വലിയ നടൻമാരാണെങ്കിലും ഞാൻ ഓവറായി സംസാരിക്കില്ല; വെട്ടം സിനിമ ചെയ്യാത്തതിന് കാരണം; അസിന്റെ വാക്കുകൾ
തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് അസിൻ തോട്ടുങ്കൽ. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന അസിൻ വളരെ പെട്ടെന്ന് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു. നിരവധി അവസരങ്ങൾ നടിയെ തേടി എത്തി. തെന്നിന്ത്യയിലെ താരറാണിയായി നിലനിൽക്കവെ ബോളിവുഡിലേക്കും അസിൻ കടന്നു. ഗജിനി എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അസിൻ ബോളിവുഡിലേക്ക് കടന്നത്.
മികച്ച തുടക്കം ബോളിവുഡിൽ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച വളർച്ച പിന്നീട് അസിന്റെ ഗ്രാഫിലുണ്ടായില്ല. ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് തെന്നിന്ത്യയിലേത് പോലെ തിളങ്ങാൻ ഏറെക്കാലം അസിന് സാധിച്ചില്ല. തന്റേതായ നിബന്ധനകളാണ് അസിന് വിനയായത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താരത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. ബോളിവുഡിലെ രീതികളുമായി പൊരുത്തപ്പെടാനും അസിന് കഴിഞ്ഞില്ല. 2016 ൽ വിവാഹിതയായതോടെ സിനിമാലോകത്ത് നിന്നും അസിൻ മാറി നിന്നു. ഏറെക്കാലമായി അസിനെ ലൈം ലൈറ്റിൽ കാണാറേയില്ല.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അസിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ നടൻമാർക്കൊപ്പം അഭിനയിക്കുന്നത് വലിയ ഭാഗ്യമായാണ് നടിമാർ കാണാറ്. എന്നാൽ അസിൻ ഇവരെയൊക്കെ കോ ആർട്ടിസ്റ്റ് ആയാണ് കാണുന്നത്. ഇതെന്ത് കൊണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. എനിക്ക് എല്ലാവരോടും പ്രൊഫഷണൽ റിലേഷനുണ്ട്. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. വ്യക്തികളെന്ന നിലയിൽ അവർക്കെല്ലാം അവരുടെതായ സ്വഭാവ സവിശേഷതകളുണ്ട്. പക്ഷെ ഞാൻ ആരെക്കുറിച്ചും ഓവറായി സംസാരിക്കാറില്ല.
തന്നെക്കുറിച്ച് പോലും താൻ അധികം സംസാരിക്കാറില്ലെന്നും അസിൻ അന്ന് പറഞ്ഞു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിനെക്കുറിച്ചും അസിൻ അന്ന് സംസാരിച്ചു. ഞാൻ കണ്ട് വളർന്ന ഹീറോസ് മോഹൻലാൽ സാറും മമ്മൂട്ടി സാറുമാണ്. ഒരു നല്ല അവസരം ലഭിക്കുമ്പോൾ അവരോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും അസിൻ വ്യക്തമാക്കി.

ആദ്യ സിനിമ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ പ്രാധാന്യമില്ലാത്ത വേഷം ചെയ്തതിൽ നിരാശ തോന്നിയിരുന്നെന്നും അസിൻ അന്ന് തുറന്ന് പറഞ്ഞു. അതേസമയം അതിന്റെ പേരിൽ സംവിധായകൻ സത്യൻ അന്തിക്കാടിനോട് നീരസമില്ലെന്നും സിനിമയിലെ തന്റെ ഗുരുവാണെന്നും അസിൻ വ്യക്തമാക്കി. സത്യൻ അങ്കിളും ഫാസിൽ അങ്കിളുമാണ് സിനിമയിലെ എന്റെ ഗുരുക്കൾ. അവരെ താൻ ഒരുപാട് ബഹുമാനിക്കുന്നെന്നും അസിൻ വ്യക്തമാക്കി.
വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ സിനിമകൾ ചെയ്യാതിരുന്നതിനെക്കുറിച്ചും അസിൻ സംസാരിച്ചു. ഒരു സമയത്ത് നാല് സിനിമകൾ വരെ ഞാൻ ചെയ്യുന്നുണ്ടാവും. തിരക്ക് കാരണമാണ് തനിക്ക് ചെയ്യാൻ പറ്റാതെ പോയതെന്നും അസിൻ പറഞ്ഞു. കരിയറിൽ ഇതുവരെയും ഒരു സംവിധായകനെ വിളിച്ച് അടുത്ത സിനിമയിൽ തന്നെ നായികയാക്കണം എന്ന് പറഞ്ഞിട്ടില്ലെന്നും അസിൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications