സമയോട് എന്നും പ്രണയം, അവൾ എനിക്ക് തലചായ്ക്കാനുള്ള തോളാണ്: ആസിഫ് അലി
ആസിഫ് അലി ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുയർത്തുന്ന താരങ്ങളിൽ ഒരാളാണ്. കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ്സ്, ആഡിയോസ് അമിഗോ, രേഖാചിത്രം, തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ആസിഫ് ഒരു നടനെന്ന നിലയിൽ തന്റെ കഴിവും, സിനിമ തിരഞ്ഞെടുപ്പിലെ മികവും വീണ്ടും വീണ്ടും രേഖപ്പെടുത്തി വരികയാണ്. ഒപ്പം, സ്വകാര്യ ജീവിതം എടുക്കുകയാണെങ്കിൽ, ഭാര്യ സമ മസ്‌റീൻ, മക്കളായ ആദം അലി, ഹയാ അലി എന്നിവർക്കൊപ്പം സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ആസിഫ്.
കുറച്ചു വർഷങ്ങൾക്ക് മുൻപ്, 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ കുടുംബത്തിന്, പ്രത്യേകിച്ച് തന്റെ ഭാര്യ സമയ്ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് ആസിഫ് അലി മനസ്സ് തുറന്നിരുന്നു. തന്റെ ജീവിതത്തിൽ ഇനിയങ്ങോട്ട് എന്നുമുള്ള ഒരേയൊരു പ്രണയം എന്നാണ് സമയുമായുള്ള തന്റെ ആതബന്ധത്തെ പ്രശസ്ത താരം വിശേഷിപ്പിച്ചത്. ഒപ്പം, വിവാഹം ഒരു വ്യക്തിയെന്ന നിലയിൽ തന്നെ ഏറെ മാറ്റിയെന്നും ആസിഫ് അലി പറഞ്ഞു.

എന്താണ് പ്രണയം എന്നും, ഇപ്പോൾ അത് ഭാര്യ സമ ആണോ എന്നും ചോദിച്ച അവതാരക ധന്യ വർമ്മയ്ക്ക് ഒട്ടും ആലോചിക്കാതെയാണ് ആസിഫ് അലി മറുപടി നൽകിയത്. "അതെ... ഇപ്പോഴും, ഇനി ഇപ്പോഴും," പ്രശസ്ത നടൻ ഒരു ചെറു ചിരിയോടെ പറഞ്ഞു. "എനിക്ക് തല ചായ്ക്കാനുള്ള ഒരു തോളാണ് സമ ഇപ്പോഴും. അത് എല്ലാ കാര്യത്തിലും അങ്ങനെയാണ്. ഒരുപാട് കാര്യങ്ങളിൽ ഞാൻ അവളെ ആശ്രയിക്കുന്നുണ്ട്. ഞാൻ ഭയങ്കരമായിട്ട് സാമയെ ഡിപെൻഡ് ചെയ്യുന്ന ഒരാളാണ്, കുടുംബത്തെ ഡിപെൻഡ് ചെയ്യുന്ന ഒരാളാണ്. എനിക്ക്, എന്റെ പ്രണയത്തെ കുറിച്ചുള്ള ഐഡിയ ഇപ്പോഴും അത് തന്നെയാണ്," ആസിഫ് കൂട്ടിച്ചേർത്തു.

ആസിഫ് അലി ഭാര്യ സമ മസ്റീനിനെ കണ്ടെത്തിയത് ഒരു വിവാഹ ആഘോഷത്തിന് ഇടയിൽ വച്ചാണ്. അവിടെ വച്ച് കണ്ട് ഇഷ്ടമായ പെൺകുട്ടിയെ നടനും കുടുംബവും വിവാഹം ആലോചിച്ച് ചെല്ലുകയായിരുന്നു. ആദ്യമൊക്കെ, ആസിഫ് ഒരു നടനായത് കൊണ്ട് സമയുടെ കുടുംബത്തിന് ചെറിയ ചില ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ അധികം വൈകാതെ അതൊക്കെ ആകെ മാറുകയും, ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതോടെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ഇന്ന് എല്ലാ കാര്യങ്ങൾക്കും തന്റെ മാതാപിതാക്കൾ ഉൾപ്പെടെ കുടുംബത്തിലുള്ള എല്ലവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സമയെയാണെന്ന് ആസിഫ് അലി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുട പത്താം വിവാഹ വാർഷികത്തിന് ആസിഫ് അലിയും സമ മാസ്‌റീനും നടത്തിയ പ്രത്യേക ആഘോഷം വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ഒരിക്കൽ കൂടി, ഔപചാരികതകൾ ഒന്നുമില്ലാതെ ഒരു വിവാഹ ആഘോഷം നടത്തിയാണ് ആസിഫും സമയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയ ദിവസത്തിന്റെ ഓർമ്മകൾ ആഘോഷിച്ചത്. ഇരുവരുടെയും കുടുംബങ്ങളും, സിനിമ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളായ ഗണപതിയും, ബാലു വർഗീസും, ഉൾപ്പെടെ പലരും ആ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.


Click it and Unblock the Notifications











