ഹലോയ്ക്കൊപ്പം റിലീസ് ചെയ്ത അറബിക്കഥ; മോഹൻലാൽ ചിത്രത്തിന് മുന്നിൽ ശ്രീനിവാസൻ ചിത്രത്തിന് സംഭവിച്ചത്
മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. മീശമാധവൻ, ചാന്തുപൊട്ട്, അറബിക്കഥ, ക്ലാസ്മേറ്റ്സ് തുടങ്ങി ജനശ്രദ്ധ നേടിയ ഒട്ടനവധി സിനിമകൾ ലാൽ ജോസ് പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചു. മീശമാധവനാണ് ലാൽ ജോസിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. മലയാള സിനിമയിലെ വിലപിടിപ്പുള്ള സംവിധായകനായി ലാൽ ജോസ് മാറിയത് ഈ ചിത്രത്തിന് ശേഷമാണ്. വർഷങ്ങൾക്കിപ്പുറവും ലാൽ ജോസ് ചിത്രങ്ങൾ പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. ഇതിൽ ഏറെ ജനപ്രിയത നേടിയ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ അറബിക്കഥ.
ശ്രീനിവാസൻ, ജയസൂര്യ, നെടുമുടി വേണു, സംവൃത സുനിൽ, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അറബിക്കഥയിൽ നായികയായെത്തിയത് ചൈനക്കാരിയായ ഷാങ് ചു മിൻ ആണ്. ഈ പ്രത്യേകതയും പ്രേക്ഷകർക്ക് പുത്തൻ അനുഭവം നൽകി. അതേസമയം പതിവ് ലാൽ ജോസ് ചിത്രങ്ങളെ പോലെ ബ്ലോക് ബസ്റ്റർ ആയിരുന്നില്ല അറബിക്കഥ. സിനിമയെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

നഷ്‌ടമില്ലാതെ ശരാശരി വിജയമാണ് അറബിക്കഥ നേടിയതെന്ന് ലാൽ ജോസ് പറയുന്നു. മോഹൻലാൽ നായകനായ ഹലോ എന്ന സിനിമയ്ക്കൊപ്പമാണ് അറബിക്കഥ റിലീസ് ചെയ്തത്. ഹലോയാണ് വലിയ ഹിറ്റായതെന്നും സംവിധായകൻ വ്യക്തമാക്കി. കാലങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ഓർക്കുന്ന സിനിമയായി അറബിക്കഥ മാറി. താൻ ചെയ്തതിൽ ഏറെ ഇഷ്‌ടപ്പെട്ട സിനിമയാണ് അറബിക്കഥയെന്നും ലാൽ ജോസ് പറഞ്ഞു.
സിനിമയിൽ നായികയായി ഷാങ് ചു മിൻ വന്നതിന് പിന്നിലും ഒരു കഥയുണ്ട്. ഓഡിഷനിൽ പങ്കെടുത്ത ചൈനീസ് പെൺകുട്ടികൾക്ക് ഡയലോഗ് ട്രാൻസലേറ്റ് ചെയ്യാൻ വന്ന ആളാണ് ഷാങ് ചു മിൻ. പറ്റിയ നായികയെ കിട്ടിയില്ല. ഇതിനിടെ ഷാങ് ചു മിൻ അറബിക്കഥയിലെ ഡയലോഗുകളെല്ലാം പഠിച്ചിരുന്നു.

നായികയായി ഷാങ് ചു മിൻ വന്നാൽ നന്നാകുമെന്ന് ലാൽ ജോസിന് തോന്നി. അങ്ങനെ അഭിനയ പശ്ചാത്തലമില്ലാത്ത ഷാങ് ചു മിൻ അറബിക്കഥയിലെ നായികയായി. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹലോ ആ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. മോഹൻലാൽ ആരാധകർ ഏറ്റെടുത്ത സിനിമയിലെ കോമഡി രംഗങ്ങൾ ഇന്നും ജനപ്രിയമാണ്.
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ലാൽ ജോസ് പങ്കുവെക്കുന്ന കഥകൾ ഇതിനകം ചർച്ചയാകുന്നുണ്ട്. ക്ലാസ്മേറ്റ്സ്, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകൾ ചെയ്യവെ നിർമാതാക്കളുമായുണ്ടായ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ലാൽ ജോസ് പങ്കുവെച്ചിട്ടുണ്ട്. കരിയറിൽ ലാൽ ജോസിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മ്യാവു, സോളമന്റെ തേനീച്ചകൾ തുടങ്ങി സംവിധായകന്റെ അടുത്തിടെയിറങ്ങിയ സിനിമകളൊന്നും വിജയം കൈവരിച്ചില്ല.


Click it and Unblock the Notifications