രണ്ട് ആൺമക്കളുണ്ട് പക്ഷെ...; ധനുഷ് കുടുംബ ജീവിതത്തിൽ ആഗ്രഹിച്ചത്; ചർച്ചയായി വാക്കുകൾ
തമിഴകത്തെ സൂപ്പർതാരമായ ധനുഷ് ഇന്ന് കരിയറിലെ ഏറ്റവും മികച്ച സമയത്താണ്. ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിക്കാനായ ധനുഷിന് തമിഴ് നടൻ എന്ന ലേബലിനപ്പുറം ഇന്ത്യയൊട്ടുക്കും ആരാധകരെ സൃഷ്ടിക്കാനായി. പതിവ് നായക സങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽ പറത്തി മെലിഞ്ഞ ശരീരവുമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ധനുഷിന് നിരവധി അവസരങ്ങൾ ലഭിച്ചു. നടന്റെ പിതാവ് കസ്തൂരി രാജ തമിഴകത്തെ പ്രമുഖ സംവിധായകനും നിർമാതാവുമാണ്.
സഹോദരൻ സെൽവരാഘവനും ഇതിനകം നിരവധി സിനിമകൾ സംവിധാനം ചെയ്തു. കുടുംബത്തിന്റെ പിന്തുണയോടെയാണ് ധനുഷ് കരിയറിൽ നിലയുറപ്പിക്കുന്നത്. ആദ്യ ചിത്രം തുള്ളുവതോ ഇളമൈ സംവിധാനം ചെയ്തത് പിതാവ് കസ്തൂരി രാജയാണ്. രണ്ടാമത്തെ ചിത്രം കാതൽ കൊണ്ടെയ്ൻ സംവിധാനം ചെയ്തത് സഹോദരൻ സെൽവരാഘവനും. പൊതുവെ നായകൻമാരെക്കുറിച്ചുള്ള രൂപ സങ്കൽപ്പങ്ങൾക്ക് പുറത്ത് നിൽക്കുന്ന നടനായതിനാൽ ധനുഷിന് വേണ്ടത്ര സ്വീകാര്യത തുടക്ക കാലത്ത് ലഭിച്ചില്ല.
തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് മുമ്പ് നടൻ തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനപ്പുറം വ്യക്തി ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ് ധനുഷ് ഇന്ന്. 17 വർഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിച്ച ധനുഷ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഐശ്വര്യ രജിനികാന്തുമായി ധനുഷ് വേർപിരിഞ്ഞത് ആരാധരെയും നിരാശരാക്കി. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നൽകിയത് ഐശ്വര്യ രജിനികാന്ത് ആയിരുന്നു. ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനവും ചെയ്തു.

യാത്ര രാജ്, ലിംഗ രാജ് എന്നീ രണ്ട് ആൺമക്കളാണ് ധനുഷിനും ഐശ്വര്യക്കും പിറന്നത്. വിവാഹമോചനം നേടിയെങ്കിലും കുട്ടികളുടെ കാര്യങ്ങൾക്ക് രണ്ട് പേരും ഒരുമിച്ച് എത്താറുണ്ട്. താര ദമ്പതികൾ വേർപിരിഞ്ഞതിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ധനുഷ് കരിയറിലേക്ക് മാത്രം ശ്രദ്ധ കൊടുത്തതാണ് ബന്ധം തകരാൻ കാരണമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ധനുഷ് തന്റെ കുടുംബത്തെക്കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചേട്ടൻ സെൽവരാഘവന്റെ മകൾ ലീലാവതിയെ സ്വന്തം മകളെ പോലെ കാണുന്നെന്നാണ് ധനുഷ് പറഞ്ഞത്. തനിക്ക് ഒരു പെൺകുട്ടി ഇല്ലാത്തതിനെക്കുറിച്ചും അന്ന് താരം സംസാരിച്ചു. എനിക്കൊരു പെൺകുഞ്ഞ് ഇല്ലാത്തതിൽ വിഷമം ഉണ്ട്. എന്റെ രണ്ട് ആൺമക്കളെയും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഒരു പെൺകുട്ടി ഉണ്ടെങ്കിലേ വീടിന് പൂർണത വരൂ. അതിനാൽ ചേട്ടന്റെ മകൾ ലീലാവതിയെ താൻ സ്വന്തം മകളെ പോലെയാണ് കാണുന്നതെന്നും അന്ന് ധനുഷ് വ്യക്തമാക്കി.

സെൽവരാഘവൻ-ഗീതാഞ്ജലി ദമ്പതികളുടെ മൂത്ത മകളാണ് ലീലാവതി. ഓംകാർ, ഋഷികേശ് എന്നീ രണ്ട് ആൺമക്കളും ഇവർക്കുണ്ട്. സെൽവരാഘവന്റെ മയക്കം എന്ന എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഗീതാഞ്ജലി. ഇവർ പിന്നീട് പ്രണയത്തിലാകുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു.
നടി സോണിയ അഗർവാളായിരുന്നു സെൽവരാഘവന്റെ ആദ്യ ഭാര്യ. മൂന്ന് സിനിമകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ സോണിയയും സെൽവരാഘവനും പിരിഞ്ഞു. വർഷങ്ങൾക്കിപ്പുറം ഇദ്ദേഹത്തിന്റെ അനുജൻ ധനുഷും ഐശ്വര്യയും വിവാഹബന്ധം വേണ്ടെന്ന് വെച്ചു.
ഐശ്വര്യ രജിനികാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ തമിഴ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജ്യമാണെന്നാണ് വിവരം.
വാത്തി, നാനേ വരുവേൻ, തിരുച്ചിത്രമ്പലം എന്നിവയാണ് ധനുഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ധനുഷിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications