രൺബീർ എന്നും എനിക്ക് സ്പെഷ്യൽ; പിരിഞ്ഞിട്ടും വെറുപ്പില്ലാതെ ദീപിക
ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു. 2007ൽ ഒരേ ദിവസം, വ്യത്യസ്ത ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഇരുവരും, അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. 2008ൽ ബച്ച്നാ ഏ ഹസീനോ എന്ന ചിത്രത്തിന്റെ സെറ്റുകളിലാണ് വച്ചാണ് ഇവരുടെ പ്രണയകഥ പ്രചാരം നേടിയത്. പിന്നീട് വേർപിരിഞ്ഞ ഇരുവരും ഇന്ന് സന്തുഷ്ടമായ വിവാഹ ജീവിതങ്ങൾ നയിക്കുകയാണെങ്കിലും, രൺബീർ കപൂർ തനിക്കെന്നും സ്പെഷ്യൽ ആയിരിക്കുമെന്ന് ദീപിക പദുകോൺ ഒരിക്കൽ പറഞ്ഞിരുന്നു.
രൺബീർ എന്നും സ്പെഷ്യൽ; വെറുപ്പില്ലാതെ ദീപിക
രൺബീർ കപൂറും ദീപിക പദുകോണും സിനിമ വ്യവസായത്തിൽ പുതുമുഖങ്ങളായിരുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. ദീപികയുടെ ആദ്യ ചിത്രം ഓം ശാന്തി ഓമും, രൺബീർ ആദ്യമായി അഭിനയിച്ച സാവരിയ എന്ന ചിത്രവും, തീയറ്ററിൽ എത്തിയത് ഒരേ ദിവസമായിരുന്നു. പിന്നീട് ഒരുമിച്ച് അഭിനയിച്ചു തുടങ്ങിയപ്പോൾ, ആദ്യം ഇരുവരും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം പ്രണയമായി മാറി. മറ്റ് ബോളിവുഡ് ജോഡികളെ പോലെ തങ്ങളുടെ ബന്ധം ഒളിപ്പിച്ചു വയ്ക്കാൻ രൺബീറും ദീപികയും ശ്രമിച്ചിരുന്നില്ല. അന്നൊക്കെ, ഒന്നിച്ചാണ് ഇരുവരും പല പരിപാടികളിലും എത്തിയിരുന്നത്.

എന്നാൽ ഈ പ്രണയകഥ അധികനാൾ നീണ്ടുനിന്നില്ല. 2009ൽ, തങ്ങളുടെ ബന്ധം പരസ്യമാക്കി ഒരു വർഷത്തിനുള്ളിൽ, ദീപിക പദുകോണും രൺബീർ കപൂറും വേർപിരിഞ്ഞു. ഈ ബ്രേക്ക് അപ്പ് വലിയ വാർത്തയാകുകയും ഇരുവരുടെയും ആരാധകരെ നിരാശരാക്കുകയും ചെയ്തു. പിന്നീട്, ഈ സമയത്ത് താൻ വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചതായും ദീപിക തുറന്നുപറഞ്ഞു. രൺബീർ തന്നെ ചതിക്കുകയായിരുന്നു എന്ന് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വച്ച് നടി സ്ഥിരീകരിച്ചിരുന്നു. ഇത് നടനെതിരെ വലിയ സോഷ്യൽ മീഡിയ ആക്രമണത്തിന് കാര്യമായി.
പക്ഷെ, പിന്നീട് വേർപിരിഞ്ഞതിന് ശേഷവും ഇരുവരും തുടർന്ന് വന്ന പക്വമായ സമീപനം എല്ലാവരെയും അത്ഭുതപ്പെടുത്തി. പരസ്പരം വൈരാഗ്യം വച്ച് പുലർത്തുന്നതിന് പകരം, അവർ 2013ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം യേ ജവാനി ഹേ ദീവാനി, 2015ൽ ഇറങ്ങിയ തമാശ എന്നീ ചിത്രങ്ങളിൽ വീണ്ടും ഒരുമിച്ച് നായികാ-നായകന്മാരായി അഭിനയിച്ചു. ഈ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.

ഇതിനിടെ,റെഡിഫുമായുള്ള ഒരു അഭിമുഖത്തിൽ, അയൻ മുഖർജിയുടെ യേ ജവാനി ഹേ ദീവാനി എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ രൺബീറിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുമ്പോൾ നടനുമായുള്ള തന്റെ ബന്ധം എത്രത്തോളം മാറിയെന്ന് ദീപിക തുറന്നു പറഞ്ഞിരുന്നു."ഞങ്ങൾ ഇന്ന് വളരെ കംഫർട്ടബിൾ ആയ ഒരു അവസ്ഥയിലാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ്. രൺബീർ കപൂർ എന്നും എനിക്ക് വളരെ സ്പെഷ്യൽ ആയ വ്യക്തിയും സുഹൃത്തും ആയിരിക്കും. അത് ഞങ്ങൾ ഒരിക്കൽ പങ്കുവച്ച ബന്ധം കാരണമല്ല, മറിച്ച് അദ്ധേഹത്തിന്റെ വ്യക്തിത്വം കൊണ്ടാണ്," ദീപിക പറഞ്ഞു.
ദീപികയുടെയും രൺബീറിന്റെയും ജീവിതം ഇന്ന്
രൺബീർ കപൂറുമായി വേർപിരിഞ്ഞ് കുറച്ചു കാലം കഴിഞ്ഞ് ദീപിക പദുകോൺ രാം ലീലായിൽ തന്റെ നായകനായി അഭിനയിച്ച രൺവീർ സിംഗുമായി പ്രണയത്തിലായി. 2018ൽ വിവാഹിതരായ ഇരുവർക്കും ഇന്ന് ദുവ പദുകോൺ സിംഗ് എന്നൊരു മകൾ ഉണ്ട്. രൺബീർ കപൂറാവട്ടെ, ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, തന്റെ നായികയായ ആലിയ ഭട്ടിനെ പ്രണയിക്കുകയും, വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് രാഹ കപൂർ എന്നൊരു മകളാണ് ഉള്ളത്. ആലിയയും ദീപികയും ഇന്ന് നല്ല സുഹൃത്തക്കൾ കൂടിയാണ്.


Click it and Unblock the Notifications











