രണ്ടാം ഭർത്താവ് സ്നേഹിച്ചത് എന്റെ ബന്ധുവിനെ; അതിന് ശേഷം ആളാകെ മാറി; പിരിഞ്ഞതിനെക്കുറിച്ച് ചാർമിള പറഞ്ഞത്
നടി ചാർമിളയുടെ ജീവിതം സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്ന ചാർമിളയെ തേടി മികച്ച സിനിമകൾ വന്നു. വളരെ പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ച ചാർമിളയ്ക്ക് ജീവിതത്തിൽ പലപ്പോഴും അടി തെറ്റി. ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതിരുന്ന തനിക്ക് ചെറുപ്രായത്തിൽ പണം കൈയിൽ വന്നത് ജീവിതത്തെ ബാധിച്ചെന്ന് ചാർമിള നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് ചാർമിളയുടെ ജീവിതത്തിലുണ്ടായത്.
നടൻ കിഷോർ സത്യയാണ് ആദ്യ ഭർത്താവ്. 1996 ൽ വിവാഹിതരായ ഇരുവരും 1999 ൽ വേർപിരിഞ്ഞു. പിന്നീട് 2006 ൽ രാജേഷ് എന്ന വ്യക്തിയെ ചാർമിള വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനും പിറന്നു. എഞ്ചിനീയറായിരുന്നു രാജേഷ്. 2014 ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്. വിവാഹ മോചനത്തെക്കുറിച്ച് ചാർമിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടാം വിവാഹ ബന്ധം താൻ വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് ചാർമിള പറഞ്ഞു.

രണ്ടാം ഭർത്താവ് രാജേഷ് തന്റെ കസിന്റെ ഭർത്താവായിരുന്നു എന്ന വാർത്ത തെറ്റാണെന്ന് ചാർമിള അന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് എന്റെ ഒരു ബന്ധുവിനെ ഇഷ്ടമായിരുന്നു എന്നത് സത്യമാണ്. എന്നെ കല്യാണം കഴിച്ച് കുട്ടിയൊക്കെ ആയ ശേഷം ഈ ബന്ധു ഇടയ്ക്കിടെ വീട്ടിൽ വരുമെന്നും കാണാൻ പറ്റുമെന്നും ഒരു ബന്ധം തുടങ്ങാൻ പറ്റുമെന്നും അയാൾ കരുതി. പക്ഷെ അതുണ്ടായില്ല. അയാളുടെ കുടുംബം ഹിന്ദു മത വിശ്വാസികളാണ്.
ഒരു ഗ്രാമത്തിലുള്ള കുടുംബം. ഒരു നടിയെ ഗ്രാമവാസികളായ കുടുംബം എങ്ങനെ ഉൾക്കൊള്ളും എന്ന പ്രശ്നമുണ്ട്. കുടുംബത്തെ പറഞ്ഞ് മനസിലാക്കുമെന്ന് അയാൾ പറഞ്ഞു. ചർച്ചിൽ വന്ന് മതം മാറി പേര് ഫെബി രാജേഷ് എന്നാക്കി. അതിന് ശേഷം എന്നെ വിവാഹം ചെയ്തു. അയാളുടെ അച്ഛനും അമ്മയും ഈ ബന്ധത്തെ അംഗീകരിച്ചയുടനെ അയാൾ ആകെ മാറി. എന്നെ ഡൊമിനേറ്റ് ചെയ്തു. വീട് വിൽക്കേണ്ടി വന്നു. മകനെ ഹിന്ദുയിസത്തിലേക്ക് കൊണ്ട് വരാൻ അവർ നിർബന്ധിച്ചു.

എന്റെ മകന് അത് ഇഷ്ടമല്ല. പിരിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. എങ്ങനെ പോയാലും അയാൾക്ക് എന്നോട് ഒറിജിനൽ സ്നേഹമുണ്ടോ എന്ന് അറിയില്ല. വേറെന്തോ പ്രതീക്ഷയിലാണ് എന്നെ വിവാഹം ചെയ്തത്. കുഞ്ഞ് ജനിച്ച ശേഷമാണ് എനിക്കത് മനസിലായത്. അയാളുടെ കുടുംബത്തിന് വേണ്ടി മാറിയാലും അവർക്ക് ഓരോ സംശയങ്ങളുണ്ടാകും. ഹീറോകൾക്കൊപ്പം അഭിനയിക്കുന്നത്. പത്ത് ദിവസത്തോളം പുറത്ത് ഒറ്റയ്ക്ക് ഷൂട്ടിന് പോയി വരുന്നു. അവിടെയെന്താണ് നടക്കുന്നത്. വേറെ ബന്ധമുണ്ടോ എന്നൊക്കെ പല സംശയങ്ങൾ അവർക്കുണ്ടായി.
വിദ്യാഭ്യാസമുള്ളവർക്കും നഗരത്തിൽ ജീവിക്കുന്നവർക്കും ഒരു പരിധി വരെ മനസിലാക്കാനാകും. പക്ഷെ ഗ്രാമത്തിൽ പുരുഷൻമാരോട് സംസാരിക്കുന്നത് തന്നെ തെറ്റാണ്. ഞാൻ ഒരു പുരുഷനെ കെട്ടിപ്പിടിച്ച് സിനിമയിൽ ഡാൻസ് ചെയ്യുന്നത് അവർക്ക് എങ്ങനെ ഉൾക്കൊള്ളാൻ പറ്റുമെന്നും ചാർമിള അന്ന് ചോദിച്ചു. മുമ്പൊരിക്കൽ നടി ഷക്കീലയുമായുള്ള അഭിമുഖത്തിലാണ് ചാർമിള ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications