ശോഭനയൊന്നും വിഷയമേ അല്ല, ഭാഗ്യലക്ഷ്മിക്ക് അടി പതറിയത് അമലയ്ക്ക് മുന്നിൽ; ഫാസിൽ ഭയന്നു
മലയാള സിനിമാ രംഗത്ത് ഡബ്ബിഗ് ആർട്ടിസ്റ്റെന്ന നിലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ സ്വരം സ്ക്രീനിൽ ജീവൻ പകർന്ന നായികാ കഥാപാത്രങ്ങൾ നിരവധിയാണ്. ശോഭന, രേവതി തുടങ്ങി നിരവധി നടിമാർക്ക് അവരുടെ മിക്ക സിനിമകളിലും ഡബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. നായിക അവതരിപ്പിച്ച കഥാപാത്രം വിജയിച്ചിട്ടുണ്ടെങ്കിൽ അതിലൊരു പങ്ക് ഭാഗ്യലക്ഷ്മിക്കും കൂടി അവകാശപ്പെട്ടതാണ്. രേവതി, ശോഭന തുടങ്ങിയ പ്രതിഭകൾക്ക് അനായാസം ശബ്ദം നൽകാൻ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞു.
ശോഭനയ്ക്ക് തനിക്ക് കണ്ണടച്ച് കൊണ്ട് വേണമെങ്കിലും ഡബ് ചെയ്യാൻ പറ്റുമെന്ന് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഉർവശിക്ക് ഡബ് ചെയ്യൽ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഉർവശിയുടെ ശരീരഭാഷയുമായി ഭാഗ്യലക്ഷ്മിയുടെ ശബ്ദം ചേർന്ന് നിന്നു. എന്നാൽ ഭാഗ്യലക്ഷ്മി പതറിപ്പോയത് നടി അമല അക്കിനേനിക്ക് ഡബ്ബ് ചെയ്യുമ്പോഴാണ്. അതും അമലയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയ്ക്ക് ഡബ് ചെയ്യുമ്പോൾ.

ഇതേക്കുറിച്ച് മുമ്പൊരിക്കൽ സഫാരി ടിവിയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അമലയ്ക്ക് വേണ്ടി ഡബ് ചെയ്യാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. സാധാരണ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് എപ്പോഴും വെല്ലുവിളി ആകുന്നത് അന്യഭാഷയിൽ നിന്നുള്ള നടിമാർ വരുമ്പോഴാണ്. കാരണം അവരുടെ ലിപ് മൂവ്മെന്റ് ശരിയായിരിക്കില്ല. പക്ഷെ അമല വളരെ പെർഫെക്ടായി ഡയലോഗ് പറഞ്ഞിരുന്നു. വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്. മനോഹരമായി ഡബ് ചെയ്യാൻ ഞാൻ കുറേയേെറെ ബുദ്ധിമുട്ടി. സിനിമയുടെ ക്ലെെമാക്സിലും ഇതേ പോലെ പ്രശ്നം വന്നു.
ഞാനെത്ര ചെയ്തിട്ടും പെർഫെക്ട് ആകുന്നില്ല. ഞാനാണ് കൊന്നത് എന്ന് പറയുന്ന ഡയലോഗ് എത്ര നോക്കിയിട്ടും ശരിയായില്ല. അമല അഭിനിക്കുമ്പോൾ അവരുടെ കവിളൊക്കെ വിറയ്ക്കുന്നുണ്ട്. എന്റെ ശബ്ദത്തിൽ അത് വരുന്നില്ല. ബ്രേക്ക് എന്ന് പറഞ്ഞ് ഫാസിൽ സാറും ഞാനും പുറത്തേക്ക് വന്നു. അദ്ദേഹം അപ്സെറ്റായി. ഈ പടം എന്റെ വലിയൊരു പ്രതീക്ഷയാണ് ഭാഗ്യലക്ഷ്മീ, ഡബ്ബിംഗ് ശരിയായില്ലെങ്കിൽ തിയറ്ററിൽ കൂവൽ ഉറപ്പാണ്, ശ്രദ്ധിച്ച് ചെയ്യണമെന്ന് ഫാസിൽ സർ.

പാച്ചിക്ക, ഒന്നാമത് ഞാൻ ഗർഭിണിയാണ്. കൂടുതൽ സ്ട്രെയ്ൻ ചെയ്യാൻ പറ്റുന്നില്ല. രണ്ടാമത് എനിക്ക് അവരോളം കഴിവില്ലായിരിക്കും, എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. വേറൊരാളെക്കൊണ്ടേ ചെയ്യിച്ചോളൂ എന്ന് ഞാൻ പറഞ്ഞു. ക്ലെെമാക്സ് സീനേ ബാക്കിയുള്ളൂ. സിനിമ മുഴുവനും വേറൊരാളെക്കൊണ്ട് ഡബ് ചെയ്യിക്കേണ്ടി വരും.
എന്തായീ പറയുന്നത് ഭാഗ്യലക്ഷ്മി, തന്നെക്കൊണ്ടേ പറ്റൂ, താൻ ചെയ്ത് തന്നേ പറ്റൂയെന്ന് ഫാസിൽ സർ. അദ്ദേഹം നെഞ്ചിൽ തടവുന്നുണ്ട്. അറ്റാക്ക് വരുമെന്ന പേടിയുണ്ട്. പത്മരാജൻ സർ അറ്റാക്ക് വന്ന് മരിച്ച സമയമാണത്. ഞാൻ കാരണം ഒരാൾക്ക് വയ്യാതെയാകുമോ എന്ന് എനിക്കും പേടിയായി. അങ്ങനെ ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്ത സിനിമയാണ് സൂര്യപുത്രി. സമാനമായി അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ നന്ദിനിക്ക് ഡബ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications