എടുത്ത് മാറ്റ് അയ്യാ, റോൾ നമ്പർ തെറ്റ്' എന്ന് പറഞ്ഞു. എനിക്കവനെ അടിക്കാൻ തോന്നി. അവനെ സംബന്ധിച്ച് അവർ അത്രമാത്രമേയുള്ളൂയെന്നും അനൂപ് മേനോൻ അന്ന് ചൂണ്ടിക്കാട്ടി.

സുകുമാരിയമ്മയെ മോർച്ചറിയിൽ നിന്ന് കൊണ്ടു വന്ന സമയത്ത് ഞാനും മമ്മൂക്കയും മീരയുമെല്ലാമുണ്ട്. ആംബുലൻസിന്റെ അകത്ത് നിന്നല്ല അടിയിലെ തട്ടിൽ നിന്ന് എടുത്താണ് പുറത്തേക്ക് കൊണ്ട് വന്നത്. കത്തിയത് കൊണ്ടാണെന്ന് തോന്നുന്നു. ആശുപത്രിയുടെ പടികളിലാണ് സുകുമാരിയമ്മയുടെ മൃതദേഹം കിടന്നത്. നമ്മൾ നിസാരരാണെന്ന് മനസിലാക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടി.
അനൂപ് മേനോന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. സുരേഷ് ആണ് സുകുമാരിയുടെ മകൻ. ഡോക്ടറായ ഇദ്ദേഹം അഭിനയ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉമ എന്നാണ് മരുമകളുടെ പേര്. ഫിലിം മേക്കറും ചിത്രസംയോജകനുമായിരുന്നു എ ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ൽ ഭർത്താവ് മരിച്ചു.
ഭർത്താവിന്റെ മരണശേഷം ദിവസങ്ങൾക്കുള്ളിൽ സുകുമാരി ഷൂട്ടിംഗിന് തിരിച്ചെത്തി. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടി സംസാരിച്ചിരുന്നു. ആരെയും ആശ്രയിക്കാതെ മകനെ വളർത്താൻ വേണ്ടിയാണ് സിനിമാ രംഗത്തേക്ക് തിരച്ചെത്തിയതെന്ന് സുകുമാരി വ്യക്തമാക്കി.
നിന്നെ പഠിപ്പിക്കണമെങ്കിൽ അമ്മയ്ക്ക് ജോലി ചെയ്യണം, എനിക്ക് ആരുടെ അടുത്ത് പോയും കൈ നീട്ടാനുള്ള അവസരം ഉണ്ടാകരുത്. നമ്മൾ ജോലി ചെയ്താലെ ജീവിക്കാൻ പറ്റൂ, അത് മാത്രം മനസിലാക്കിയാൽ മതിയെന്ന് മകനോട് പറഞ്ഞാണ് ഷൂട്ടിംഗിന് പോയത്. ഭർത്താവ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ താൻ ഷൂട്ടിംഗിന് തിരിച്ചെത്തിയിരുന്നെന്നും അന്ന് സുകുമാരി ഓർത്തു.


Click it and Unblock the Notifications