സംയുക്തയെക്കുറിച്ചുള്ള വാർത്ത വായിച്ച ബിജു, കനത്ത ശബ്ദത്തിൽ മനസ്സുടക്കിയ നടി: താര പ്രണയത്തിന്റെ കഥ
മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ താര ദമ്പതികളിൽ ബിജു മേനോന്റെയും സംയുക്ത വർമ്മയുടെയും പേരുകളും ഉൾപ്പെടും. ചില അതി മനോഹര ചിത്രങ്ങളിലെ പ്രകടനങ്ങളും, സ്‌ക്രീനിൽ ഒന്നിച്ചെത്തുമ്പോൾ ഉള്ള അസാമാന്യ കെമിസ്ട്രിയും ഇരുവരെയും, മലയാള പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ജോഡിയാക്കി. അധികം വൈകാതെ ഗുരുവായൂരമ്പലത്തിൽ വച്ച് ബിജു മേനോനെ വിവാഹം ചെയ്ത സംയുക്ത വർമ്മ, അഭിനയ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. ബിജു സിനിമയിൽ കൂടുതൽ സജീവമായപ്പോൾ, യോഗയോടുള്ള തന്റെ പാഷൻ പിന്തുടരുകയാണ് സംയുക്ത ചെയ്തത്.
ഇതിനിടെ അപൂർവ്വമായി മാത്രമാണ് പ്രശസ്ത നായിക മാധ്യമങ്ങൾക്കും ക്യാമറയ്ക്കും മുന്നിൽ എത്താറുള്ളത്. എന്തായാലും, തങ്ങളുടെ വിവാഹം കഴിഞ്ഞ് പത്തു വർഷം കഴിഞ്ഞ അവസരത്തിൽ ഇന്ത്യൻ എക്സ്പ്രെസ്സിനോട് മനസ്സ് തുറന്ന സംയുക്ത വർമ്മ, ബിജു മേനോനുമായുള്ള തന്റെ പ്രണയ കഥ ഓർത്തെടുത്തിരുന്നു. ആദ്യമായി ഒന്നിച്ചഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചു തന്നെ താൻ ബിജുവിനെ ശ്രദ്ധിച്ചിരുന്നു എന്നാണ് സംയുക്ത പറഞ്ഞത്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മൈസൂരിൽ എത്തിയപ്പോഴാണ് ബിജു മേനോനും സംയുക്ത വർമ്മയും ആദ്യമായി കണ്ടു മുട്ടിയത്. നായിക കാവ്യ മാധവനെ പോലെ, സംയുക്തയും അന്ന് ഒരു പുതുമുഖമായിരുന്നു. അത് കൊണ്ട് തന്നെ, നടി കാവ്യയ്‌ക്കൊപ്പം സീനിയർ താരങ്ങളിൽ നിന്ന് മാറി, കുറച്ച് അകലെയായാണ് ഇരുന്നിരുന്നത്. ബിജു മേനോൻ, ദിലീപ്, മഞ്ജു വാര്യർ എന്നിവരായിരുന്നു ആ സീനിയർ താരങ്ങൾ. പെട്ടെന്ന് ആരോ ഒരു മലയാളം സിനിമാ മാസിക സെറ്റിലേക്ക് കൊണ്ടുവന്നു. അത് വായിക്കാനായി പലരും തിടുക്കം കൂട്ടി. അപ്പോൾ പരിഹാരവുമായി എത്തിയ ദിലീപ്, ബിജു ഉറക്കെ വായിക്കും, അപ്പോൾ എല്ലാവർക്കും കേൾക്കാം എന്ന് പറഞ്ഞു.
"യാദൃശ്ചികമെന്ന് പറയട്ടെ, 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിലൂടെയുള്ള എന്റെ അരങ്ങേറ്റത്തെക്കുറിച്ച് വിവരിക്കുന്ന ഒരു വാർത്ത അതിലുണ്ടായിരുന്നു. 'വളർന്നുവരുന്ന നടി', 'ഭാവി വാഗ്ദാനം' എന്നൊക്കെയുള്ള കുറെ പ്രയോഗങ്ങൾ അതിലുണ്ടായിരുന്നു. ബിജുവിൻ്റെ ആ വായന ഞാനിന്നും വ്യക്തമായി ഓർക്കുന്നുണ്ട്. ആ ലേഖനം ഞാൻ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്," സംയുക്ത വർമ്മ ഓർത്തെടുത്തു. അന്ന് അത്ര അടുപ്പമില്ലെങ്കിലും, കനത്ത ശബ്ദത്തിലുള്ള ആ വാർത്ത വായന നടിയുടെ മനസ്സിൽ ഉണ്ടാക്കിയിരുന്നു. എന്തായാലും, അവിടെ നിന്ന് ഇരുവരുടെയും ബന്ധം വളർന്നു.

നാടകീയമായ പ്രണയരംഗങ്ങളൊന്നും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നും, പതിയെ പതിയെയായണ് എടുത്തതെന്നും സംയുക്ത വെളിപ്പെടുത്തി. "ബിജു ഒരു ഒതുങ്ങിയ പ്രകൃതക്കാരനാണ്, ഒരു മിതഭാഷി," സംയുക്ത കൂട്ടിച്ചേർത്തു. "ഒടുവിൽ വിവാഹം നടന്നു. ഒരേ സമയം അതൊരു പ്രണയവിവാഹവും, വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹവുമായിരുന്നു." രണ്ട് താരങ്ങളുടെയും കുടുംബങ്ങളും തൃശ്ശൂരിൽ നിന്നുള്ളവരായിരുന്നു, അത് കൊണ്ട് തന്നെ അവർക്ക് പരസ്പരം അറിയുകയും ചെയ്യുമായിരുന്നു.
ഇന്ത്യൻ എക്സ്പ്രെസ്സുമായുള്ള അഭിമുഖത്തിൽ, ബിജു മേനോനിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവത്തെ കുറിച്ചും സംയുക്ത വർമ്മ തുറന്നു പറഞ്ഞു. "അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ്, തൻ്റെ സാധാരണ ജീവിതത്തിന്റെ വേരുകൾ അദ്ദേഹം മറന്നിട്ടില്ല എന്നതാണ്," സംയുക്ത പറയുന്നു. "അതുകൊണ്ട് ഗാനമേളകൾക്ക് പോകാനും വഴിയോരത്തെ കടകളിൽ നിന്ന് ചായ കുടിക്കാനും തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ബിജു വീട്ടിലുള്ളപ്പോൾ സമയം കിട്ടുമ്പോഴൊക്കെ പഴയ സുഹൃത്തുക്കളെ കാണാൻ പോകാറുണ്ട്," നടി പറഞ്ഞു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. Nana Online എന്ന പേജിൽ നിന്നു കൂടി എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











