എന്നെ കാണാൻ ഭംഗിയുണ്ടോയെന്ന് മീര; എന്റെ ജോലിയാണോ അതെന്ന് ഞാൻ; നടിയെക്കുറിച്ച് സിനിമാേട്ടോഗ്രാഫർ പറഞ്ഞത്
മലയാള സിനിമകളിൽ താരറാണിയായി നിലനിൽക്കെയാണ് മീര ജാസ്മിൻ മറുഭാഷകളിലും സജീവ സാന്നിധ്യമറിയിച്ചത്. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സൃഷ്ടിക്കാനായതാണ് മീരയെ ഒരുകാലത്തെ വിലപിടിപ്പുള്ള നായികനടിയായി മാറ്റിയത്. സൂത്രധാരൻ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗ്തത് തുടക്കം കുറിക്കുമ്പോൾ നടിയാകണമെന്ന ആഗ്രഹമൊന്നും മീരയ്ക്കുണ്ടായിരുന്നില്ല. എന്നാൽ മീരയെ സിനിമാലോകം വിട്ടില്ല. ഒന്നിന് പിറകെ ഒന്നായി മീരയെ തേടി അവസരങ്ങൾ വന്നു.
മഞ്ജു വാര്യർക്ക് ശേഷം മറ്റൊരു നടിക്ക് അതേ ജനപ്രീതി മലയാളത്തിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അത് മീര ജാസ്മിനാണ്. അഭിനയിച്ച സിനിമകളിലെല്ലാം തകർപ്പൻ പ്രകടനം നടി കാഴ്ച വെച്ചു. ബഹുമതികളും താരമൂല്യവും ജനപ്രീതിയുമെല്ലാം വേണ്ടുവോളം ലഭിച്ച മീര ജാസ്മിന്റെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു. എന്നാൽ കരിയറിലെ താരത്തിളക്കത്തിലും വിവാദങ്ങളുടെ നടുവിലായിരുന്നു മീര ജാസ്മിൻ.

പ്രമുഖ സംവിധായകൻ കമൽ വരെ മീരയ്ക്കെതിരെ ഒരു ഘട്ടത്തിൽ രംഗത്ത് വന്നു. സെറ്റിൽ വൈകിയെത്തുന്നു, ഇറങ്ങിപ്പോകുന്നു, ദേഷ്യപ്പെടുന്നു തുടങ്ങിയ ആരോപണങ്ങൾ പല ദിക്കിൽ നിന്നും വന്നു. വിവാദങ്ങൾക്കിടെ മലയാള സിനിമാ രംഗത്ത് നിന്നും മീര അകന്ന് തുടങ്ങി. ഏറെക്കാലം മീരയെ പ്രേക്ഷകർ കണ്ടില്ല. പലപ്പോഴും സിനിമാ ലോകത്ത് തെറ്റിദ്ധരിക്കപ്പെട്ട നടി കൂടിയാണ് മീര. തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചവരോട് മാത്രമേ പ്രതികരിച്ചിട്ടുള്ളൂയെന്നും അവരുണ്ടാക്കുന്ന കഥകളാണ് തന്നെക്കുറിച്ച് പ്രചരിക്കുന്നതെന്നും മീര ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
സിനിമാ ലോകത്ത് നിന്നും മാറി നിന്ന മീര തന്റെ വ്യക്തിജീവിതത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകി. ഇടയ്ക്ക് വന്ന് ചില സിനിമകൾ ചെയ്തെങ്കിലും ഇതൊന്നും ശ്രദ്ധക്കപ്പെട്ടില്ല. അതേസമയം ഇനി സിനിമകളിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് മീര ജാസ്മിൻ. ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ നടി ഒരു വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലെ പോലെ തമിഴിലും തെലുങ്കിലും മീരയ്ക്ക് ആരാധകർ ഏറെയാണ്.

തമിഴിൽ നിരവധി ഹിറ്റുകൾ നേരത്തെ നടി സമ്മാനിച്ചിട്ടുണ്ട്. റൺ, സണ്ടക്കോഴി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മീര ജാസ്മിനെക്കുറിച്ച് മുമ്പൊരിക്കൽ റൺ സിനിമയുടെ സിനിമാേട്ടോഗ്രാഫർ ആർതർ വിൽസൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൊതുവെ ഒപ്പം പ്രവർത്തിക്കുന്ന നടീനടൻമാരോട് അമിതമായ സൗഹൃദം തനിക്കില്ലായിരുന്നെന്നാണ് വിൽസൺ പറയുന്നത്. ഒരു ആർട്ടിസ്റ്റിനെയും താൻ ഫോൺവിളിച്ച് സംസാരിക്കില്ല.
കമൽ ഹാസൻ ഉൾപ്പെടെ മിക്ക അഭിനേതാക്കളുമായും പരിചയമുണ്ട്. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് വീട്ടുകാർ വഴക്ക് പറയും. നായികമാരുമായും തീരെ സംസാരിക്കില്ലായിരുന്നെന്നും വിൽസൺ വ്യക്തമാക്കി. മീര ജാസ്മിനൊപ്പമുള്ള അനുഭവവും ആർതർ വിൽസൺ പങ്കുവെച്ചു.
ഒരു തവണ എന്നെ കാണാൻ ഭംഗിയുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഭംഗിയുണ്ടെന്ന് ഞാൻ പറഞ്ഞു. നീ എന്താണ് അതെന്നോട് പറയാത്തതെന്ന് മീര. അതെന്തിനാണ് ഞാൻ പറയുന്നത്, നിന്നെ കാണാൻ ഭംഗിയുണ്ടെന്ന് പറയലാണോ എന്റെ ജോലിയെന്ന് താൻ തിരിച്ച് ചോദിച്ചു. നല്ല പെൺകുട്ടിയാണ് മീരയെന്നും ആർതർ വിൽസൺ വ്യക്തമാക്കി. മീരയും മാധവനും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് റൺ. എൻ ലിംഗുസ്വാമി സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി.


Click it and Unblock the Notifications